ഫെയ്സ്ബുക്കിൽ ആഷിക്കിന്റെ ചുട്ട മറുപടി

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ പിന്തുണച്ച് രാഷ്ട്രീയ–സാമൂഹികരംഗത്തുള്ള നിരവധിപേർ രംഗത്തെത്തി കഴിഞ്ഞു. സംവിധായകൻ ആഷിക് അബു ഫെയ്സ്ബുക്കിൽ നിരന്തര പ്രതികരണവുമായി രംഗത്തുണ്ട്.

ആഷിക്കിന്റെ ഈ നിലപാടിനെ ചോദ്യം ചെയ്ത് ഒരാൾ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ ഇപ്രകാരം കുറിച്ചു. ‘താങ്കൾ ഒന്നുകിൽ സിനിമ അല്ലെങ്കിൽ രാഷ്ട്രീയം, ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കൂ. അല്ലാതെ രണ്ടും കൂട്ടി യോജിപ്പിക്കരുത്.

സിനിമാതാരങ്ങളിൽ നിങ്ങൾ മാത്രമാണ് ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. താങ്കൾ ഇനിയും വളരാനുണ്ട്. നിങ്ങളെപോലുള്ളവര്‍ രാഷ്ട്രീയത്തിൽ വന്നാൽ ആളുകളെ തമ്മിലടിപ്പിക്കുകയേ ഒള്ളൂ. ഒരു കോമൺ സെൻസുമില്ലാത്ത ബോധമില്ലാത്ത രാഷ്ട്രീയക്കാരാനാണ് താൻ. ഇതായിരുന്നു വിമർശകൻ എഴുതിയത്.

എന്നാൽ ഇതിന് കുറിക്കുകൊള്ളുന്ന മറുപടി തന്നെ ആഷിക് പറഞ്ഞു. ‘ഇതൊരു ഉത്തരവാണോ? സിനിമയും രാഷ്ട്രീയവും കൂട്ടികലർത്തണോ വേണ്ടയോ എന്നുള്ളത് എന്റെ സ്വകാര്യത. എന്റെ ഭാവിയെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ട. ആളുകളെ ഭരിക്കാൻ വരരുത്. ഇതാണ് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നെ വിധിക്കാൻ നിങ്ങൾക്ക് എന്തവകാശം ?ആളുകളുടെ മുന്നിൽ ശ്രദ്ധനേടാനാണ് താങ്കള്‍ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾ എന്റെ ശ്രദ്ധനേടികഴിഞ്ഞു.’ ആഷിക്ക് പറഞ്ഞു.