ഒരിക്കൽക്കൂടി ജാസിർ ദിലീപിനെ കണ്ടു; മാറിമറിഞ്ഞത് ജീവിതം

ജാസിർ നടൻ ദിലീപിനോടൊപ്പം ജുമൈറയിലെ വിരുന്നിൽ

ചെറിയൊരു റോ‍ഡപകടത്തിന്റെ രൂപത്തിലാണ് ജാസിറിനരികിൽ സൗഭാഗ്യം വന്നണഞ്ഞത്. ജോലിക്കിടെ സംഭവിച്ച അപകടം. അത് വേദനയ്ക്കിടയിലും ഏറെ സന്തോഷം കൊണ്ടുവന്നു. മനസിൽ ഏറെയിഷ്ടം സൂക്ഷിച്ചിരുന്ന ജനപ്രിയ നടൻ ദിലീപിനെ പരിചയപ്പെടാൻ സാധിച്ചു, ഒന്നിച്ച് ഭക്ഷണം കഴിച്ചു, പുതിയ ജോലിക്ക് അവസരമൊരുങ്ങി.. അങ്ങനെ പോകുന്ന സന്തോഷ വർത്തമാനങ്ങൾ.

ഇൗ മാസം ഒൻപതിനായിരുന്നു വടകര പള്ളിത്തായ സ്വദേശി ജാസിർ എന്ന കഫ്റ്റീരിയ ഡെലിവറി ബോയിയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. ദുബായ് മുഹൈസിന മൂന്നിലായിരുന്നു സംഭവം. ഖിസൈസ് മൂന്നിലെ കഫ്റ്റീരിയയിൽ നിന്ന് ഭക്ഷണം എത്തിച്ച് മടങ്ങുമ്പോൾ ജാസിർ സഞ്ചരിച്ച മോട്ടോർബൈക്കിൽ റൗണ്ട് എബൗട്ടിനടുത്ത് ഫോർവീലർ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോവുകയും ജാസിർ ബൈക്കിനടിയിൽപ്പെടുകയും ചെയ്തു.

സാരമായ പരുക്കേറ്റില്ലെങ്കിലും ശരീരവേദന കാരണം എണീക്കാൻ സാധിച്ചില്ല. ഒന്നു രണ്ട് വാഹനങ്ങൾ കണ്ടിട്ട് നിർത്താതെ പോയി. പെട്ടെന്നാണ് വെളുത്ത ലാൻഡ് ക്രൂസർ വന്നു തൊട്ടടുത്ത് നിന്നത്. അതിൽ നിന്ന് ഇറങ്ങിയയാളെ കണ്ട് ജാസിർ അമ്പരന്നു–സാക്ഷാൽ ദിലീപ്. തന്റെ ഇഷ്ടനടനെ കണ്ടതോടെ ജാസിറിന്റെ പകുതി വേദന അകന്നു. ദിലീപും കൂടെയുണ്ടായിരുന്ന സുഹൃത്ത് നസീറും ചേർന്ന് ജാസിറിനെ പിടിച്ചെണീൽപ്പിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്ന്, പൊലീസിനെ വിളിച്ചതും ദിലീപ് തന്നെ.

മനോരമ ഇൗ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സഹജീവിക്ക് വേണ്ടി മനുഷ്യനെന്ന നിലയിൽ തന്റെ കർത്തവ്യം നിർവഹിച്ചു എന്നായിരുന്നു ദിലീപിന്റെ വാക്കുകൾ. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം കിങ് ലിയറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറേ നാളുകളായി ദിലീപ് ദുബായിലായിരുന്നു.

മനോരമ ഒാൺലൈൻ വഴി വാർത്തയറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ജാസിറിന് ഫോൺകോളുകളുടെ പ്രവാഹമുണ്ടായി. ദിലീപിന്റെ ഉറ്റ സുഹൃത്ത് നടനും സംവിധായകനുമായ നാദിർഷായാണ് തുടർന്ന് ആദ്യമായി ജാസിറിനെ സന്ദർശിച്ചത്. ഉടൻ ദിലീപിനെ കാണാൻ അവസരമൊരുങ്ങുമെന്ന് നാദിർഷ അറിയിച്ചു. യുഎഇയിൽ നിന്നും ഒട്ടേറെ പേർ കാണാനെത്തി. പിന്നീട്, ജുമൈറയിൽ നടന്ന വിരുന്നിലേയ്ക്ക് ക്ഷണിക്കപ്പെടുകയും ദിലീപിനോടൊപ്പം ഏറെ സമയം ചെലവഴിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. മതിവരുവോളം ഒന്നിച്ച് ഫൊട്ടോ എടുത്തു.

വാടക വീട്ടിൽ താമസിക്കുന്ന ജാസിറിന്റെ പിതാവ് നേരത്തെ മരിച്ചു. മാതാവും വിവാഹമോചിതയായ സഹോദരിയുടെയും ഏക ആശ്രയമാണ് തുച്ഛവരുമാനത്തിന് ജോലി ചെയ്യുന്ന ഇൗ 23കാരൻ. ജോലിയുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞ ജിലീപ് അന്ന് മറ്റൊരു വിശേഷം കൂടി കൈമാറി–ദുബായിലെ ഒരു വ്യവസായി ജാസിറിന് നല്ലൊരു ജോലി നൽകും. ഇപ്പോൾ ലണ്ടനിലുള്ള അദ്ദേഹം ഉടൻ ദുബായിലെത്തിയാൽ അനന്തര നടപടികൾ പൂർത്തീകരിച്ച് ജാസിറിന് ജോലിയിൽ പ്രവേശിക്കാം. ജീവൻ രക്ഷിച്ചയാളോട് നന്ദി പറയാൻ മാത്രം ആഗ്രഹിച്ച ജാസിർ ഇപ്പോൾ തന്റെ ജീവിതം തന്നെ മാറ്റിമറിച്ച പ്രിയ നടനോട് പറഞ്ഞാലും തീരാത്ത കടപ്പാട് കാത്തുസൂക്ഷിക്കുന്നു.