ജിഷ്ണൂ, ഇത്രയും വേണ്ടിയിരുന്നില്ല

ജിഷ്ണൂ, നീ ഇപ്പോൾ മരിക്കേണ്ടവനായിരുന്നില്ല. ഇനിയും ഒരുപാടു കാലം ഈ ലോകത്ത് ജീവിച്ച് വെള്ളിത്തിരയിൽ കൈയൊപ്പ് പതിപ്പിക്കേണ്ടവനായിരുന്നു. ഓരോ പ്രാവശ്യവും നീ നൽകിക്കൊണ്ടിരുന്ന ആത്മവിശ്വസം ഒട്ടൊന്നുമല്ല ഞങ്ങളെ സന്തോഷിപ്പിച്ചിരുന്നത്. ഞങ്ങളുടെ പലരുടേയും ആത്മവിശ്വാസം കൂടി വർധിപ്പിക്കുന്നതായിരുന്നു ഒരോ പ്രവശ്യവും ഫെയ്സ് ബുക്ക് വഴി നീ നൽകിക്കൊണ്ടിരുന്ന പോസ്റ്റുകൾ.

ഐസിയുവിൽ കിടന്നു വരെ പ്രേക്ഷകർക്കു വേണ്ടി, നിന്റെ ആരാധകർക്കു വേണ്ടി നീ കുറിപ്പുകളെഴുതി. പോസിറ്റീവായി ചിന്തിക്കാനും എപ്പോഴും ചിരിച്ചു കൊണ്ടിരിക്കാനും നീ പറഞ്ഞു. അപ്പോഴേക്കും ആശുപത്രിയിലെ ഐസിയു നിന്റെ രണ്ടാമത്തെ വീടായി മാറിക്കഴിഞ്ഞിരുന്നു. അവിടെ ഒരുപാട് തമാശകൾക്കിടയിൽ നീ ജീവിച്ചു. ഡോക്ടർ നിന്റെ അടുക്കലെത്തിയപ്പോൾ നീ മയക്കത്തിലായിരുന്നു. ഉണർന്നു നീ നിറഞ്ഞ ചിരിയോടെ അദ്ദേഹത്തെ സ്വീകരിച്ചു. നിന്നെ പരിചരിക്കാനെത്തുന്ന നഴ്സുമാരെ നീ ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തു. അസഹനീയമായ വേദനകൾക്കിടയിലും നീ ആരാധകർക്കായി എഴുതിയ ഈ കുറിപ്പ് ഞങ്ങളിൽ കുറച്ചൊന്നുമല്ല നിന്നെക്കുറിച്ചുള്ള പ്രതീക്ഷകളുണർത്തിയത്.

രോഗത്തെ സധൈര്യം നേരിട്ട, പൊരുതി തോൽപ്പിക്കുമെന്ന് ഉറച്ച് വിശ്വസിച്ച ജിഷ്ണൂ, നിനക്ക് എങ്ങനെ സാധിച്ചു ഇത്ര പെട്ടെന്ന് മരണത്തെ വരിക്കാൻ. ആത്മവിശ്വാസം കൊണ്ട് രോഗത്തെ തോൽപിച്ച നിരവധി പേർ നമുക്കു ചുറ്റുമുള്ളപ്പോൾ അവരുടെ വിശ്വാസം ഒന്നുമല്ലെന്ന് അറിയിക്കാനാണോ, അതോ അവർക്ക് വീണ്ടും ധൈര്യം നൽകാനാണോ നീ ഇപ്പോൾ ഇത്ര ധൃതിപ്പെട്ട് പോയത്? അതോ ഇവിടെ നീ ചെയ്തു തീർക്കേണ്ട കർമങ്ങൾ അവസാനിച്ചുവെന്ന് സ്വയമങ്ങ് തീരുമാനിച്ചോ?

എന്തായിരുന്നാലും ജിഷ്ണു നീ ഇത്ര പെട്ടെന്ന് പോകേണ്ടി ഇരുന്നില്ല. ആരാധകർക്കിടയിൽ നീ എന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യും.