രഞ്ജിത്തിനെതിരെ വിമർശനം

നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇനി മുതൽ തങ്ങൾ ചെയ്യുന്ന സിനിമയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ ഉണ്ടാകില്ലെന്ന നിലപാടുമായി പ‍ൃഥ്വിരാജും ആഷിക്ക് അബുവും രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ അപഹസിച്ച് സംവിധായകന്‍ രഞ്ജിത്ത് എത്തിയത് വിവാദത്തിന് ഇടയാക്കി.

ഈയിടെ നടിയ്ക്കുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പുതിയ നിലപാടെടുത്ത സിനിമാക്കാർക്കെതിരെ പരിഹാസരൂപേണയുള്ള ലേഖനമാണ് രഞ്ജിത് ഒരു മാധ്യമത്തിൽ എഴുതിയത്. അതിൽ ഒരു ഭാഗം ഇങ്ങനെ-'കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ' എന്ന സ്പിരിറ്റിലെ സംഭാഷണത്തെ ' ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു, എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു' എന്ന് തിരുത്തിയെഴുതുന്നുവെന്നായിരുന്നു രഞ്ജിത്തിന്റെ പ്രസ്താവന. രഞ്ജിത്തിന്റെ പ്രസ്താവനയ്ക്കെതിരെ സിനിമാക്കാരും പ്രതികരണവുമായി എത്തി.

എം എ നിഷാദ്

രഞ്ജിത്ത് നിങ്ങൾ മാടമ്പി സംസ്കാരത്തിന്റെ കുഴലൂത്തുകാരനോ ?...മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ രഞ്ജിത്ത്..എന്റെ സുഹൃത്തുകൂടിയാണ്...

പക്ഷെ പറയുന്ന കാര്യങ്ങളിൽ ചിലത് ദഹിക്കില്ല, പ്രതികരിച്ച് പോകും...തിരുത്തലുകളുണ്ടാക്കാൻ സിനിമാ മേഘല ഒന്നായി ശ്രമിക്കുമ്പോൾ, കടുത്ത സ്ത്രീവിരുദ്ധതയിലൂന്നി ഇനിയും ബലാൽസംഘം ചെയ്യണമെന്ന് ആവർത്തിച്ചു പറയുകയാണോ? പത്രകുറിപ്പിലൂടെ താങ്കളുടെ നിലപാടുകൾ കണ്ട് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല...

കൈയ്യടി കിട്ടുന്നത് നല്ലതാ...പക്ഷെ ഇത്തരം പ്രസ്താവനകളിൽ കിട്ടുന്നത് മനോവൈകല്യമുളളവരുടെ കൈയ്യടിയാണ്...മറ്റുളളവരുടെ വേദനകളിൽ സന്തോഷം കണ്ടെത്തുന്നവരുടെ കൈയ്യടി....

പരിഹാസം,പുച്ഛം, ജാഢ...ഇതെല്ലാം എല്ലാവർക്കും അണിയാൻ പറ്റുന്ന ആവരണമാണ്....

സനല്‍കുമാര്‍ ശശിധരന്‍

ആ ഡയഗോലുകളൊന്നും കഥാപാത്രങ്ങളുടേതല്ലെന്നും സംവിധായകരുടെ ഉള്ളിൽ ഉറഞ്ഞുകിടക്കുന്ന മാടമ്പിത്തരത്തിന്റേയാണെന്നും മനസിലാക്കാൻ ഈ ഒരൊറ്റ വരി മതി.“ലേഖനകർത്താവിന്റെ ഭാര്യാപിതാവ് അന്തരിച്ചുപോയ...” തനിക്കിഷ്ടമില്ലാത്തത് പറഞ്ഞാൽ തന്തക്ക് ( പറ്റിയില്ലെങ്കിൽ ഭാര്യാപിതാവിനെയെങ്കിലും) വിളിക്കുമെന്നുള്ള ഒരുതരം ചൊറിച്ചിലുണ്ടല്ലോ അതിൽ നിന്നാണ് ഇത്തരം ഡയലോഗുകളും പിറക്കുന്നത്. താരങ്ങൾ തിരുത്തിയാൽ മാത്രം കാര്യമില്ല തിരുത്തേണ്ടത് സംവിധായകരും രചയിതാക്കളും തന്നെയാണ്. പക്ഷേ നിരൂപകരെ തന്തക്ക് വിളിക്കുമെങ്കിലും താരങ്ങൾ വരച്ച വരയ്ക്കപ്പുറം പോകാൻ ഇത്തിരി പുളിക്കും ഈ വീമ്പുകാർക്ക്. അതുകൊണ്ട് താരങ്ങൾ തിരുത്തിയാലും മതി. സംഗതി കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്.