സിഐഡി മൂസ, എനിക്കിഷ്ടപ്പെട്ട ദിലീപ് ചിത്രം: അടൂർ

മികച്ച സംവിധായകർ പുതുതായി ഉണ്ടാകുന്നുണ്ടെങ്കിലും അവർക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അടൂരിന്റെ പിന്നെയും എന്ന പുതിയ സിനിമയുടെ പ്രചാരണാർഥം തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവിധായകൻ സുദേവന്റെ സിആർ നമ്പർ 89 സിനിമ നല്ല സിനിമയായിരുന്നു. പുതിയ സംവിധായകർക്ക് സർക്കാരിന്റെയും വിതരണക്കാരുടേയും മാധ്യമങ്ങളുടേയും ഭാഗത്തുനിന്ന് സഹായം ഉണ്ടാകണം. എൻ എഫ് ഡി സി യിൽ ഫൈവ് സ്റ്റാർ സംസ്കാരമുള്ള ഉദ്യോഗസ്ഥരാണ്. അവർ നല്ല സിനിമയ്ക്കായി ഒന്നും ചെയ്യുന്നില്ല.

ഡിജിറ്റൽ ഫോർമാറ്റിൽ പടം എടുക്കാൻ തനിക്ക് ആദ്യം ഭയമായിരുന്നെന്ന് അടൂർ പറഞ്ഞു. പിന്നീട് അതിനെക്കുറിച്ച് പഠിച്ചു. ഫിലിമിന്റെ സങ്കീർണത ഡിജിറ്റലിൽ ഇല്ല. ഈ സിനിമയുടെ സെൻസറിങിലും ഭയം ഉണ്ടായിരുന്നു. എന്നാൽ, പടം അവർക്ക് ഇഷ്ടപെട്ടു. സാറിന്റെ മികച്ച സിനിമയാണിതെന്നാണ് അവർ പറഞ്ഞത്. ബോക്സ് ഓഫീസിലും ഇതു വിജയമാകുമെന്ന് അവർ പറഞ്ഞു.

ദീർഘനാൾ സിനിമ ചെയ്യാതിരുന്നപ്പോൾ സിനിമ മതിയാക്കിയോ, സ്റ്റോക്ക് തീർന്നോ എന്നായിരുന്നു പലരുടേയും ചോദ്യമെന്ന് അടൂർ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു -ഇതാ വരുന്നു പിന്നെയും. എല്ലാവരുടേയും ജീവിതത്തിൽ ഒരു പിന്നെയും കാണുമല്ലോ. എന്റെ സിനിമയ്ക്ക് ആദ്യമായാണ് വൈഡ് റിലീസ് . പല സിനിമകളും വേണ്ടത്ര പ്രചാരണമില്ലാത്തതിനാൽ ജനങ്ങളിൽ എത്താതെ പോയിട്ടുണ്ട്. നമ്മുടെ നാട്ടിൽ ആദ്യമേ തീരുമാനിക്കും ഇത് അവാർഡ് സിനിമയാണ് ഈ പടം ഓടില്ല. പകരം ഏതെങ്കിലും വഷളായ തമിഴ് സിനിമയായിരിക്കും തിയേറ്ററുകാർ കാണിക്കുക .വൈഡ് റിലീസിന്റെ പതിവ് സങ്കൽപം തിരുത്തുന്ന സിനിമയായിരിക്കും പിന്നെയും.നടനോ നടിയോ അല്ല നല്ല സിനിമയാണോ എന്നതാണ് പ്രധാനം അടൂർ പറഞ്ഞു.

ദിലീപിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സി ഐ ഡി മൂസയാണെന്നും കോമഡി സിനിമകൾ തനിക്ക് ഏറെ ഇഷ്ടമാണെന്നും അടൂർ കൂട്ടിച്ചേർത്തു. അടൂർ സാറിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും ജനങ്ങളുടെ പ്രതീക്ഷകൾ നിലനിർത്താൻ കഴിയുന്ന സിനിമയായിരിക്കും ഇത് - നടി കാവ്യ മാധവൻ പറഞ്ഞു.

അടൂരിന്റെ വ്യത്യസ്ഥ സിനിമയായിരിക്കും പിന്നെയുമെന്ന് നടൻ ദിലീപ് പറഞ്ഞു. അടൂർ സാറിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. സിനിമയെക്കുറിച്ച് നൂറ് ശതമാനം ധാരണയുള്ളയാളാണ് അടൂരെന്നും ഇത് അഭിനയം അനായാസമാക്കിയെന്നും-ദിലീപ് പറഞ്ഞു

കെ പി എ സി ലളിത, മഞ്ജു പിള്ള, കുക്കു പരമേശ്വരൻ, നിർമ്മാതാവ് ബേബി മാത്യു സോമതീരം എന്നിവർ പങ്കെടുത്തു.