വിനീത് ശ്രീനിവാസന്‍; 2015ന്റെ ഓള്‍ റൗണ്ടര്‍

വിനീത് ശ്രീനിവാസന്‍

2015 പൃഥ്വിരാജിന്‍റെയും നിവിന്‍ പോളിയുടെയും വര്‍ഷമായിട്ടാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2015 ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റായ വടക്കന്‍ സെല്‍ഫിയിലൂടെയാണ് നിവിന്‍ അക്കൗണ്ട് തുറന്നത്. മേയ് അവസാനവാരം പുറത്തിറങ്ങിയ പ്രേമത്തിന്‍റെ അവിശ്വസനീയമായ വിജയത്തിലൂടെ പോളിയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നു. 2015ന്‍റെ രണ്ടാം പകുതിയിലാണ് പൃഥ്വിരാജ് കളം പിടിച്ചത്. മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ ഹാട്രിക്ക് വിജയത്തോടെ രാജു 2015 തന്‍റെ പേരിലാക്കി.

എന്നാല്‍ 2015ലെ ഓള്‍ റൗണ്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ അത് പോളിയും രാജുവും ഒന്നുമല്ല വിനീത് ശ്രീനിവാസന്‍ ആണെന്ന് പറയേണ്ടി വരും. നായകന്‍, തിരക്കഥാകൃത്ത്, ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ വിനീത് തിളങ്ങിയ വര്‍ഷമാണിത്.

രണ്ടു പതിറ്റാണ്ടോളം മലയാള സിനിമയില്‍ അസിസ്റ്റന്‍റും അസോസിയേറ്റും ചീഫ് അസോസിയേറ്റുമൊക്കെയായി പ്രവര്‍ത്തിച്ച ജി. പ്രജിത്തിനു വടക്കന്‍ സെല്‍ഫിയിലൂടെ സ്വതന്ത്ര സംവിധായകനാകാന്‍ വഴിയൊരുക്കിയതും വിനീതാണ്. വിനീത് തിരക്കഥയെഴുതിയ ചിത്രം 2015ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റായി. വിനീത് എഴുതിയ ചിത്രത്തിലെ ‘എന്നെ തല്ലേണ്ടാമ്മാവാ’, ‘ചെന്നൈ പട്ടണം’, ‘കൈകോട്ടും കണ്ടിട്ടില്ല’ എന്നീ ഗാനങ്ങളും ഹിറ്റായി. ചിത്രത്തില്‍ തരക്കേടില്ലാത്ത ഒരു റോളിലും വിനീത് സാന്നിധ്യം അറിയിച്ചു.

നവാഗതരായ ജെക്സണ്‍ ആന്‍റണിയും റെജീസ് ആന്‍റണിയും ചേര്‍ന്നൊരുക്കിയ ഒരു സെക്കന്‍റ് ക്ലാസ് യാത്രയില്‍ നായകവേഷത്തിലാണ് വിനീത് എത്തിയത്. പറയത്തക്ക താരനിര ഇല്ലാതെ എത്തിയ ചിത്രത്തില്‍ വിനീതിന്‍റെ മാര്‍ക്കറ്റ് വാല്യൂ ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. ഹരി നാരായണന്‍റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കി വിനീത് ആലപിച്ച ‘അമ്പാഴം തണലുള്ള ഇടവഴിയില്‍’ എന്ന ഗാനം പോയ വര്‍ഷത്തെ മികച്ച മെലഡികളില്‍ ഒന്നായി.

ട്രെയിലര്‍ ഇല്ലാതെ പുറത്തിറങ്ങിയ പ്രേമം കാണാന്‍ യുവാക്കളെ തിയറ്ററുകളിലേക്ക് ആകര്‍ഷിച്ചത് ചിത്രത്തിലെ ഗാനങ്ങളാണ്. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുകേശന്‍ ഈണമിട്ട ‘ആലുവ പുഴയുടെ തീരത്ത്’ ശ്രോതാക്കളുടെ ചെവികളില്‍ എത്തിയതും വിനീതിന്‍റെ ശബ്ദത്തിലൂടെയാണ്. തമിഴില്‍ ധനുഷ് ചിത്രം മാരിയില്‍ ‘ഒരുവിധ ആസൈ’ എന്ന ജാസ് നമ്പറും വിനീതിന്‍റെ ശബ്ദത്തില്‍ പിറന്നു. അനാര്‍ക്കലിയിലെ ‘ആ ഒരുത്തി അവള്‍ ഒരുത്തി’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.

നവാഗതനായ ബേസില്‍ ജോസഫിന്‍റെ കുഞ്ഞിരാമായമണവും പോയ വര്‍ഷത്തെ ഹിറ്റുകളില്‍ ഇടം പിടിച്ചു. ചിത്രത്തില്‍ ടെറ്റില്‍ വേഷത്തിലാണ് വിനീത് എത്തിയത്. സഹോദരന്‍ ധ്യാനുമായി ആദ്യമായി സ്ക്രീന്‍ പങ്കിട്ടു എന്ന പ്രത്യേകതയും ഉണ്ട്. ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ധ്യാനിന്‍റെ ‘അടി കപ്യാരെ കൂട്ടമണി’ ഹിറ്റിലേക്ക് കുതിക്കുന്നതോടെ 2015 ശ്രീനി സഹോദരങ്ങളുടെ വിജയ വര്‍ഷമാകുകയാണ്.

2015ല്‍ വിനീത് കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ ചിത്രങ്ങളെല്ലാം നവാഗതരായ സംവിധായകരുടേതാണെന്ന പ്രത്യേകതയും ഉണ്ട്. വിനീത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ജേക്കബിന്‍റെ സ്വര്‍ഗരാജ്യം 2016ല്‍ പ്രദര്‍ശനത്തിനെത്തും. തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും.