മോഷ്ടിക്കപ്പെട്ട ‘അനാർക്കലി’

സച്ചി(ഇടത്)

ഒറ്റക്കടലാസ് പോലും ബാക്കിയില്ലാതെ നഷ്ടപ്പെട്ട തിരക്കഥയുടെ തിരിച്ചുവരവിൽ നിന്നാണു സച്ചി ആദ്യ സംവിധാന സംരംഭം സിനിമയാക്കുന്നത്– ‘അനാർക്കലി’. കൊച്ചിയിൽ റോഡരികിൽ നിർത്തിയ കാറിൽനിന്നു ബാഗടക്കം മോഷ്ടിക്കപ്പെട്ടപ്പോൾ അതിൽ സച്ചിക്ക് ഏറ്റവും വിലപിടിപ്പുള്ളതു പൂർത്തിയാക്കിയ തിരക്കഥയായിരുന്നു. പകർപ്പെടുത്തു വയ്ക്കാത്ത തിരക്കഥയാണു കള്ളൻ കൊണ്ടുപോയത്. ദുഃഖത്തോടെയിരിക്കുമ്പോഴാണു തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനിൽ നിന്നൊരു ഫോൺ വരുന്നത്. തിരക്കഥയൊഴികെ എല്ലാമെടുത്തു ഉപേക്ഷിച്ച ബാഗ് ബസ് കണ്ടക്ടർ പൊലീസിനെ ഏൽപിച്ചിരുന്നു. തിരക്കഥയ്ക്കൊപ്പം കിട്ടിയ ഡോക്ടറുടെ കുറിപ്പടിയിൽ കണ്ട നമ്പറെടുത്തു പൊലീസ് വിളിച്ചു. അങ്ങനെ തിരിച്ചുകിട്ടിയ തിരക്കഥയാണ്, തിരകളുടെ തീരത്തുവച്ചു സച്ചി സിനിമയാക്കിയത്.

ഗാനരചനയിൽ നിന്നു നിർമാണ വേഷത്തിലെത്തിയ രാജീവ് നായരാണ് മാജിക് മൂൺ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ‘അനാർക്കലി’ എടുത്തത്. ലക്ഷദ്വീപിന്റെ ആസ്ഥാനമായ കവരത്തി ദ്വീപിൽ ചിത്രീകരിക്കുന്ന ആദ്യ മലയാളം സിനിമയാണ് ‘അനാർക്കലി’. ദശകങ്ങൾക്കു മുൻപു മിനിക്കോയ് ദ്വീപിൽ രാമു കാര്യാട്ട് ‘ദ്വീപ്’ ചിത്രീകരിച്ചിരുന്നു. കൊട്ടകയില്ലാത്ത നാടാണു ലക്ഷദ്വീപ്. ആകെ ഏഴു കിലോമീറ്റർ ചുറ്റളവ്. ജനസംഖ്യ പതിമൂവായിരത്തോളം മാത്രം. സിനിമ കാണാൻ കൊച്ചിയിലേക്കു കപ്പൽ കയറി വരുന്നവരുടെ നാട്ടിലേക്ക്, കൊച്ചിയിൽനിന്ന് ഒരു കപ്പൽ ‘താരങ്ങളുമായി’ സിനിമാസംഘം പോവുകയായിരുന്നു. നൂറിലേറെപ്പേരടങ്ങിയ ചിത്രീകരണസംഘം അൻപതു ദിവസത്തോളം നീണ്ട ചിത്രീകരണത്തിനായി കടൽ കടന്നു ചെന്നപ്പോൾ, സ്നേഹത്തിന്റെ തിരയേറ്റത്തോടെ ദ്വീപുകാർ സ്വീകരിച്ചു. പ്രമുഖ താരങ്ങളെയടക്കം വീടുകളിൽ താമസിപ്പിച്ചു. ഹോട്ടൽ സൗകര്യങ്ങൾ കുറവായ ദ്വീപിൽ വീടുകളും അപൂർവം ചില ഗസ്റ്റ് ഹൗസുകളുമൊക്കെയായിരുന്നു ആശ്രയം.

സേതുവിനൊപ്പം ചോക്ലേറ്റ്, റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ് എന്നീ സിനിമകളും ഒറ്റയ്ക്കു റൺ ബേബി റൺ, ചേട്ടായീസ് എന്നീ തിരക്കഥകളുമെഴുതിയ സച്ചി കുറേ വർഷത്തെ തയാറെടുപ്പിനുശേഷം സംവിധാനം ചെയ്തതാണ് ‘അനാർക്കലി’.

ആഴക്കടൽ മുങ്ങലിൽ പരിശീലനം നൽകുന്ന ശന്തനുവായി പൃഥ്വിരാജ് പ്രധാന വേഷമിടുന്നു. 11 വർഷത്തിനുശേഷം ദ്വീപിൽവച്ചു കണ്ടുമുട്ടുന്ന സക്കറിയ എന്ന സുഹൃത്താണു ബിജു മേനോൻ. മലയാളത്തോടൊപ്പം കന്നടയും തെലുങ്കുമൊക്കെ ചുവയ്ക്കുന്ന ഇസരി എന്ന ലക്ഷദ്വീപ് ഭാഷയോടെ ഒരു കഥാപാത്രം ചിത്രത്തിലുണ്ട്; സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ആറ്റക്കോയ.

മാപ്പിളപ്പാട്ടുകളുടെ തേൻമഴയുമായി ദ്വീപിലെത്തുന്ന ഗായകനായി ജയരാജ് വാരിയരുമുണ്ട്. കബീർ ബേദി, അരുൺ, മികച്ച നടനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് സുദേവ് നായർ, പ്രിയാൽ ഗോർ, മിയ ജോർജ്, സംസ്കൃതി ഷേണായി തുടങ്ങിയവരാണു മറ്റു താരങ്ങൾ. ശ്യാമപ്രസാദ്, വി.കെ. പ്രകാശ്, മേജർ രവി, മധുപാൽ, രഞ്ജി പണിക്കർ എന്നീ അഞ്ചു സംവിധായകർ അഭിനയിക്കുന്നു. സുജിത് വാസുദേവിന്റെ ക്യാമറയാണ്. അജയ മങ്ങാടിന്റേതാണു കലാസംവിധാനം. കൊച്ചി, ഹൈദരാബാദ്, ലക്നൗ, ഡൽഹി എന്നിവിടങ്ങളിലും ചിത്രീകരിച്ച ‘അനാർക്കലി’യിൽ രാജീവ് നായർ എഴുതി വിദ്യാസാഗർ ഈണമിട്ട ആറു ഗാനങ്ങളുണ്ട്.

ഓർഡിനറി, ട്രിവാൻഡ്രം ലോഡ്ജ്, 3 ഡോട്സ്, പെരുച്ചാഴി, ചേട്ടായീസ്, പിക്കറ്റ് 43, മധുരനാരങ്ങ, ലോഹം തുടങ്ങിയ ചിത്രങ്ങളിലെ ഗാനരചയിതാവാണു രാജീവ് നായർ. രാജീവ് ആദ്യം നിർമിച്ച ചിത്രം ‘ഓർഡിനറി’.