തിരക്കഥ മോശമെന്ന് പ്രതാപ് പോത്തൻ; മറുപടിയുമായി അഞ്ജലി മേനോൻ

തിരക്കഥ ഇഷ്ടപ്പെടാത്തതിനാലാണ് ദുല്‍ഖര്‍ ചിത്രം ഉപേക്ഷിക്കേണ്ടി വന്നതെന്ന പ്രതാപ് പോത്തന്റെ ആരോപണത്തിനു മറുപടിയുമായി അഞ്ജലി മേനോൻ. ഇത് വലിയൊരു ചർച്ചയാക്കി മാറ്റാൻ ആഗ്രഹിക്കുന്നില്ല. ഇത്തരം ദുരാരോപണങ്ങളോട് പ്രതികരിച്ച്‌ അതിനെ മഹത്വവത്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അഞ്ജലി മേനോൻ പറഞ്ഞു.

തനിക്ക് ഉള്‍ക്കൊള്ളാനാകാത്ത തിരക്കഥയില്‍ സിനിമ ചെയ്യാനില്ലെന്നായിരുന്നു പ്രതാപ് പോത്തന്റെ വിമർശനം. തിരക്കഥ ഇഷ്ടപ്പെട്ടില്ല. പണത്തിന് വേണ്ടി ഒരിക്കലും സിനിമ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ‌ഉദ്ദേശിച്ചിരുന്ന രീതിയിലല്ല കഥയും ക്ലൈമാക്സും വന്നത്. അതു തിരുത്താതെ മുന്നോട്ടു പോകാനാവില്ലെന്നായിരുന്നു പ്രതാപ് പോത്തന്റെ നിലപാട്.

20 വര്‍ഷത്തിന് ശേഷം പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരുന്നു ഇത്. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം വരുന്ന അഞ്ജലീ മേനോൻ തിരക്കഥ എന്ന നിലയിൽ പ്രേക്ഷകരും വലിയ പ്രതീക്ഷയിലായിരുന്നു. പെട്ടെന്നാണ് ഈ സിനിമ ഉപേക്ഷിക്കുകയാണെന്നു പ്രതാപ് പോത്തൻ വ്യക്തമാക്കിയത്. അഞ്ജലി മേനോന്റെ തിരക്കഥ മോശം ആണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമാവുകയും ചെയ്തു