അനുപമയുടെ തെലുങ്ക് പ്രസംഗം കേട്ട് ആരാധകര്‍ ഞെട്ടി

ജോസഫേ കുട്ടിക്ക് ഇംഗ്ലീഷ് മാത്രമല്ല തെലുങ്കും അറിയാം. അനുപമയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. പ്രേമത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറിയ അനുപമ ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ നായികമാരില്‍ ഒരാളാണ്. തെലുങ്കിൽ ഒരു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോള്‍ അനുപമ തെലുങ്കിൽ പ്രസംഗിക്കുന്ന വിഡിയോ ആണ് ആരാധകർക്കിടയില്‍ ചർച്ച.

നല്ല മണിമണിയായി കുട്ടി തെലുങ്ക് പറയുന്നു. അനുപമ തന്നെയാണ് ഈ വിഡിയോ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. വിഡിയോ കണ്ട് ഞെട്ടിയിരിയ്ക്കുകയാണ് ആരാധകര്‍.

അനുപമ അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രമായ ശതമാനം ഭവതിയുടെ ഓഡിയോ ലോഞ്ചിനിടെയാണ് അനുപമ തെലുങ്ക് സംസാരിച്ച് സദസ്സിനെ ഞെട്ടിച്ചത്. സതീഷ് വേജസ്‌ന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശർവാനന്ദാണ് നായകനായി എത്തുന്നത്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത അ ആ യാണ് അനുപമയുടെ ആദ്യ തെലുങ്ക് ചിത്രം. പ്രേമത്തിന്റെ തെലുങ്ക് റീമേയ്ക്കിലും നടി അഭിനയിച്ചു. ഇതിനിടെ ധനുഷ് ഇരട്ട വേഷത്തിലെത്തിയ കൊടി എന്ന തമിഴ് ചിത്രത്തില്‍ നായികയായും അനുപമ അഭിനയിച്ചു.