ഏഷ്യാവിഷൻ അവാർഡ്; എന്നു നിന്റെ മൊയ്തീന് 7 പുരസ്കാരങ്ങൾ

ഏഷ്യാവിഷൻ സിനിമാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മൊയ്തീനിന്റെയും കാഞ്ചനയുടെയും അനശ്വരപ്രണയകഥപറഞ്ഞ എന്നു നിന്റെ മൊയ്തീന്‍ ആണ് മികച്ച ചിത്രം. മികച്ച നടനായി ഈ ചിത്രത്തിലൂടെ പൃഥ്വിരാജിനെയും നടിയായ പാർവതിയെയും സംവിധായകനായി ആർ എസ് വിമലിനെയും തിരഞ്ഞെടുത്തു. ഏഴ് അവാർഡുകളാണ് വിവിധ വിഭാഗത്തിൽ ചിത്രത്തിന് ലഭിച്ചത്.

മികച്ച സാമൂഹികപ്രതിബദ്ധതയുളള ചിത്രമായി മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി തിരഞ്ഞെടുത്തു. മികച്ച നിരൂപകപ്രശംസ നേടിയ ചിത്രവും പത്തേമാരി തന്നെ. കലാമൂല്യമുള്ള ചിത്രമായി ഒരാൾപൊക്കവും ജനപ്രിയ ചിത്രമായി പ്രേമവും മികച്ച എന്റർടെയ്നർ ചിത്രമായി അമർ അക്ബർ അന്തോണിയെയും തിരഞ്ഞെടുത്തു.

മാൻ ഓഫ് ദ് ഇയർ പുരസ്കാരം നിവിൻ പോളിക്കാണ്. രാജേഷ് പിള്ള ഒരുക്കിയ മിലിയിലെ അഭിനയത്തിന് അമല പോൾ ഔട്സ്റ്റാൻഡിങ് പെർഫോമർ പുരസ്കാരത്തിന് അർഹയായി. മികച്ച സഹനടൻ ടൊവീനോ. സ്വഭാവനടൻ അജുവർഗീസ്. സെൻസേഷണൽ ആക്ടിങ് വിഭാഗത്തിൽ സായി പല്ലവിയും നീരജ് മാധവും പുരസ്കാരത്തിന് അർഹരായി. മികച്ച പുതുമുഖം ജുവൽ മേരി. മികച്ച തിരക്കഥ എന്നു നിന്റെ മൊയ്തീൻ.

മികച്ച ഛായാഗ്രഹണം–ജോമോൻ ടി ജോൺ( എന്നു നിന്റെ മൊയ്തീൻ), മികച്ച സംഗീതഞ്ജൻ–ബിജിപാൽ. പശ്ചാത്തലസംഗീതം–ഗോപിസുന്ദർ. മികച്ച ഗായകൻ–വിനീത് ശ്രീനിവാസൻ. ഗായിക–സുജാത മോഹൻ.

സിനിമയിലെ 50 വർഷത്തെ സമഗ്രസംഭാവനപുരസ്കാരം ഗായകൻ കെ.ജെ യേശുദാസിനാണ്. ലൈഫ്ടൈം അച്ചീവ്മെന്റ് വിഭാഗത്തിൽ നെടുമുടി വേണുവിനും കെ.ജി ജോർജിനും പുരസ്കാരമുണ്ട്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ ജി. പ്രജിത്ത് മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരത്തിന് അർഹനായി.