ബച്ചനൊരാഗ്രഹം ഈ താരത്തോടൊപ്പം അഭിനയിക്കണം

അമിതാഭ് ബച്ചനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിക്കാത്ത സിനിമാതാരങ്ങളില്ല. എന്നാൽ ഒരു താരത്തിനൊപ്പം അഭിനയിക്കണമെന്ന് അമിതാഭ് ബച്ചൻ ആഗ്രഹം പ്രകടിപ്പിച്ച വാർത്തയാണ് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത്. ആഗ്രഹം പ്രകടിപ്പിക്കുക മാത്രമല്ല, നവാസുദീൻ സിദ്ദീഖിയോടൊപ്പം അഭിനയിക്കാനാകുന്ന ഒരു ചിത്രമൊരുക്കാൻ തിരക്കഥാകൃത്ത് സുജയ് ഘോഷിനോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നും വെള്ളിത്തിരയെ വിസ്മയിപ്പിച്ച താരമാണ് ബോളിവുഡൻറെ ക്ഷുഭിതയൗവ്വനം അമിതാഭ് ബച്ചൻ. ഹോളിവുഡ് താരങ്ങൾ മുതൽ പ്രാദേശികതാരങ്ങൾ വരെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട് ബിഗ് ബി യോടൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ. പക്ഷേ, ബോളിവുഡിൽ സഹനടനായി മിന്നിത്തിളങ്ങുന്ന നവാസുദീൻ സിദ്ദീഖിക്കൊപ്പം അഭിനയിക്കാനാണ് ബച്ചൻ ആഗ്രഹിച്ചത്. ആഗ്രഹം തിരക്കഥാകൃത്ത് സുജയ് ഘോഷിനെ അറിയിച്ചു. അങ്ങനെ ചിത്രം ഒരുങ്ങി.

കഥ സുജയ് ഘോഷ്, സംവിധാനം വിഭു പുരി, ചിത്രത്തിൻറെ പേരിലും വിസ്മയമുണ്ട്. കേരള എന്ന പേരിലായിരിക്കും ചിത്രം തീയറ്ററുകളിലെത്തുന്നത്. കേരള പശ്ചാത്തലത്തിലാണ് സിനിമയെന്നാണ് സൂചനയെങ്കിലും ചിത്രീകരണത്തിൻറെ ആദ്യഘട്ടം കൊൽത്തയിലാണ്. അതേസമയം, അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് നവാസുദീൻ സിദ്ദിഖി പറഞ്ഞു. ഈ വർഷത്തെ മികച്ച ഹിറ്റ് സിനിമകളായ ബജ്രംഗി ബായ്ജാൻ, മാഞ്ചി ദ മൗണ്ടൻ മാൻ എന്നീ ചിത്രങ്ങളിൽ മികച്ച റോളുകളായിരുന്നു നവാസുദീൻ സിദ്ദിഖിയുടേത്.