‘തട്ടിപ്പ്’ പൊലീസ് സ്റ്റേഷനിൽ ബിജു മേനോൻ !

മുട്ടം പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങിനായി വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ എന്ന ബോർഡ് സ്ഥാപിച്ചപ്പോൾ

മുട്ടം പൊലീസ് സ്റ്റേഷനെയും സിനിമയിലെടുത്തു. എന്നാൽ പേരുമാറ്റി വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനായാണ് മുട്ടം പൊലീസ് സ്റ്റേഷൻ സിനിമയിൽ കഥാപാത്രമാകുക. ഇന്നലെ രാവിലെ മുട്ടം സ്റ്റേഷനുമുന്നിൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ എന്ന ബോർഡ് കണ്ടപ്പോൾ മുട്ടത്തുള്ളവർ അന്തംവിട്ടു. കേട്ടവരൊക്കെ അമ്പരന്നു സ്റ്റേഷനു മുന്നിലെത്തി. പെട്ടെന്നാണ് സിനിമാ ഷൂട്ടിങ്ങിന്റെ വാഹനം ഇവിടെ എത്തിയത്. അതോടെ ആവേശമായി.

ബിജു മേനോൻ നായകനായ ജോസ് തോമസിന്റെ ‘വെള്ളക്കടുവ’യുടെ ചിത്രീകരണമാണു മുട്ടത്തു നടന്നത്. ഇതിൽ ഒരു സീൻ മാത്രമാണ് മുട്ടം പൊലീസ് സ്റ്റേഷനിൽ എടുത്തത്. സാധാരണ സെറ്റിട്ടാണു സിനിമയിലെ പൊലീസ് സ്റ്റേഷനുകൾ ചിത്രീകരിക്കുന്നതെങ്കിലും കൂടുതൽ സ്വാഭാവികതയ്ക്കാണു മുട്ടം പൊലീസ് സ്റ്റേഷൻ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനായി മാറിയത്. ചിത്രത്തിൽ മുഖ്യകഥാപാത്രമായി ഇന്നസെന്റ് എത്തുന്നുണ്ട്. ബാബു ജനാർദനന്റേതാണ് തിരക്കഥ. കോടീശ്വരനായ സ്വർണക്കടയുടമയുടെ ഡ്രൈവറും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായാണുബിജു മേനോൻ അഭിനയിക്കുന്നത്.

പറ്റിച്ചു പണം സമ്പാദിക്കുന്ന നായകന്റെ കഥ പറയുകയാണ് ബിജു ഈ സിനിമയിലൂടെ. തൃശൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി എന്നീ സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങളാണു കഥയിൽ പറയുന്നതെങ്കിലും പൂർണമായും തൊടുപുഴയിലാണ് ഇതിന്റെ ചിത്രീകരണം. ഇനിയ, പൂജിത, സ്വാസിക, സുധീർ കരമന, സുരേഷ്‌കൃഷ്ണ, ഹരീഷ്, ബൈജു എന്നിവർ മുഖ്യകഥാപാത്രങ്ങളായി രംഗത്തെത്തുന്നുണ്ട്. ബിജുമേനോൻ വെള്ളിമൂങ്ങയിലൂടെ തട്ടിപ്പുകാരനായ രാഷ്ട്രീയക്കാരന്റെ കഥയാണ് പറഞ്ഞത്. വീണ്ടും തൊടുപുഴയിലെത്തിയതു മറ്റൊരു തട്ടിപ്പുമുഖവുമായാണ്.