രാജേഷ് പിള്ളയുടെ വിടവാങ്ങൽ; കണ്ണീരോടെ സിനിമാലോകം

കാമറയ്ക്ക് മുന്നിലും പിന്നിലും നിൽക്കുന്നവർക്ക് സുഹൃത്തും വഴികാട്ടിയുമൊക്കെയായിരുന്നു രാജേഷ് പിള്ള. അടുക്കുന്ന ആരോടും പരിഭവങ്ങളില്ലാതെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന അപൂർവ വ്യക്തിത്വത്തിനുടമ. രാജേഷിന്റെ വിടവാങ്ങൽ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്.

കല്‍പനയും ഷാന്‍ ജോണ്‍സണും ടി എന്‍ ഗോപകുമാറും ഒഎൻവിയും രാജാമണിയും ആനന്ദക്കുട്ടനും യാത്രയായ ലോകത്തേക്ക് മലയാളികളെ തനിച്ചാക്കി രാജേഷ് പിള്ളയും യാത്രയായി. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഈ വേര്‍പാടുകളുടെ നഷ്ടം നികത്താന്‍ കഴിയാത്തതാണ്.

റഹ്മാൻ

ജീവിതത്തിന്റെ ട്രാഫിക് പോസ്റ്റിൽ പെട്ടെന്നൊരു റെഡ് സിഗ്നൽ.രാജേഷ് പിള്ളയുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ ആദ്യം മനസ്സിലെത്തിയത് ഈ ചുവപ്പു സിഗ്നലാണ്. അതി വേഗത്തിൽ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്ന ഒരു യുവ പ്രതിഭ അങ്ങനെ യാത്ര അവസാനിപ്പിച്ചു മടങ്ങുന്നു.

മോഹൻലാലിനും ജൂനിയർ എൻടിആറിനുമൊപ്പം അഭിനയിക്കുന്ന ‘ജനതാ ഗാരേജ്’ എന്ന തെലുങ്കു ചിത്രത്തിന്റെ ഹൈദരാബാദിലെ ലൊക്കേഷനിലാണ് ഞാൻ. രാജേഷ് പിള്ള മരിച്ചുവെന്നും മരിച്ചില്ലെന്നുമുള്ള വാർത്തകൾ ഫോണിൽ വന്നുകൊണ്ടിരുന്നപ്പോൾ മനസ്സിൽ പ്രാർഥിക്കുകയായിരുന്നു. ഒന്നും സംഭവിച്ചിട്ടുണ്ടാവരുതേ...മരണ വാർത്ത സത്യമായിരിക്കരുതേ... ജീവിതത്തിലേക്ക് കൂടുതൽ വേഗത്തിൽ രാജേഷ് മടങ്ങി വരണേ...

പക്ഷേ, ഞങ്ങളുടെ പ്രാർഥനകൾ വെറുതെയായി എന്ന് ഇപ്പോൾ കേൾക്കുന്നു. താൻ എന്നു വിളിച്ചുപറയുന്നതായിരുന്നു രാജേഷിന്റെ ചിന്തകൾ. ആ ചിന്തകളൊക്കെ രാജേഷിന്റെ സിനിമകളിലൂടെ നമ്മോടു ഇനിയും സംസാരിച്ചുകൊണ്ടിരിക്കും. അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തേ...വിട...

ഷൈൻ ടോം ചാക്കോ

ക്യാമറയുടെ പിന്നിൽ നിൻനിരുന്ന എന്നെ കുറച്ചു നേരത്തേക്ക് എങ്കിലും ക്യാമറയുടെ മുന്നിലേക്ക്‌ ആദ്യമായി എത്തിച്ച എന്‍റെ പ്രിയ സുഹൃത്തേ.... നീ അന്ന് കാണിച്ച സാഹസമാണ് എന്നെ ഇന്ന് ഒരു നടനാക്കായിയത് എന്ന് കരുതുന്നു... ആ നീ ഇന്ന് ഒരു വാക്ക് പോലും പറയാതെ യാത്രയായി, നിൻ‍റെ പുതിയ ലോകത്തിലെ "വേട്ട ' ക്കായി... നിൻ മായാത്ത ഓർമ്മകൾ "ഹൃദയത്തിൽ സൂക്ഷിക്കുന്നു '....

മോഹൻ സംവിധായകൻ

ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു പിടിയോർമ്മകൾ തന്ന് കടന്നു പോയ പ്രിയ സുഹൃത്തിന് പ്രണാമം!

വിനയൻ

ആദരാൻജലികൾ.... മലയാളസിനിമയുടെ ഗതിതന്നെ മാറ്റിക്കുറിച്ച "ട്രാഫിക് " എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ രാജേഷ് പിള്ള അകാലത്തിൽ നമ്മേ വിട്ടു പിരിഞ്ഞിരിക്കുന്നു...ഇന്നത്തേ നവ സിനിമയുടെ തുടക്കക്കാരൻ എന്നു രാജേഷിനേ വിളിക്കാം...ശാരീരീകമായ അവശതകൾ എല്ലാം അവഗണിച്ചുകൊണ്ട് തൻടെ അവസാനത്തെ കലാസ്രഷ്ടിക്കു വേണ്ടി സ്വയം അർപ്പിക്കപ്പെടുകയായിരുന്നു... രാജേഷ് ...

മരണം മലയാളസിനിമയിലെ പ്രിയപ്പെട്ടവരായ പലരേയും അടുത്തകാലത്ത് വിളിച്ചുകൊണ്ട് പോയിക്കഴിഞ്ഞു.. സ്ഥലകാലബോധമില്ലാത്ത മരണത്തേ അംഗീകരിക്കാതെ തരമില്ലല്ലോ.... പ്രിയ രാജേഷിന് ആദരാഞ്ജലികൾ...