വേറിട്ടൊരു ചാർലി

കാത്തിരിപ്പിന്റെ പ്രണയത്തിനു ഒരു സുഖമുണ്ട്. എങ്കിലും അഭ്രപാളികളിൽ കാണുന്ന പ്രണയം കാത്തിരിപ്പിന്റേതു മാത്രമായാൽ കാണുന്നവർ ബോറടിച്ചു തുടങ്ങും. കാത്തിരിക്കുന്ന പ്രണയത്തിന്റെ കഥകൾ കണ്ട സമീപകാല മലയാള സിനിമ പ്രേക്ഷകനു മുൻപിലേക്കു പ്രണയത്തിന്റെ (ഒരിക്കലും കാണാത്ത ഒരാളോടു തോന്നിയ കൗതുകത്തിനെ പ്രണയമെന്നു വിളിക്കാമെങ്കിൽ) മറ്റൊരു കഥ പുതുമയോടെ അവതരിപ്പിക്കുകയായിരുന്നു സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും തിരക്കഥാകൃത്ത് ഉണ്ണി ആറും ചാർലിയിലൂടെ...

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്ന ടെസ യാദൃശ്ചികമായാണു താൻ താമസിച്ചിരുന്ന മുറി അലങ്കോലപ്പെടുത്തി മുൻപ് അവിടെ താമസിച്ചിരുന്നയാളെ കുറിച്ചറിയുന്നത്. അവന്റെ ചിട്ട ഇല്ലായ്മകളും വിചിത്ര സ്വഭാവവും ആദ്യം അലോസരമായി തോന്നിയെങ്കിലും പിന്നീടു അവൾ അവനെക്കുറിച്ചു കൂടുതൽ അറിയുവാൻ താൽപര്യപ്പെടുന്നു. ടെസ്സയ്ക്കു ചാർലിയോടുള്ള പ്രണയമാണു കഥാതന്തു എന്നു പ്രേക്ഷകനു വേണമെങ്കിൽ വ്യാഖ്യാനിക്കാം. പക്ഷേ പ്രണയത്തിലുപരി യാത്രയിലുടനീളം നിരവധി വ്യക്തികളും അവരുടെ ജീവിതവും സിനിമയ്ക്കു വിഷയമാകുന്നു. അവയിലെല്ലാം ഒരു നന്മയുടെ തുണ്ടും തിരക്കഥാകൃത്തുക്കൾ ചേർത്തു വയ്ക്കുന്നു.

സിനിമയുടെ തിരക്കഥ മാർട്ടിൻ പ്രക്കാട്ടും ഉണ്ണി ആറും ചേർന്ന് ഏകദേശം ഒരു വർഷത്തോളം സമയമെടുത്താണ് പൂർത്തീകരിച്ചത്. ചെറുകഥകൾ എഴുതി വായനക്കാരെ ഒരു സങ്കൽപ്പലോകത്തേക്കു കൊണ്ടുപോയിട്ടുള്ള ഉണ്ണി ആറിന്റെ കരവിരുത് തിരക്കഥയിലുണ്ട്. സംവിധായകൻ മാർട്ടിൻ അദ്ദേഹത്തിന്റെ കഴിഞ്ഞ സിനിമയായ എബിസിഡിയിൽ നിന്നും ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു. കഥാപാത്രങ്ങളുടെ വേഷവിധാനം ഉൾപ്പെടെ ഓരോ കാര്യങ്ങളിലും ഏറെ ശ്രദ്ധയും വിശദമായ പഠനവും നടത്തിയാണ് സിനിമ എടുത്തിരിക്കുന്നത്.

പലതരം ആളുകൾ, അനവധി ലൊക്കേഷനുകൾ എല്ലാം ചേർന്നപ്പോൾ സിനിമയുടെ ഷെഡ്യൂൾ തന്നെ ദൈർഘ്യമുള്ളതായി. ഇത്രയും വിശദമായി പൂരം ചിത്രീകരിച്ച മലയാള സിനിമകൾ വിരളം. എല്ലാത്തിനുമൊടുവിൽ ‘ ചാർലി’ ക്രിസ്മസ് റിലീസ് ചിത്രങ്ങളിൽ കളക്ഷനിൽ മുന്നേറുമ്പോൾ പ്രയത്നങ്ങൾക്കുള്ള മികച്ച പ്രതിഫലമാണത്: ഒപ്പം ചാർലിയുടെ മനസിന്റെ നന്മയും.