സ്വപ്നങ്ങളുടെ റോഷ്നി

ഒരു വനിതാ സംവിധായികയുടെ കന്നിച്ചിത്രത്തിന് 75 അംഗ ക്രൂ നേരെ പോർച്ചുഗലിലെ ലിസ്ബനിലേക്ക്. 45 ദിവസത്തെ ചിത്രീകരണം. പൃഥ്വിരാജും പാർവതിയും നായികാനായകന്മാർ. ഇന്ത്യൻ സിനിമയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ധർ അണിയറയിൽ. റോഷ്നി ദിനകർ എന്ന സംവിധായിക സിനിമ സ്വപ്നം കാണുന്ന പെൺകുട്ടികൾക്കെല്ലാം പ്രചോദനമാണ്.

പതിനാലു വർഷം കന്നഡ, തമിഴ്, തെലുങ്കു സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായിരുന്നു റോഷ്നി. സിനിമയിലെ എഴുത്തും സംവിധാനവും തനിക്കു വഴങ്ങുമെന്ന് ആദ്യമൊക്കെ റോഷ്നി കരുതിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് കൂട്ടുകാരി ന്യൂയോർക്കിൽ സിനിമ പഠിച്ച അഭിജാത ഉമേഷ് റോഷ്നിയോട് ഒരു കഥ പറയുന്നത്. ആ കഥ റോഷ്നി എഴുതി പൃഥ്വിരാജിനോടു പറഞ്ഞു. പൃഥ്വിക്കു കഥയിഷ്ടപ്പെട്ടു. എങ്കിലും മറ്റൊരു കഥയുടെ സാധ്യത കൂടി തേടി. ശങ്കർ രാമകൃഷ്ണനെ പരിചയപ്പെട്ടു. ആ കൂടിക്കാഴ്ചയിലൊരു കഥയുണ്ടായി. ആ കഥയാണു റോഷ്നിയുടെ പുതിയ സിനിമ – മൈ സ്റ്റോറി.

∙ ലിസ്ബൻ: ഇന്ത്യൻ സിനിമയിൽത്തന്നെ അധികം എക്സ്പ്ലോർ ചെയ്യപ്പെടാത്ത യൂറോപ്പിലെ മനോഹരമായ നഗരമായതുകൊണ്ടാണു ലിസ്ബൻ തിരഞ്ഞെടുത്തത്. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ഷാറൂഖ് ഖാന്റെ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. നമ്മുടെ ഭക്ഷണവുമായി വളരെ സാമ്യമുണ്ടു പോർച്ചുഗലിന്റെ രുചികൾക്ക്. പ്രത്യേകിച്ച് കോഴിക്കോടൻ മധുരം പലതും അവിടെയുണ്ട്.

∙ സ്ത്രീ: ഏതെങ്കിലുമൊരു മേഖലയിൽ കടന്നു വരാൻ സ്ത്രീകൾക്കു തടസ്സമുണ്ടെന്ന് ഇപ്പോൾ പറയുന്നത് ഒരു എക്സ്ക്യൂസ് മാത്രമാണ്. ടാലന്റ് ഉണ്ടെങ്കിൽ പുതിയകാലത്ത് അവസരങ്ങൾക്ക് ഒരു തടസ്സവുമില്ല. ഒരു സുഹൃത്ത് മുഖേനയാണു ഞാൻ പൃഥ്വിരാജിനെ കണ്ടതും കഥപറഞ്ഞതും. പൃഥ്വി ഒരു നല്ല അഭിനേതാവ് മാത്രമല്ല, ടെക്നീഷ്യൻ കൂടിയാണ്.

∙ മൈ സ്റ്റോറി: സിനിമയുടെ പേര് വളരെ യാദൃച്ഛികമായി ലിസ്ബനിൽനിന്നു കണ്ടെത്തിയതാണ്. ലൊക്കേഷൻ നോക്കാൻ പോയപ്പോൾ ശങ്കർ രാമകൃഷ്ണൻ താമസിച്ച ഹോട്ടലിന്റെ പേരാണത്. സിനിമയുടെ പേര് ശങ്കർ ഹോട്ടലിലെ ലെറ്റർപാഡിൽ എഴുതി അയച്ചപ്പോൾ പൃഥ്വിക്ക് ഇഷ്ടപ്പെട്ടതു ഹോട്ടലിന്റെ പേരായിരുന്നു. സിനിമയുമായി അടുത്തുനിൽക്കുന്ന പേരുമായി അത്.

∙ അഭിജാതയുടെ കഥ: ആദ്യം കഥ പറഞ്ഞ എന്റെ കൂട്ടുകാരി അഭിജാത ഉമേഷ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു കഥ എനിക്ക് ഉൾക്കൊണ്ട് എഴുതാനാകുമെന്നു പഠിപ്പിച്ചത് അവളാണ്. ആ കഥ എന്തായാലും ഒരിക്കൽ സിനിമയാക്കും.

∙ നിർമാണം: ഭർത്താവ് ഒ. വി. ദിനകർ. ബിസിനസുകാരനും രാഷ്ട്രീയക്കാരനുമാണ്. സിനിമ നിർമിക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് ആദ്യചിത്രത്തിന്റെ നിർമാണം റോഷ്നി– ദിനകർ പ്രൊഡക്ഷനാണ്.

∙അണിയറ: ഒരു സിനിമ ചെയ്യുമ്പോൾ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരെ അണിനിരത്തണമെന്നു തോന്നി. ചെന്നൈ എക്സ്പ്രസിന്റെ ക്യാമറാമാൻ ഡഡ്‌ലിയാണു സിനിമാട്ടോഗ്രഫർ. അദ്ദേഹത്തിന്റെ തെന്നിന്ത്യയിലെ ആദ്യചിത്രം. പീകെ, ദേവദാസ് എന്നിവയുടെ സൗണ്ട് ഡിസൈനർ വിശ്വദീപ് ചാറ്റർജിയാണ് ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. ഷാൻ റഹ്മാനാണു സംഗീതം.

∙ കുടുംബം: കൂർഗിൽ ജനിച്ചു. ബാംഗ്ലൂരിൽ പഠിച്ചു. പിതാവ് പാലാ രാമപുരം ടോമി മാത്യു. അമ്മയുടെ പേര് ആശാ ടോമി.

സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്

ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്