Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ പെൺമ

sameera-anjali സമീറ, അഞ്ജലി

ബോളിവുഡിലെ ഫാറാ ഖാനെപ്പോലൊരു സൂപ്പർ ഹിറ്റ് സംവിധായിക മലയാളത്തിൽ പിറവിയെടുത്ത വർഷമാണു 2014. അഞ്ജലി മേനോൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് തിയറ്ററുകളെ ഉണർത്തി. പ്രമേയപരമായ പുതുമ, ബന്ധങ്ങളുടെ ഊഷ്മളത, യുവത്വത്തിന്റെ തിളക്കം എന്നിവയെല്ലാം ചേരുംപടി ചേർത്തിണക്കിയ ബാംഗ്ലൂർ ഡേയ്സ് തിയറ്ററുകളിൽനിന്നു കളക്ട് ചെയ്തത് അൻപതു കോടിയിലേറെയാണ്.

മലയാളത്തിൽ ഇതിനു മുൻപും സ്ത്രീകൾ സംവിധായകരായിട്ടുണ്ട്. ഷീലമുതൽ പ്രീതിപണിക്കർവരെയുള്ള സ്ത്രീസംവിധായകരുടെ ചെറുനിരയുണ്ട്. വിജയ നിർമല എന്ന തെലുങ്കുനടിയാണ് മലയാള സിനിമയിലെ ആദ്യസംവിധായിക. ബഷീറിന്റെ ഭാർഗവീനിലയത്തിലെ നായികയായി മലയാളത്തിലെത്തിയ വിജയനിർമല 1973ൽ സംഗമം പിക്ചേഴ്സിന്റെ ബാനറിൽ ‘കവിത’ സംവിധാനം ചെയ്‌തപ്പോൾ നായികയുടെ വേഷവും മറ്റാർക്കും വിട്ടുകൊടുത്തില്ല. എന്നാൽ, ഒരു വനിതാ സംവിധായിക ഇത്ര വലിയ ഹിറ്റൊരുക്കുന്നത് ബാംഗ്ലൂർ ഡേയ്സിലാണ്.

series-3.jpg.image.784.410 ശ്രീബാല, ഊർമിള ഉണ്ണി, ഗീതു

മറുവശത്തു രണ്ടു ദേശീയ അവാർഡുകളുടെ തിളക്കത്തോടെ ഗീതു മോഹൻദാസ് എന്ന സംവിധായികയുമുണ്ട്. കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ ഗീതു 2014ൽ ലയേഴ്സ് ഡൈസ് എന്ന ചിത്രത്തിലൂടെ ദേശീയ അംഗീകാരം നേടി.

മുഖ്യധാരാ സിനിമയിൽ സ്ത്രീകളെ സംവിധാനച്ചുമതല ഏൽപ്പിക്കാൻ നിർമാതാക്കൾ തയാറാവുന്നു. അഞ്ജലി മേനോനെ തുടർന്നു മലയാളത്തിൽ രണ്ടു വനിതാ സംവിധായകരുടെ ചിത്രങ്ങൾകൂടി വന്നു – ശ്രീബാല കെ. മേനോന്റെ ലൗവ് 24–7, പ്രീതി പണിക്കരുടെ തിലോത്തമ. വി. കെ. പ്രകാശിന്റെ റോക്ക് സ്റ്റാറിനു തിരക്കഥയെഴുതിയതു പത്രപ്രവർത്തകയായ രാജശ്രീ ബൽറാം ആണ്.

സിനിമയുടെ പെൺസാന്നിധ്യം നായികയുടെയും നടിമാരുടെയും സൗന്ദര്യം മാത്രമാണെന്ന മുൻധാരണ തിരുത്തിയെഴുതുകയാണിന്ന്. അമ്മ അറിയാൻ എഡിറ്റ് ചെയ്തു രംഗത്തു വന്ന ബീന പോൾ ആണ് മലയാള സിനിമയുടെ സാങ്കേതിക മേഖലയിൽ ശ്രദ്ധേയയായ ആദ്യവനിത. മികച്ച സിനിമാട്ടോഗ്രഫർക്കുള്ള 2009ലെ ദേശീയ പുരസ്കാരം നേടിയത് കുട്ടിസ്രാങ്കിന്റെ ഛായാഗ്രഹണം നിർവഹിച്ച അഞ്ജലി ശുക്ലയാണ്. മലയാളത്തിലെ ഏറ്റവും തിരക്കുള്ള വസ്ത്രാലങ്കാര വിദഗ്ധ സമീറ സനീഷാണ്. ഒരു വർഷം പതിനഞ്ചു സിനിമയ്ക്കുവരെ വസ്ത്രരൂപകൽപന ചെയ്യുന്നു, മുപ്പത്തിരണ്ടുകാരിയായ സമീറ. സാൾട്ട് ആൻഡ് പെപ്പറിലെ സ്കർട്ടും തട്ടത്തിൻ മറയത്തിലെ നായിക ആയിഷയുടെ ചുരിദാർ ഷോളും ഹൗ ഓൾഡ് ആർ യുവിൽ മഞ്ജുവിന്റെ കോട്ടൻ സാരിയും ചാർലിയിൽ ദുൽഖർ സൽമാന്റെ കുർത്തയുമൊക്കെ ട്രെൻ‍ഡായി.

series-4.jpg.image.784.410 അഞ്ജലി ശുക്ല, വിജയ നിർമല, മഞ്ജു വാരിയർ

ലാൽ ജോസ് ഒരുക്കിയ നീനയുടെയും മാർട്ടിൻ പ്രക്കാട്ടിന്റെ ചാർലിയുടെയും കലാസംവിധാനം നടത്തിയതു ജയശ്രീ ലക്ഷ്മീനാരായണൻ എന്ന തമിഴ് വനിതയാണ്. കാറ്റിനൊപ്പം അലയുന്ന ചാർലി എന്ന യുവാവിന്റെ അടുക്കും ചിട്ടയുമില്ലാത്ത മുറിയിൽ ആകാശംവരെ സൃഷ്ടിച്ചു ജയശ്രീ. ഒരു പെൺകുട്ടി കടന്നുവന്നാൽ ഓരോ നിമിഷവും ആകാംക്ഷ ഉണർത്തുന്നൊരു മുറിയിലായിരിക്കണം ചാർലി താമസിക്കുന്നതെന്ന നിർദേശമാണ് സംവിധായകൻ ജയശ്രീക്കു നൽകിയത്.

മലയാളത്തിൽ യുവസംവിധായകർക്ക് അവസരങ്ങളുടെ ചാകര ഒരുക്കിയ ഫ്രൈഡേ ഫിലിംസിന്റെ സാരഥികളിലൊരാൾ നടികൂടിയായ സാന്ദ്ര തോമസാണ്.

സ്ത്രീയെ തേടുന്ന സിനിമ

‘‘വടക്കുനിന്നാണു കാറ്റ് എന്നും ഇങ്ങോട്ടു വന്നിട്ടുള്ളത്. ഹിന്ദിയിലും പിന്നെ തമിഴിലും സ്ത്രീകൾ സംവിധാനരംഗത്തും തിരക്കഥയെഴുത്തിലും സജീവമായി വന്നുകഴിഞ്ഞാണ് മലയാളത്തിൽ ആ ട്രെൻഡ് തുടങ്ങിയത്. എല്ലാ മേഖലയിലും ഇവിടെ അങ്ങനെതന്നെയാണ്.’’ – സംവിധായികയും എഴുത്തുകാരിയുമായ ശ്രീബാല കെ. മേനോൻ പറയുന്നു. പണ്ടൊക്കെ സിനിമ തലയ്ക്കുപിടിച്ചാൽ നേരെ റയിൽവേ സ്റ്റേഷനിൽ പോയി മദ്രാസ് മെയിലിനു കിട്ടുന്ന ഒരു ടിക്കറ്റെടുക്കുകയാണു പോംവഴി. സിനിമയിൽ എത്താ‌ൻ ചെന്നൈയിൽ എത്തണം.

ഇതു രണ്ടും പെൺകുട്ടികൾക്ക് എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല. സിനിമതന്നെ ചെന്നൈയിൽനിന്നു കേരളത്തിലേക്കു വന്നു. സിനിമാരംഗം കുറെക്കൂടി ഓപ്പൺ ആയി. അതും സ്ത്രീകൾ കൂടുതൽ വരാനൊരു കാരണമായി.

Series-1.jpg.image.784.410 ഭാഗ്യലക്ഷ്മി, ബീന പോൾ, ജയശ്രീ

മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും തങ്ങളുടെ ആഗ്രഹം പറഞ്ഞു വിശ്വസിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് അഭിനയരംഗത്തൊഴികെ സ്ത്രീകൾ സിനിമയിൽ സജീവമാകാതെപോയത്. ഷോർട്ട് ഫിലിമുകളും മറ്റും നിർമിക്കാൻ അവസരമുണ്ടായി. ചെയ്ത ഷോർട്ട് ഫിലിമിന്റെ പെൻഡ്രൈവുമായി സംവിധാന സഹായികളാകാനെത്തുന്ന പെൺകുട്ടികളുടെ എണ്ണം പെരുകുന്നു.

നിർമാതാക്കളെ കണ്ടെത്തുന്നതിലും താരങ്ങളെ കഥ പറഞ്ഞു കേൾപ്പിക്കുന്നതിലുമൊന്നും സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലെന്നു ശ്രീബാല പറയുന്നു.

∙നായിക നായകനാവുന്നു

മലയാള സിനിമയിൽ നായകൻ ഒരുകോടിയിലേറെ പ്രതിഫലം വാങ്ങുമ്പോൾ നായിക അഞ്ചു ലക്ഷം രൂപ വാങ്ങിയ കാലമുണ്ടായിരുന്നു. അഞ്ചു വർഷംകൊണ്ടു യുവനായികമാരുടെ പ്രതിഫലം 15–20 ലക്ഷത്തിലെത്തി. മഞ്ജു വാരിയർ തിരിച്ചെത്തിയതോടെ നായികാകേന്ദ്രീകൃതമായ സിനിമയിലേക്കും മലയാള സിനിമ സൂം ചെയ്തു നിൽക്കുന്നു. മുൻനിര നായികമാരുടെ പ്രതിഫലം ഏതാണ്ട് അരക്കോടിയിലെത്തി നിൽക്കുന്നു. നായികയെ ‘നായകനാ’ക്കി സിനിമയെടുത്താലും സാറ്റലൈറ്റ് മൂല്യമുണ്ടെന്നു മഞ്ജു തെളിയിച്ചു.

∙ആടു മേയ്ക്കാൻ ഞങ്ങളും വരട്ടെയോ?

ഷെപ്പേർഡ്സ് സ്റ്റൈൽ! – അഞ്ജലി മേനോൻ തന്റെ ഫിലിം മേക്കിങ് രീതിയെ ഇങ്ങനെയാണു നിർവചിക്കുന്നത്. ആട്ടിടയൻ ആട്ടിൻപറ്റങ്ങളെ പിന്നിൽ നിന്നു നയിക്കുന്നതുപോലെ. താരങ്ങളും മറ്റു സാങ്കേതിക വിദഗ്ധരുമാണു മുന്നിൽ. സംവിധായിക അവരുടെ പിന്നിലാണ്. പക്ഷേ, അവരെല്ലാം സംവിധായികയുടെ നിയന്ത്രണത്തിനുള്ളിൽത്തന്നെയാണുതാനും.

ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിങ് തുടങ്ങുംമുമ്പു ദുൽഖർ സൽമാനെയും നിവിൻ പോളിയെയും നസ്രിയയെയും അഞ്ജലി കൊച്ചിയിലെ വീട്ടിലേക്കു വിളിച്ചു. പുൽപ്പായ വിരിച്ചിട്ട് എല്ലാവരും നിലത്തിരുന്നാണു സംസാരിച്ചത്. ആ ദിവസങ്ങളിലെ കൂട്ടും ഇഷ്ടവും ആ സിനിമയിലെ കഥാപാത്രങ്ങളെന്ന നിലയിലും ഇവർക്കു കിട്ടി. ദുൽഖറും നിവിനും ഉള്ളപ്പോൾ ഫഹദിനെ അങ്ങോട്ടു വിളിച്ചില്ല. ദുൽഖറോടും നിവിനോടും അടുപ്പമില്ലാത്ത കഥാപാത്രമാണു ഫഹദിന്റേത്.

മൂന്നുപേരും കൂട്ടായാൽ ആ അടുപ്പം അറിയാതെ അഭിനയത്തിലും വരും. നസ്രിയയും ഫഹദും മാത്രമുള്ളപ്പോൾ‌പ്പോലും നസ്രിയയുമായി അത്ര അടുപ്പം കാണിക്കേണ്ടെന്നു ഫഹദിനോട് അഞ്ജലി പറഞ്ഞു. പിന്നീട് അവർ ഒരുമിച്ചെങ്കിലും ഷൂട്ട് സമയത്തു ഫഹദ് അത് അനുസരിക്കുകയും ചെയ്തു.

Series-2.jpg.image.784.410 സമീറ, റിമ കല്ലിങ്കൽ, സജിത മഠത്തിൽ

∙മകൻ പിണങ്ങരുത്

അഞ്ജലി മേനോൻ ബാംഗ്ലൂർ ഡേയ്‌സിന്റെ തിരക്കഥ എഴുതിയതു മുഴുവൻ മകൻ മാധവൻ ഉറങ്ങുന്ന സമയം നോക്കിയാണ്. അഞ്ജലി ഒരിക്കൽ പറഞ്ഞു: ദിവസവും രാവിലെ നാലുമണിക്ക് എണീറ്റ് എഴുതാൻ തുടങ്ങും. മോൻ എട്ടുമണിക്ക് ഉണരുന്നതുവരെ എഴുതും. പിന്നെ ഉച്ചയ്‌ക്കു രണ്ടുമുതൽ നാലുവരെ. അതും അവന്റെ ഉറക്കസമയമായിരുന്നു. ഷൂട്ടിങ്ങിനിടെ പലരും ചോദിച്ചു, ബാംഗ്ലൂർ ഡേയ്‌സിൽ കൂടുതലും നൈറ്റ് സീൻ ആണല്ലോ! ഞാനോർത്തു, അതാണല്ലോ തിരക്കഥ എഴുതിയ സമയം. ഷൂട്ടിങ് സമയത്ത് എത്ര ടെൻഷൻ വന്നാലും മകനെ കണ്ടാൽ എല്ലാം തീരും.

∙മംഗ്ലീഷിലേക്കു മാറുന്ന മലയാളം

ഇപ്പോൾ മലയാള സിനിമയിൽ ഒരുപാടു തിരക്കഥകൾ ഉണ്ടാകുന്നതു മംഗ്ലീഷിലാണ്. പല നടന്മാർക്കും അതു വായിക്കാനാണ് എളുപ്പം; ഇഷ്‌ടവും. ഉസ്‌താദ് ഹോട്ടലിന്റെ തിരക്കഥയും സംഭാഷണവും അഞ്ജലി ആദ്യം ഇംഗ്ലിഷിൽ എഴുതി. അത് ഒരാളെക്കൊണ്ടു മലയാളത്തിലാക്കിയാണു കൊടുത്തത്. ഷൂട്ടിങ് സമയത്ത് അതു വള്ളിപുള്ളി വിടാതെ വീണ്ടും ആരോ മംഗ്ലീഷിലേക്കു മാറ്റിയിരുന്നു. അഭിനയിക്കുന്നവർക്കു വായിക്കാൻ എളുപ്പം മംഗ്ലീഷാണ് എന്നതായിരുന്നു കാരണം. ഇതാണു കാലം!

∙ഡയലോഗ്

കേൾക്കുന്നു, പെൺസ്വരം

അസമയത്തു ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോഴുള്ള തുറിച്ചുനോട്ടം. മലയാള സിനിമയിലെ ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഇത് ഏറെ അനുഭവിച്ചിട്ടുണ്ട്. അന്നു മുഖമില്ലാത്തവരായിരുന്നു ഡബ്ബിങ് ആർട്ടിസ്റ്റുകൾ. മലയാള സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ പേരെഴുതി കാണിക്കാൻ തുടങ്ങിയിട്ടു 35 വർഷമേ ആയിട്ടുള്ളൂ; സംസ്ഥാന അവാർഡ് ഏർപ്പെടുത്തിയിട്ട് 25 വർഷവും. ഇന്നു സംഘടനയും മറ്റും വന്നതോടെ കൂടുതൽ അംഗീകാരമായി. - ഭാഗ്യലക്ഷ്മി

അമ്മയെ അറിയില്ലേ?

അമ്മ കഷ്ടി ഒന്നോ രണ്ടോ സീനിൽ വന്നുപൊക്കോളട്ടെ. കൂടുതൽ പെർഫോം ചെയ്യണ്ട. ആളുകൾ കൂവും.’’ – മലയാള സിനിമയിലെ ഒരു സംവിധായകൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടതാണ്.  കൂട്ടുകുടുംബങ്ങൾ ഫ്ലാറ്റിലേക്കു ചേക്കറിയപ്പോൾ അമ്മമാർ ഇല്ലാതായതു സ്വാഭാവികം. നായകന്റെ കൂട്ടുകാർ മതിയെന്നാണ് എല്ലാവരും പറയുന്നത്.  ഇനിയെന്നാണ് ഈ കൂട്ടുകാരും മാഞ്ഞുപോവുക? - ഊർമിള ഉണ്ണി

∙ മറുമൊഴി

അത്രയ്ക്കൊന്നും ഇല്ല

മലയാളിസ്ത്രീക്കു സമൂഹത്തിലുള്ള സ്ഥാനത്തിൽ കൂടുതലൊന്നും സിനിമയിൽ ചെയ്യാനില്ല. സമൂഹത്തിൽ ഇടപെടലുകൾ നടത്തുന്ന പതിവു രീതിയെ പൊളിച്ചു ജീവിക്കുന്ന സ്ത്രീകൾ നമുക്കുണ്ടെങ്കിലും നമ്മുടെ സിനിമകളിൽ അവരെ കാണാൻ സാധിക്കുകയില്ല. അതിനാൽത്തന്നെ അമ്മ, സഹോദരി, നായിക, കൂട്ടുകാരി എന്നീ കഥാപാത്രങ്ങളുടെ നിവൃത്തിയില്ലായ്മയിൽനിന്നു വ്യത്യസ്തമായ ഒരു പൊതുകഥാപാത്രമാകാൻ സ്ത്രീയെ ക്ഷണിക്കാൻ പലരും മുതിരാറില്ല. - സജിത മഠത്തിൽ.

മാറി ചിന്തിക്കുന്നവർ

വിവാഹശേഷം അഭിനയിക്കണോ എന്നുള്ളത് വ്യക്തിപരമായ തീരുമാനമാണ്. വിവാഹിതരായ നടിമാരെ നായികവേഷത്തിൽ ആവശ്യമില്ലെന്ന് ഇൻഡസ്ട്രിയിൽ ഒരു അലിഖിതനിയമമുണ്ടെന്നു തോന്നിയിട്ടുണ്ട്. മാറിചിന്തിക്കുന്നവർ തീർച്ചയായും ഉണ്ട്. സാധാരണ കണ്ടുവരുന്ന ഒരുരീതി, സിനിമയ്ക്കു നായകനെ തീരുമാനിച്ചശേഷം നായികയായി പുതുമുഖത്തെ തിരയും. നടിമാരുടെ മികവുമാത്രം പരിഗണിക്കുന്ന ഫിലിംമേക്കേഴ്സുമുണ്ട്.

ഓഡിഷൻ വച്ചും നടിമാരെ തിരഞ്ഞെടുക്കാറുണ്ട്. പക്ഷേ, നായകനടന്മാരുടെ കാര്യത്തിൽ ഇങ്ങനെ ഓഡിഷനൊന്നും ഇല്ലല്ലോ. അവരുടെ താരമൂല്യവും സാറ്റലൈറ്റ് മൂല്യവും മറ്റും കണക്കാക്കിയിട്ടാണ് നായകന്മാരെ തിരഞ്ഞെടുക്കുന്നത്. നായികമാർക്കു സാറ്റലൈറ്റ് വാല്യു ഇല്ല എന്നാണു കാരണമായി പറയുന്നത്. - റിമ കല്ലുങ്കൽ.

തയാറാക്കിയത്-വിനോദ് നായർ, ഉണ്ണി കെ. വാരിയർ, എൻ.ജയചന്ദ്രൻ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.