കമലിന്റെ ആമിയിൽ മഞ്ജു അഭിനയിക്കരുതെന്ന് ഭീഷണി

മഞ്ജു വാര്യറിനെതിരെ ഫെയ്സ്ബുക്കിൽ വര്‍ഗീയവാദികൾ രംഗത്ത്. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമൽ ഒരുക്കുന്ന ആമിയിൽ മഞ്ജുവിനെ നായികയായി നിശ്ചയിച്ചതോടെയാണ് ഇവരുടെ കടന്നാക്രമണം.

മഞ്ജു പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രത്തിന് താഴെയാണ് പ്രതിഷേധം കമന്റുകളായി വന്നുകൊണ്ടിരിക്കുന്നത്. കെയര്‍ ഓഫ് സൈറാബാനു എന്ന സിനിമയിലെ മഞ്ജുവിന്റെ ലുക്ക് ആണ് ചിത്രത്തിലേത്.

ആദ്യം നായികയായി തീരുമാനിച്ചിരുന്ന വിദ്യാ ബാലൻ പിന്മാറിയതോടെയാണ് മഞ്ജുവിലേയ്ക്കെത്തുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനും ദിവസങ്ങൾക്ക് മുൻപായിരുന്നു വിദ്യയുടെ പിന്മാറ്റം. അതിന്റെ കാരണമെന്തെന്ന് തനിക്ക് അറിയില്ലെന്ന് കമലും പ്രതികരിച്ചു.

എന്നാൽ സിനിമയില്‍ നിന്നും വിദ്യ പിന്മാറാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യത്തില്‍ ഇരുവരുടെയും ഇടയിലുള്ള അഭിപ്രായ വ്യത്യാസമാണെന്നും വാർത്ത വന്നിരുന്നു. വിദ്യ മോദിയെ ശക്തമായി പിന്തുണക്കുന്ന നടിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശൗചാലയ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ ചുമതലയുള്ളയാളാണ് വിദ്യാബാലന്‍. കമലിന്റെ പേരിൽ ബിജെപി സംഘർഷം ഉണ്ടാക്കുന്ന സാഹചര്യമാണ് നിലവിൽ.

തയറ്ററുകളിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിന്റെ നിലപാടുകള്‍ക്കെതിരേ ബിജെപി നേതാക്കള്‍ രംഗത്ത് വരികയും പാക്കിസ്ഥാനിലേക്ക് കമല്‍ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് വിവാദമായിരുന്നു. ‌‌‌ഇതിൽ കമലിനെ പിന്തുണച്ച് മറ്റുരാഷ്ട്രീയപാർട്ടികളും സിനിമാപ്രവർത്തകരും രംഗത്തെത്തുകയും ചെയ്തു.

ഇതേ പ്രശ്നം തന്നെയാണ് ഇപ്പോൾ മഞ്ജുവിനെതിരെയും ഉടലെടുത്തിരിക്കുന്നത്. മ​ഞ്ജുവിന്റെ പേജിൽ വന്ന കമന്റുകൾ ഇങ്ങനെ–

‘പ്രിയപ്പെട്ട മഞ്ജു ചേച്ചീ .....വിദ്യാ ബാലന് ഉൾപ്പടെയുള്ള നടികള്‍ " ആമി " ഉപേക്ഷിച്ചെങ്കില്‍ ...അതില്‍ എന്തെങ്കിലും ഒരു കാര്യം കാണും. കമല്‍ എന്ന സംവിധായകന്റെ ഇപ്പോഴത്തെ നിലപാട് വെച്ച് നോക്കുമ്പോള്‍ ....ആമി ഉറപ്പായും വിവാദം ആകും .അങ്ങനെയുണ്ടായാല്‍ ....ഞാനുള്‍പ്പടെ ഉളള മഞ്ജു ചേച്ചിയെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ വലിയൊരു വേദന ആകും .മാധവിക്കുട്ടി എന്ന വലിയൊരു കലാകാരിയുടെ ആത്മാവിനെ അറിഞ്ഞ് കൊണ്ട് വേദനിപ്പിക്കണമോന്ന് ചേച്ചി തന്നെ ആലോചിക്ക് ..... ’

'പടിക്കല്‍ കലമുടച്ചു' എന്ന് പറഞ്ഞത് പോലായല്ലോ Manju Warrier വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഒരു സംവിധായകന്‍റെ കൂടെ അഭിനയിക്കാന്‍ തീരുമാനിച്ചത് ഏതായാലും ശരിയായില്ല. നിങ്ങളുടെ ആരാധകരില്‍ പലരെയും ഇത് വിഷമിപ്പിക്കുന്നുണ്ട്.’

‘ചേച്ചീ നിങ്ങൾക്ക്‌ പറ്റിയ വേഷമല്ല ആമിയുടേത്‌.. ദയവായി പിന്മാറണം.. ആമിയെ ചങ്കുകൊണ്ടു സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകൾ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്‌.. പ്ലീസ്..’