ധോണിയുടെ ആരും അറിയാത്ത പ്രണയകഥ

ഇന്ത്യൻ ക്രിക്കിറ്റ് ടീം നായകൻ ധോണിയെ വിജയ നായകനായി മാത്രമേ നാം അറിയുകയുള്ളൂ. എന്നാൽ ധോണിയുടെ കരിയർ തന്നെ തകർച്ചയിലെത്തിയ ഒരു കാലഘട്ടമുണ്ടായിരുന്നു. പുറം ലോകം അറിയാത്ത ഒരു കഥയും അതിനു പിന്നിലുണ്ടായിരുന്നു. ധോണിയുടെ കാമുകി പ്രിയങ്കയുടെ മരണമായിരുന്നു ഇതിനു കാരണം. കരിയർ മാത്രമല്ല ജീവിതം തന്നെ കൈവിട്ടു പോയ അവസ്ഥിയിലായിരുന്നു അന്ന് ധോണി.

ധോണിയുടെ ജീവിതം പ്രമേയമാകുന്ന എം.എസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലെ പ്രധാന ഭാഗമാണ് ഈ സംഭവം. താരമായി ഉദയം ചെയ്യുന്നതിന് മുമ്പ് പ്രിയങ്ക ഝാ എന്ന പെണ്‍കുട്ടിയുമായി ധോണി പ്രണയത്തിലായിരുന്നു. ധോണി ദേശീയ ടീമില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുകയായിരുന്നു അന്ന്.

2003-04ല്‍ നടന്ന ഇന്ത്യ എ ടീമിന്റെ സിംബാബ്‌വെ-കെനിയ പര്യടനത്തിനുള്ള ടീമില്‍ ധോണി സ്ഥാനം പിടിച്ചു. ഈ ടൂര്‍ണമെന്റിലൂടെയാണ് ധോണി ശ്രദ്ധയാകര്‍ഷിക്കുന്നത്. ടൂര്‍ണമെന്റില്‍ ധോണിയുടെ അര്‍ദ്ധ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ വിജയം നേടി. തുടര്‍ന്ന് സെഞ്ചുറി ഉള്‍പ്പെടെ ആറ് ഇന്നിംഗ്‌സുകളില്‍ നിന്നായി ധോണി 362 റണ്‍സ് അടിച്ചു കൂട്ടി. ഈ പ്രകടനത്തോടെ അന്നത്തെ ധോണിയുടെ കഴിവ് പ്രമുഖർ ശ്രദ്ധിച്ചു തുടങ്ങി.

പരമ്പര കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ ധോണിയെ കാത്തിരുന്നത് കാമുകിയുടെ മരണ വാര്‍ത്ത ആയിരുന്നു. ഒരു അപടകത്തിലാണ് പ്രിയങ്ക മരിച്ചത്. കാമുകിയുടെ മരണം ധോണിയെ തകർത്തു. പ്രിയങ്കയുടെ മരണത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം സജീവമല്ലാതിരുന്ന ധോണി ക്രിക്കറ്റ് കരിയര്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പോലും ആലോചിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധികളെ അതിജീവിക്കുന്ന ധോണി 2004-05ല്‍ പാകിസ്ഥാനെതിരെ വിശാഖപട്ടണത്ത് നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദേശീയ ടീമിന്റെ ജേഴ്‌സിയില്‍ കളത്തിലിറങ്ങി.

അന്ന് 123 പന്തില്‍ നിന്ന് 148 റണ്‍സ് എടുത്ത ധോണി പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായി മാറി. ധോണിയുടെ ജിവിതകഥ പറയുന്ന ചിത്രത്തിൽ ദിഷ പട്ടേലാണ് ധോണിയുടെ കാമുകിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. സുശാന്ത് സിങ് രജ്പുതാണ് ചിത്രത്തിൽ ധോണിയായി വേഷമിടുന്നത്. മലയാളത്തിൽ ഇറങ്ങിയ ബാഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തോട് സാമ്യമുണ്ടാകും ധോണിയുടെ ജീവിതം പറയുന്ന സിനിമയിലെ നായകനും. ബാംഗ്ലൂർ ഡേയ്സിലെ ഫഹദിന്റെ കഥാപാത്രത്തിന്റെ കാമുകി വാഹനാപകടത്തിൽ മരിക്കുകയായിരുന്നു.