ആദിവാസി കുടുംബത്തിന് സഹായഹസ്തവുമായി ദിലീപും ജയസൂര്യയും

സ്കൂളിൽ ബാക്കിവരുന്ന ഉച്ചഭക്ഷണംകൊണ്ട് വീട്ടിലെ പട്ടിണിയകറ്റുന്ന വയനാട്ടിലെ കാട്ടുനായ്ക്ക കുടുംബത്തിന് സഹായ ഹസ്തവുമായി നടന്‍ ദിലീപ്. മൂത്ത കുട്ടി പഠിച്ച് ജോലിനേടുന്നതുവരെ കുടുംബത്തിന് മാസച്ചെലവായി അയ്യായിരം രൂപ നൽകും. മനോരമ ന്യൂസിലൂടെ പുൽപ്പള്ളി കൊളവള്ളി കോളനിയിലെ ബിന്ദുവിന്റെയും മക്കളുടെയും ദയനീയവസ്ഥ കണ്ടറിഞ്ഞ് നിരവധിപേരാണ് സഹായവുമായെത്തിയിരിക്കുന്നത്.

രണ്ടുമാസമായി സ്കൂളിൽനിന്ന് കൊണ്ടുവരുന്ന ഉച്ചഭക്ഷണത്തിന്റെ ബാക്കിയായിരുന്നു ഈ കുടുംബത്തിന്റെ പട്ടിണിയകറ്റിയിരുന്നത്. ഇനി ബാക്കി വരുന്ന ആ ഉച്ചക്ഷണത്തിനായി കാത്തിരിക്കേണ്ട. മനോരമ ന്യൂസിലൂടെ ഇവരുടെ ദുരിതജീവിതം കണ്ടറിഞ്ഞ് നടൻ ദലീപ് സഹായവുമായെത്തി. മൂത്തമകൻ അബിൻ പഠിച്ച് ജോലി നേടുന്നതുവരെ മാസച്ചെലവായി 5000 രൂപ നൽകും. ഒപ്പം കുട്ടിയുടെ പഠനസാമഗ്രികളും ജി.പി ചാരിറ്റബിൾ ട്രസ്റ്റ് വഴി ഒാരോവർഷവും നൽകും.

വാർത്തകണ്ട് സഹായങ്ങളുമായി നിരവധിപേർ വീട്ടിലെത്തി. അരിയും വസ്ത്രങ്ങളും ചെരിപ്പും നൽകിയാണ് മടങ്ങിയത്. ഇന്നലെവരെ വാടിനിന്നിരുന്ന ബിന്ദുവിന്റെ മുഖം കാരുണ്യത്തിന്റെ മുൻപിൽ പുഞ്ചിരിച്ചു. നാല് കുട്ടികൾക്കും കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിമാസ ധനസഹായം നൽകാൻ പട്ടികവർഗവകുപ്പും തീരുമാനിച്ചിട്ടുണ്ട്.

ബിന്ദുവിനേയും മക്കളേയുംസഹായിക്കാൻ നടൻ ജയസൂര്യയും രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെ ഇവരുടെ അവസ്ഥ ഷെയർ ചെയ്ത ജയസൂര്യ ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളോടും സഹായിക്കാൻ ആവശ്യപ്പെടുന്നു.

സ്കൂളിൽ ബാക്കിവരുന്ന ഉച്ചഭക്ഷണംകൊണ്ട് വീട്ടിലെ പട്ടിണിയകറ്റുന്ന വയനാട്ടിലെ കാട്ടുനായ്ക്ക കുടുംബത്തിന്റെ അവസ്ഥ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് ജയസൂര്യ. താന്‍ ഒറ്റയ്ക്കല്ല എല്ലാവരും ഒരുമിച്ചാണ് ഇവരെ സഹായിക്കേണ്ടതെന്ന് ജയസൂര്യ പറയുന്നു. കേരളത്തിലെ ചെറുപ്പക്കാർ വിചാരിച്ചാലും ഇവിടെ കുറേ നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന് കാണിക്കാൻ പറ്റിയ അവസരമാണെന്ന് ജയസൂര്യ പോസ്റ്റിലൂടെ ചെറുപ്പക്കാരെ ഓർമിപ്പിക്കുന്നു.

സഹായിക്കാൻ എന്തായാലും താൻ തീരുമാനിച്ചു കഴിഞ്ഞു. ഒപ്പം ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളോടും സഹായിക്കാനാണ് ജയസൂര്യ ആവശ്യപ്പെടുന്നത്. സഹായിക്കാനായി മുന്നോട്ടുവരുന്നവർക്കെല്ലാം ചേർന്ന് അടുത്ത നടപടി തീരുമാനിക്കാമെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.