വെള്ളപ്പൊക്കത്തിൽ ദിലീപിന്റെ സഹായം വെള്ളത്തിന്റെ രൂപത്തിൽ

തമിഴ്നാട്ടിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നടൻ ദിലീപ്. പണം വെറും കടലാസ് മാത്രമാണെന്നും ഇപ്പോൾ അവിടെയുള്ളവർക്ക് വേണ്ടത് ശുദ്ധജലവും മരുന്നും വസ്ത്രവും ഭക്ഷണവുമാണെന്നും ദിലീപ് പറയുന്നു. ചെന്നൈയിലേക്ക് അഞ്ച് ലോറിയിൽ ശുദ്ധജലം അദ്ദേഹം കയറ്റി അയച്ചു കഴിഞ്ഞു.

ദിലീപിന്റെ വാക്കുകളിലേക്ക്– ചെന്നൈ ഇന്ന് ഒരു മഹാദുരിതങ്ങൾക്കു നടുവിലാണു, മഴയും വെള്ളപ്പൊക്കവും സിനിമയുടെ ഈ സ്വർഗ്ഗഭൂമിയെ നരകമാക്കിയിരിക്കുന്നു. സിനിമയിൽ എത്തിയകാലം മുതൽ എന്റെ ഇഷ്ടനഗരമാണു ചെന്നൈ,അന്നും ഇന്നും എന്നും.

ഈനഗരത്തിന്റെ ശാപം കുടിനീരാണു, ഇന്ന് സർവത്രവെള്ളത്താൽ ചുറ്റപ്പെട്ടുകീടക്കുബോഴും നഗരം ഒരിറ്റ്കുടീനീരിനായ്‌ കേഴുകയാണു, അതിൽ പണക്കാരനും,പാവപ്പെട്ടവനും എന്നഭേദമില്ല ,മഹാസമ്പന്നർ അധിവസിക്കുന്ന ഈ നഗരത്തിലുള്ളവർക്ക്‌ പണം വെറും കടലാസ്‌ മാത്രമായിരിക്കുന്നു.

ശുദ്ധജലം,മരുന്ന്,വസ്ത്രം,സുരക്ഷിതമായ്‌ ഉറങ്ങാൻ ഒരു ഷെൽട്ടർ അതാണു ഇന്ന് ചെന്നൈ നിവാസികൾക്കാവശ്യം,അതിനായ്‌ നമുക്കൊത്തുചേർന്ന് പ്രവർത്തിക്കാം, കഴിയുന്നത്ര ശുദ്ധജലവും,മരുന്നും,ഭക്ഷണവും,വസ്ത്രങ്ങളും അവർക്കെത്തിക്കാൻ മുന്നിട്ടിറങ്ങാം,എന്നാൽ കഴിയുന്നത്‌ ഞാനും,നിങ്ങളാൽകഴിയുന്നത്‌ നിങ്ങളും ചെയ്യുക.

ചെന്നൈയുടെ ഈ അവസ്ഥ നാളെ എവിടെയും സംഭവിക്കാം, അങ്ങിനെ സംഭവിക്കാതിരിക്കട്ടെ എന്നാണെന്റെ പ്രാർത്ഥന. സോഷ്യൽ മീഡിയ ഈ ദുരന്തമുഖത്ത്‌ നടത്തിയ പ്രവർത്തനങ്ങൾ പറയാതെ ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌ ഉചിതമാവില്ല,അത്ഭുതപ്പെടുത്തുന്നതായിരുന്നു സോഷ്യൽമീഡിയായുടെ സജീവസാന്നിദ്ധ്യം എല്ലാ സോഷ്യൽമീഡിയാ സുഹൃത്തുക്കൾക്കും,പ്രവർത്തകർക്കും ഹൃദയംനിറഞ്ഞ നന്ദി, പ്രിയപ്പെട്ടവരെ ചെന്നൈയിലെ ദുരന്തമനുഭവിക്കുന്ന സഹോദരങ്ങൾക്കായ്‌ നമുക്കൊരുമിച്ച്‌ പ്രയത്നിക്കാം,പ്രാർത്ഥിക്കാം. ദിലീപ് പറഞ്ഞു.