എന്നു സ്വന്തം ദിലീപ്

ബി.പി.മൊയ്തീൻ സേവാമന്ദിറിന് സഹായവാഗ്ാദാനവുമായെത്തിയ നടൻ ദിലീപ് കാഞ്ചനമാലയെ അവരുടെ സഹോദരി കൊറ്റങ്ങൽ തങ്കമണിയുടെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ. ചിത്രം: പി.എൻ.ശ്രീവൽസൻ

ഏതു പുഴയും കടലിൽ ഒഴുകിയെത്തുമെങ്കിൽ ഏതു സഹായഹസ്തവും കാഞ്ചനമാലയെ തേടിയെത്തും. കാരണം അനശ്വര സ്നേഹത്തിന്റെ ജീവൻ തുടിക്കുന്ന കടലാണവർ. കാഞ്ചനമാലയുടെ സ്വപ്നങ്ങൾക്കു കൈപിടിക്കാൻ ഒടുവിൽ ജനപ്രിയനായകൻ ദിലീപ് എത്തി. ബി.പി.മൊയ്തീൻ സേവാമന്ദിറിനു സ്വന്തമായി ഒരു കെട്ടിടം എന്ന കാഞ്ചനമാലയുടെ സ്വപ്നം ഇനി പൂവണിയും. 8.7 സെന്റ് സ്ഥലത്ത് ഉയരുന്ന കെട്ടിടത്തിന്റെ 2000 ചതുരശ്രയടി വിസ്തീർണമുള്ള ആദ്യനിലയ്ക്കാണ് ഇപ്പോൾ അനുമതി കിട്ടിയിരിക്കുന്നത്. ഇതു പൂർണമായും ദിലീപ് നിർമിച്ചുനൽകും. അടുത്ത മാസം 15നു കെട്ടിടത്തിനു ദിലീപ് തന്നെ തറക്കല്ലിടും.

ഇന്നലെ ഉച്ചകഴിഞ്ഞ് നാലേകാലോടെയാണു മുക്കത്തെ ബി.പി.മൊയ്തീൻ സേവാമന്ദിറിൽ ദിലീപ് എത്തിയത്. തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ഏറെ കഷ്ടപ്പെടേണ്ടിവന്നു സേവാമന്ദിറിനുള്ളിൽ എത്താൻ. പൊലീസ് വലയം ഭേദിച്ചും പ്രിയനായകനെ ഒന്നു തൊടാനും ഒരു സെൽഫിയെടുക്കാനും ആരാധകർ തിരക്കു കൂട്ടി. ദിലീപിനെ കണ്ടയുടൻ കാഞ്ചനമാല കസേരയിൽ നിന്ന് എഴുന്നേറ്റു വന്നു പൊന്നാടയണിയിച്ചു. അമ്മേ എന്നു വിളിച്ചു ദിലീപ് അവരെ ആശ്ലേഷിച്ചു.

ഒരുനിമിഷം ഇരുവരും പരസ്പരം കണ്ണുകളിൽ നോക്കി. ‘ഒരുപാടു സന്തോഷമുണ്ടു മോനേ’ എന്നു പറഞ്ഞുകൊണ്ട് ഒരിക്കൽക്കൂടി അവർ ദിലീപിന്റെ കയ്യിൽ മുറുകെ പിടിച്ചു. ‘‘അമ്മയുടെ സ്വപ്നം എനിക്കു മനസ്സിലായി, അതിന്റെ ആവശ്യവും തിരിച്ചറിഞ്ഞു; ഇനി ഞാനുണ്ട് കൂടെ’’– ദിലീപ് പറഞ്ഞു. പിന്നെ ഇരുവരും പുറത്തേക്കു വന്നു.

‘‘എന്നു നിന്റെ മൊയ്തീൻ’’ എന്ന സിനിമയുമായി ഈ വരവിനെ കൂട്ടിവായിക്കേണ്ടതില്ല. അതിൽ അഭിനയിച്ചതൊക്കെ എന്റെ അടുത്ത സുഹൃത്തുക്കളാണ്. അങ്ങനെയൊരു നല്ല സിനിമ ഉണ്ടായതുകൊണ്ടാണ് അമ്മയെപ്പറ്റി മാധ്യമങ്ങൾ എഴുതിയത്. വനിതയിലൂടെയാണ് ഞാൻ ആ കഥകൾ ആദ്യം വായിച്ചറിഞ്ഞത്. പിന്നീടു പല മാധ്യമങ്ങളിലും കണ്ടു. സിനിമയെക്കാൾ വലിയ കഥയിലെ നായികയാണ് അമ്മ’’– ദിലീപ് പറഞ്ഞു.

‘‘പാവപ്പെട്ട ഒരുപാടു സ്ത്രീകൾക്ക് അത്താണിയാകേണ്ട സ്ഥാപനമാണിത്. അതിങ്ങനെ നശിക്കാൻ പാടില്ല. അതിനു വേണ്ടിയാണ് എന്റെ ഈ ശ്രമം. ഇതൊരു തുടക്കമാകട്ടെ’’– ദിലീപിന്റെ വാക്കുകൾ ആരാധകർ ആഹ്ളാദാരവത്തോടെ ഏറ്റെടുത്തു.

വൈകിട്ടു കാഞ്ചനമാലയുടെ സഹോദരിയായ കൊറ്റങ്ങൽ തങ്കമണിയുടെ വീട്ടിലെത്തിയ ദിലീപ് കെട്ടിടത്തിന്റെ പ്ലാനും മറ്റും വിശദമായി ചോദിച്ചറിഞ്ഞു. മുക്കത്തുള്ള തന്റെ അടുത്ത ചില സുഹൃത്തുക്കളെ നിർമാണത്തിന്റെ മേൽനോട്ടവും ഏൽപ്പിച്ചു. ആലഞ്ചേരി തമ്പ്രാക്കൾ എന്ന സിനിമയിൽ അഭിനയിക്കാനാണു ദിലീപ് ഇതിനു മുൻപു മുക്കത്തു വന്നത്, 19 വർഷം മുൻപ്. ഒരുപക്ഷേ, ദിലീപിനെ സംബന്ധിച്ചിടത്തോളം വെറുതെയങ്ങനെ വന്നുപോകാൻ പറ്റുന്ന ഒരു സ്ഥലമല്ലായിരിക്കും ഇവിടം.