ദിലീപിന്‍റെ കിങ് ലയറും ഐ ഫോണ്‍ സിക്സ് എസ് പ്ലസും

ഒരു ലാൻഡ് ഫോൺ കാരണമുണ്ടായ പൊല്ലാപ്പുകളാണു സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ റാംജി റാവു സ്പീക്കിങ് പറഞ്ഞതെങ്കിൽ 16 വർഷങ്ങൾക്കു ശേഷം ഇരുവരും ഒരുമിക്കുന്ന ദിലീപ് ചിത്രം കിങ് ലയറിന്റെ തിരക്കഥ കൈമാറിയത് ഐ ഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ സിക്സ് എസ് പ്ലസിൽ. രണ്ടു ചിത്രങ്ങളിലും ഫോണിന്റെ സാന്നിധ്യം യാദൃച്ഛികതയാണെന്നു സിദ്ദിഖ് പറഞ്ഞു. വീണ്ടും തങ്ങൾ ഒരുമിക്കുന്ന ചിത്രത്തിൽ നിന്നു പ്രേക്ഷകർ ഏറെ പ്രതീക്ഷിക്കുമെന്നതിനാൽ ആ പ്രതീക്ഷ കാക്കാനുള്ള പരിശ്രമത്തിലാണെന്നു സിദ്ദിഖ് പറയുന്നു.

തിരക്കഥ വായിച്ചു കേൾപ്പിക്കാനായി തിരക്കഥാകൃത്തും സംവിധായകനും യാത്രചെയ്യേണ്ടതില്ല. താരങ്ങൾക്കു മൊബൈലിലൂടെ തിരക്കഥ വായിക്കാം. കേൾക്കാം തുടങ്ങിയ സൗകര്യങ്ങളാണു ഫോണിനായി തയാറാക്കുന്ന ഐ ഫിലിം എന്ന ആപ്പിലൂടെ സാധ്യമാകുകയെന്നു സംവിധായകൻ സിദ്ദിഖ് പറഞ്ഞു. പി ഡി എഫ് ഫയലായും ശബ്ദ സന്ദേശമായും തിരക്കഥ അണിയറ പ്രവർത്തകർക്കു കിട്ടും. പാസ് വേഡ് ഉപയോഗിച്ചു സുരക്ഷിതമായ രീതിയിലായിരിക്കും ഫയൽ കൈമാറ്റം.

ദിലീപും മഡോണയും പ്രധാന വേഷത്തിലഭിനയിക്കുന്ന കിങ് ലയറിന്റെ തിരക്കഥ സിദ്ദിഖും സംവിധാനം ലാലുമാണ്. റാംജിറാവ് സ്പീക്കിങ്ങിന്റെ നിർമാതാക്കളിലൊരാളായ ഔസേപ്പച്ചനാണു ചിത്രം നിർമിക്കുന്നത്. തിരക്കഥ കാർബൺ പേപ്പർ ഉപയോഗിച്ചു കോപ്പി എടുത്തിരുന്ന കാലത്തിൽ നിന്നു സിനിമ ഏറെ മുന്നോട്ടു വന്നിട്ടുണ്ടെന്നു സംവിധായകനും നടനുമായ ലാൽ പറഞ്ഞു. പലപ്പോഴും കാർബൺ പേപ്പർ വച്ചു തിരക്കഥ പകർത്തുമ്പോൾ കാർബൺ പേപ്പർ വയ്ക്കാൻ മറന്ന് ആദ്യം തൊട്ടു വീണ്ടും എഴുതേണ്ടി വന്നിട്ടുണ്ടെന്ന് ലാൽ പറഞ്ഞു. കാലത്തിനൊത്തു മാറുന്നതിന്റെ ഭാഗമായാണു പുതിയ സംവിധാനം പരീക്ഷിക്കുന്നത്. തുടക്കത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും വൈകാതെ ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കപ്പെടുമെന്നു ലാൽ പറഞ്ഞു. ഖത്തർ ആസ്ഥാനമായ ജർമൻ സെല്ലുലാർ കമ്പനിയുമായി സഹകരിച്ചാണു സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്.