പരുക്കേറ്റ പ്രവാസിയ്ക്ക് ദിലീപിന്റെ സാന്ത്വനം

ദിലീപ്, ജാസിർ

ദുബായിയിൽ വാഹാനപകടത്തിൽപ്പെട്ട് റോഡരികിൽ കിടന്ന യുവാവിന് സാന്ത്വനം പകർന്ന് ജനപ്രിയ നടൻ ദിലീപ് യുഎഇയിലെ പ്രവാസി മലയാളികളുടെ മനം കവർന്നു. ഇന്നലെ ദുബായ് മുഹൈസിന മൂന്നിലായിരുന്നു സംഭവം. ഖിസൈസിലെ ഗ്രോസറിയിൽ ഡെലിവറി ബോയിയായ വടകര പള്ളിത്തായ സ്വദേശി ജാസിറാ(23)ണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ(ചൊവ്വ) പുലർച്ചെ ഒന്നിനായിരുന്നു സംഭവം. ‍ഖിസൈസ് മൂന്നിലെ കഫ്റ്റീരിയയിൽ ഡെലിവറി ബോയിയായ ജാസിർ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സഞ്ചരിച്ച മോട്ടോർബൈക്കിൽ റൗണ്ട് എബൗട്ടിനടുത്ത് ഫോർവീലർ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോവുകയും ജാസിർ ബൈക്കിനടിയിൽപ്പെടുകയും ചെയ്തു. സാരമായ പരുക്കേറ്റില്ലെങ്കിലും ശരീരവേദന കാരണം എണീക്കാൻ സാധിച്ചില്ല. ഒന്നു രണ്ട് വാഹനങ്ങൾ കണ്ടിട്ട് നിർത്താതെ പോയി.

പെട്ടെന്നാണ് വെളുത്ത ലാൻഡ് ക്രൂസർ വന്നു തൊട്ടടുത്ത് നിന്നത്. അതിൽ നിന്ന് ഇറങ്ങിയയാളെ കണ്ട് ജാസിർ അമ്പരന്നു–സാക്ഷാൽ ദിലീപ്. തന്റെ ഇഷ്ടനടെ കണ്ടതോടെ പകുതി വേദന അകന്നതായി ജാസിർ മനോരമയോട് പറഞ്ഞു. ദിലീപും കൂടെയുണ്ടായിരുന്ന സുഹൃത്ത് നസീറും ചേർന്ന് ജാസിറിനെ പിടിച്ചെണീൽപ്പിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്ന്, പൊലീസിനെ വിളിച്ചതും ദിലീപ് തന്നെ. നടനെ കണ്ട അമ്പരപ്പ് ഒരു ദിവസം കഴിഞ്ഞിട്ടും ജാസിറിന് മാറിയിട്ടില്ല.

വെപ്രാളത്തിനിടയിൽ ദിലീപിന് ഒരു നന്ദി പറയാൻ സാധിച്ചില്ലെന്നും മനോരമ ഒാൺലൈൻ വഴി അത് അറിയിക്കണമെന്നും ജാസിർ അഭ്യർഥിച്ചു. സുഹൃത്ത് നസീറിനോടൊപ്പം മുഹൈസിനയിലൂടെ സഞ്ചരിക്കുമ്പോൾ ആരോ വാഹനമിടിച്ച് വീണ് കിടക്കുന്നത് കണ്ടതായും ഉടൻ വണ്ടി നിർത്തി ഇറങ്ങിനോക്കുകയുമായിരുന്നുവെന്ന് ദിലീപ് പറഞ്ഞു. അതൊരു മലയാളി യുവാവാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. എന്നെ കണ്ടപ്പോൾ അവൻ അമ്പരന്നുനിന്നു.

കൂടുതൽ കുഴപ്പമായോ എന്ന് എനിക്ക് സംശമായി. സഹജീവി എന്ന നിലയിൽ ഒരു സഹായം ചെയ്തു എന്നേയുള്ളൂ–ദിലീപ് പറഞ്ഞു. കാലിന് നിസാര പരുക്കേറ്റ ജാസിർ വീണ്ടും ജോലിയിൽ പ്രവേശിച്ചു. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം കിങ് ലിയറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറേ നാളുകളായി ദിലീപ് ദുബായിലാണ്.