വെടിക്കെട്ടു നടക്കുന്നതിന്റെ നടുക്കുപെട്ടവന്റെ അവസ്ഥ: ദിലീപ്

യുവനടി ഓടുന്ന വാഹനത്തിൽ അതിക്രമത്തിന് ഇരയായ സംഭവത്തിൽ തന്നെ കുടുക്കാൻ ഗൂഢാലോചന നടന്നതായി നടൻ ദിലീപ്. തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങളെല്ലാം. ഈ സംഭവത്തിലെ കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണ്. മാധ്യമങ്ങളല്ല, പ്രേക്ഷകരാണ് തന്നെ വളർത്തി വലുതാക്കിയതെന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രമായ ‘ജോർജേട്ടൻസ് പൂര’ത്തിന്റെ ഓഡിയോ പുറത്തിറക്കുന്ന ചടങ്ങിലാണ് ദിലീപ് വികാരഭരിതനായി പ്രതികരിച്ചത്.

പ്രേക്ഷകരുടെ മനസിൽ തനിക്കെതിരെ വിഷം നിറയ്ക്കാനുള്ള ക്വട്ടേഷനാണ് നടന്നതെന്നും ദിലീപ് പറഞ്ഞു. എനിക്ക് ഇത്രമാത്രം ശത്രുക്കളുണ്ടെന്ന് അറിയില്ലായിരുന്നു. എനിക്കും അമ്മയും മകളും സഹോദരിയുമുണ്ട്. മനസു തകർന്ന് ജീവിതം മടുത്ത അവസ്ഥയിലായിരുന്നു ഈ ദിവസങ്ങളിൽ ഞാൻ. ഇങ്ങനെ ഉപദ്രവിക്കാൻ മാത്രം എന്തു തെറ്റാണ് താൻ ചെയ്തതെന്ന് ഇപ്പോഴും അറിയില്ലെന്നും ദിലീപ് വ്യക്തമാക്കി. ദൈവത്തിലും പ്രേക്ഷകരിലും രാജ്യത്തെ നിയമത്തിലും മാത്രമാണ് തനിക്കു വിശ്വാസമുള്ളതെന്നും ദിലീപ് പറഞ്ഞു.

കുറേ നാളുകൾക്കുശേഷം ആദ്യമായാണ് ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്നത്. അതുകൊണ്ട് രണ്ടു വാക്ക് സംസാരിക്കണമെന്നു തോന്നി എന്ന ആമുഖത്തോടെയായിരുന്നു ദിലീപിന്റെ വാക്കുകൾ. ഏതാനും ദിവസം മുൻപാണ് എനിക്കൊപ്പം ഏറ്റവുമധികം ചിത്രങ്ങളിൽ അഭിനയിച്ച നടിക്കെതിരായ ആക്രമണം നടന്നത്. നമ്മെയൊക്കെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ‍ഞാനവരെ വിളിച്ച് സംസാരിക്കുകയൊക്കെ ചെയ്തിരുന്നു.

എന്നാൽ, രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ആരോപണങ്ങളെല്ലാം എനിക്കുനേരെയായത്. വെടിക്കെട്ടു നടക്കുന്നതിന്റെ നടുക്കുപെട്ടവന്റെ അവസ്ഥയിലായിരുന്നു ഞാൻ. അവിടെ പൊട്ടുന്നു, ഇവിടെ പൊട്ടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസിലായില്ല. പുകമറയൊക്കെ മാറിയപ്പോൾ ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയാണ്, ക്വട്ടേഷനാണ് എന്നൊക്കെ കേട്ടു. പിന്നീടാണ് മനസിലായത്, ക്വട്ടേഷൻ എനിക്കെതിരെ ആയിരുന്നു – ദിലീപ് പറഞ്ഞു.

ഞാൻ അന്വേഷിച്ചപ്പോൾ മനസിലായത് മുംബൈയിൽനിന്നുള്ള ഒരു ഇംഗ്ലീഷ് പത്രത്തിൽനിന്നാണ് ഗൂഢാലോചനയുടെ തുടക്കം. അതിനെ ഓൺലൈൻ മഞ്ഞപ്പത്രങ്ങൾ ഏറ്റുപിടിച്ച് വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു. സാധാരണ ഇത്തരം വാർത്തകൾക്ക് ചെവികൊടുക്കുന്നയാളല്ല ഞാൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പ്രേക്ഷകർക്കു മുന്നിലേക്കു നേരിട്ടു വന്നാണ് ശീലം.

എന്നാൽ, എന്റെ പേരിട്ട് നേരിട്ടു പറയാതെ ആലുവയിലെ പ്രമുഖ നടൻ എന്നൊക്കെ പറഞ്ഞ് നമ്മുടെ പത്രങ്ങൾ വാർത്തകൊടുത്തു. അതു ഞാനാണെന്ന് കേരളത്തിലെ എല്ലാവർക്കുമറിയാം. എന്നെ പൊലീസ് ചോദ്യം ചെയ്തു, എന്റെ വീട്ടിൽ മഫ്തിയിൽ പൊലീസ് വന്നു എന്നൊക്കെ അവർ വാർത്ത കൊടുത്തു. ഇതോടെയാണ് കാര്യങ്ങളെ താൻ ഗൗരവമായി കണ്ടു തുടങ്ങിയതെന്നും ദിലീപ് പറഞ്ഞു. തനിക്കെതിരെ വാർത്ത കൊടുത്തവർ പിന്നീട് നിജസ്ഥിതി മനസിലാക്കിയിട്ടും വാർത്ത തിരുത്തിക്കൊടുത്തില്ലെന്നും ദിലീപ് ആരോപിച്ചു. തനിക്കെതിരെ നടന്നത് അക്ഷരാർഥത്തിൽ മാധ്യമവേട്ടയാണെന്നും ദിലീപ് പറഞ്ഞു.