തെളിവില്ലെങ്കിൽ കേരളത്തിൽ ആർക്കും അഴിമതി നടത്താം: സത്യൻ അന്തിക്കാട്

അഴിമതിക്കെതിരെ പോരാടാൻ മലയാളികളുടെ ഒരു കൂട്ടായ്മ. അതാണ് എക്സൽ കേരള. ഡിജിപി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇൗ കൂട്ടായ്മയിൽ കലാസാംസ്കാരിക രംഗത്തുള്ളവരും വിദ്യാർഥിളും അധ്യാപകരും വക്കീലന്മാരുമെല്ലാം അംഗങ്ങളാണ്. സംവിധായകൻ സത്യൻ അന്തിക്കാട് താൻ ഇൗ കൂട്ടായ്മയിൽ ചേരാനുണ്ടായ കാരണങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

അഴിമതിക്കെതിരെ പോരാടാനുള്ള ഒരു വേദി. അതാണ് എക്സൽ കേരള. ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്. കലാസാംസ്കാരിക രംഗത്തുള്ള ഒട്ടേറെപേർ ഇതിൽ അംഗങ്ങളായി ചേർന്നു. ഞാനും ശ്രീനിവാസനും ലാൽജോസും ഇക്ബാൽ കുറ്റിപ്പുറവുമൊക്കെ ഇതിലെ അംഗങ്ങളാണ്. വളരെ ആവേശത്തോടെയാണ് ഞങ്ങൾ അഴിമതിക്കെതിരെയുള്ള ഇൗ പോരാട്ടത്തിൽ അംഗങ്ങളായത്. ആഷിഖ് അബുവും മറ്റും ഇതിൽ അംഗമാകാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാട്, കാനായി കുഞ്ഞിരാമൻ, സക്കറിയ, എം മുകു‌ന്ദൻ, ശ്രീബാല കെ മേനോൻ തുടങ്ങിയവരും ഇതിൽ അംഗങ്ങളാണ്. ഇത് ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയും രൂപീകരിക്കപ്പെട്ടതല്ല. അധികാരം നേടുക എന്നതല്ല ഇൗ വേദിയുടെ ഉദ്ദേശ്യം. ഇതുകൂടാതെ ഒട്ടേറെ വക്കീലന്മാരും, വിദ്യാർഥികളും. അധ്യാപകരും, ഡോക്ടർമാരുമൊക്കെ ഇൗ കൂട്ടായ്മയുടെ ഭാഗമാണ്. ഏതൊരു പൊതുജനത്തിനും ഇതിൽ അംഗമാകാം. ഇപ്പോൾ ഒരു വെബ്സൈറ്റിന്റെ രൂപം മാത്രമേ എക്സൽ കേരളയ്ക്കായിട്ടുള്ളൂ. ഇനിയും ഒരപാട് കൂടിയാലോചനകൾക്ക് ശേഷമേ പ്രവർത്തന പദ്ധതികളൊക്കെ തീരുമാനിക്കാനാകൂ.

എക്സൽ കേരള ഒരു മുന്നണിക്കും എതിരല്ല. രാഷ്ട്രീയ ലക്ഷ്യവുമില്ല. ആം ആദ്മിയെപ്പോലെ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുകയുമില്ല. അതുകൊണ്ട് തന്നെ ഇതിനെ ഒരു സംഘടന എന്നു വിളിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പിന്നെന്തിന് തിരഞ്ഞെടുപ്പ് സമയത്ത് ഇൗ വേദിയൊരുക്കി എന്നു ചോദിച്ചാൽ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നേ പറയാൻ കഴിയൂ. ഡിജിപി ജേക്കബ് പുന്നൂസ് നേതൃത്വം കൊടുക്കുന്നതു കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാരിനോടുള്ള വാശി തീർക്കാനാണെന്ന് കരുതരുത്. ഇതൊരു വേദി മാത്രമാണ്. യുവാക്കളാണ് ഇതിന്റെ മുൻനിരയിൽ. ഞങ്ങളെല്ലാം പിന്നണിയിലുള്ളവരാണ്.

നാം തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ നമുക്ക് വേണ്ടി എന്തെങ്കിലും ഫണ്ടനുവദിച്ചാൽ അവർക്ക് നന്ദി പ്രകടനവുമായി ഒരു പാട് ഫ്ലക്സുകൾ അണി നിരക്കുന്നതു കാണാം. ജനങ്ങളുടെ പണമാണ് അവർ ജനങ്ങൾക്കായി നൽകുന്നത്. അതു മനസിലാക്കാൻ പോലും നാം ശ്രമിക്കുന്നില്ല. നമ്മുടെ ചുറ്റും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയുമെല്ലാം അഴിമതിയിൽ കുളിച്ചിരിക്കുന്നു. രോഗം ഒരു കുറ്റമല്ല. പക്ഷേ രോഗിയെ ഒരു കുറ്റവാളിയെപ്പോലെയാണ് ആശുപത്രിക്കാർ കാണുന്നത്.

ഏതുമുന്നണിയിലും നല്ല ആളുകൾ ഒരുപാടുപേരുണ്ടാകും. അങ്ങനെയുള്ളവർക്ക് ഇൗ വേദിയിൽ ഒത്തുചേരാം. അഴിമതിക്കെതിരെ പ്രതികരിക്കാം. എന്റെ സന്ദേശം എന്ന സിനിമ ഇറങ്ങിയിട്ട് 25 വർഷമായി. ആ സിനിമയിൽ കാണിക്കുന്നതിന്റെ നൂറിരട്ടി അഴിമതിയാണ് ഇപ്പോഴുള്ളത്.

ഇപ്പോൾ അഴിമതി ഒരു ഗുണമായി കണക്കാക്കിയിരിക്കുകയാണ്. തെളിവില്ലെങ്കിൽ ആർക്കും അഴിമതി നടത്താം എന്നതാണ് അവസ്ഥ. ഇപ്പോൾ മാധ്യമങ്ങളെ മാത്രമേ അഴിമതി വീരന്മാർക്ക് ഭയമുള്ളൂ. അതിനൊരു മാറ്റം വേണം. അതാണ് എക്സൽ കേരളയുടെ ലക്ഷ്യം. സദ്ഭരണം, സുസ്ഥിര വികസനം അതാണ് മുദ്രാവാക്യം. ഇതിന്റെ പ്രവർത്തന പദ്ധതികൾ ആലോചിച്ചു വരുന്നതേ ഉള്ളൂ. തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം ഇതിനായി യോഗം ചേരേണ്ടതുണ്ട്, സത്യൻ അന്തിക്കാട് പറഞ്ഞു.