ആ നുണപ്രചരണത്തിനു പിന്നിൽ ബോഡിഗാർഡിന്റെ നിർമാതാവ്: സിദ്ദിക്ക്

താൻ മലയാളത്തിൽ സിനിമയ്ക്ക് കഥയെഴുതുന്നത് അന്യഭാഷയിലേക്ക് കൂടി കണ്ണും നട്ടാണെന്ന ആരോപണം നുണപ്രചരണമാണെന്ന് സംവിധായകൻ സിദ്ദിക്ക്. ബോഡിഗാർഡിന് ശേഷം ഉണ്ടായ വ്യാജ പ്രചരണമാണിത്. ബോഡിഗാർഡിന്റെ നിർമാതാവാണ് ഇത്തരത്തിലൊരു പ്രചാരണം തുടങ്ങിവച്ചത്. അയാൾ ഇൗ കഥവച്ച് അന്യ ഭാഷകളിൽ പണമുണ്ടാക്കും നമ്മളെ പെരുവഴിയാക്കും എന്നൊക്കെ പറഞ്ഞു നടന്നത് ബോഡി ഗാർഡിന്റെ നിർമാതാവാണ്.

അങ്ങനെയൊരു ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ ഹിറ്റ്ലർ സിനിമയിൽ മമ്മൂട്ടി മുണ്ടുടുക്കില്ലായിരുന്നുവെന്നും സിദ്ദിക്ക് പറഞ്ഞു. ഹിറ്റ്ലർ സിനിമയിൽ മമ്മൂട്ടി മുണ്ടുടുക്കണം എന്ന് സിദ്ദിക്കിനു നിർബന്ധമായിരുന്നു. പാന്റിട്ടാൽ പോരേ എന്ന് ലാലും മമ്മൂട്ടിയും ചോദിച്ചു. പാന്റിട്ടാൽ മറ്റുഭാഷകളിലേക്ക് ഡബ്ബുചെയ്യാമെ‌ന്നും മമ്മൂട്ടിയും ലാലും പറഞ്ഞിരുന്നു. നാടൻ ഹിറ്റ്ലർ ആയിരിക്കണം എന്ന നിർബന്ധംകൊണ്ടാണ് മുണ്ടിനായി വാശിപിടിച്ചതെന്ന് സിദ്ദിക്ക്.

എന്നാൽ മറ്റുഭാഷകളിലേയ്ക്കും സിനിമ ഡബ്ബ് ചെയ്യാം, അതുകൊണ്ട് പാന്റ് മതിയെന്നായി മമ്മൂട്ടി. ഒടുവിൽ മമ്മൂട്ടി മുണ്ടിനു വഴങ്ങി. അപ്പോഴും മുടി മുകളിലേയ്ക്ക് ചീകി വയ്ക്കാൻ സമ്മതിച്ചില്ല. ഇക്കാര്യത്തിൽ ലാലുമായി മമ്മൂട്ടി വഴക്കിട്ടു. ലാൽ പലതവണ പറഞ്ഞിട്ടും കേട്ടില്ല. സിദ്ദിക്കും രണ്ടുമൂന്നു തവണ പറഞ്ഞിട്ടും മുടി വശത്തേയ്ക്കേ ചീകൂ എന്ന വാശിയിൽ ഉറച്ചു നിന്നു മമ്മൂട്ടി. അന്ന് കഥാ പാത്രങ്ങൾക്കായി മമ്മൂട്ടി വിഗ്ഗ് വയ്ക്കാറില്ലായിരുന്നു.

തന്റെ ഇഷ്ടത്തിന് തലചീകാൻ കഴിയില്ലെങ്കിൽ മറ്റാരെയെങ്കിലും അഭിനയിപ്പിച്ചോ എന്നുവരെ മമ്മൂട്ടി പറഞ്ഞു. പക്ഷെ ഷോട്ടിന്റെ സമയമായപ്പോൾ മേക്കപ്പുമാൻ ജോർജിനെ വിളിച്ച് മുടി മുകളിലേയ്ക്ക് ചീകിവച്ചു. നിനക്ക് സമാധാനമായോ എന്നൊരു ചോദ്യവും. അതാണ് മമ്മൂക്ക(ആദ്യം കയ്ക്കും, പിന്നീട് മധുരിക്കും). – മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ സിദ്ദിഖ് ലാൽമാരുമായി നടത്തിയ അഭിമുഖത്തിലാണ് പഴയ ഹിറ്റ്ലറിനെ ഇരുവരും ഓർത്തെടുത്തത്.