ഇവന് മറുപടി പറഞ്ഞാൽ എനിക്ക് നാണമാകും; അനൂപ് മേനോനെതിരെ വിനയൻ

നടൻ അനൂപ് മേനോനെതിരെ സംവിധായകൻ വിനയൻ. അനൂപ് മേനോനെ സിനിമയിലേക്ക് കൊണ്ടുവന്നത് വിനയനായിരുന്നു. എന്നാൽ അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ രഞ്്ജിത്ത്് , ലാൽജോസ് എന്നീ വലിയ സംവിധായകരോടൊപ്പം മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും ബാക്കിയെല്ലാവരും ന്യൂജനറേഷൻകാരാണെന്നും അനൂപ് മേനോൻ പറഞ്ഞിരുന്നു. ആദ്യത്തെ സിനിമയായ കാട്ടു ചെമ്പകത്തിന്റെ പ്രിന്റ് കാണുമ്പോൾ കത്തിച്ചു കളയാൻ തോന്നുമോ എന്ന ചോദ്യകർത്താവിന്റെ ചോദ്യത്തിനും അനൂപ് മേനോൻ എതിർത്ത് മറുപടി പറ‍ഞ്ഞില്ല. ഇൗ ചിത്രത്തിൽ അഭിനയിച്ചത് നാണക്കേടായിപ്പോയി എന്ന രീതിയിലായിരുന്നു അനൂപ് മേനോന്റ പ്രതികരണം.

അനൂപ് മേനോന്റെ വാക്കുകൾ തന്നെ വിഷമിപ്പിച്ചെന്ന് സംവിധായകൻ വിനയൻ മനോരമ ഒാൺലൈനോട് പറ‍ഞ്ഞു. അയാളെ സിനിമയിലേക്ക് കൊണ്ടുവന്നത് ഞാനാണ്. അയാൾ തിരുവനന്തപുരത്ത് ചാൻസ് ചോദിച്ച് പോകാത്ത സംംവിധായകരില്ല. സീരിയലിൽ അഭിനയിച്ചു നടക്കുകയായിരുന്നു. സീരിയലിൽ അഭിനയിച്ചതുകൊണ്ട് ആരും ചാൻസ് തരുന്നില്ല, സാറാണ് എന്റെ അവസാന പ്രതീക്ഷയെന്ന് പറഞ്ഞാണ് അന്ന് അനൂപ് എന്നെ കാണാൻ വന്നത്. അഴകപ്പനൊക്കെ റെക്കമെന്റ് ചെയ്തിട്ടാണ് എന്റെയടുത്ത് വന്നത്. സാർ സീരിയലുകാരോട് വേർതിവൊന്നും കാണിക്കാറില്ലല്ലോ? കരുമാടിക്കുട്ടനിൽ സുരേഷ് കൃഷ്ണയ്ക്ക് ചാൻസ് കൊടുത്തല്ലോ, എന്നെ കൈവെടിയരുത് എന്നോക്കെ പറഞ്ഞു. അന്നു ഞാൻ അയാളോട് ഒാൾ ദ ബെസ്റ്റ് പറഞ്ഞാണ് വിട്ടത്, അഭിനയിപ്പിക്കാമെന്നൊന്നും ഉറപ്പു കൊടുത്തില്ല.

മിമിക്രി ബാക്ഗ്രൗണ്ടില്ല, വീട്ടിലും സിനിമാക്കാരില്ല: അനൂപ് മേനോ‍ൻ-അഭിമുഖം വായിക്കാം

കാട്ടുചെമ്പകത്തിന്റെ നിർമാതാവ് അരോമമണിക്ക് അനൂപിനെ അഭിനയിപ്പിക്കാൻ യാതൊരു താൽപര്യവുമുണ്ടിയിരുന്നില്ല. പിന്നെ എന്നോട് അവസാനം യോജിക്കുകയായിരുന്നു. നമ്മൾ എല്ലാപ്പടവും വിജയിക്കണമെന്നുകരുതിയാണ് എടുക്കുന്നത്. ഇയാളെ അഭിനയിപ്പിച്ചതു കൊണ്ടാണ് പടം പൊട്ടിപ്പോയതെന്ന് എനിക്കും പറയാമല്ലോ? ഞാൻ കത്തിനിൽക്കുന്ന സമയമാണ്. എനിക്ക് ഏത് താരത്തിന്റേയും ചാൻസ് കിട്ടുന്ന സമയമാണ്. അന്നത്തെ അയാളുടെ നന്ദിയും വാലാട്ടലുമൊക്കെ കാണേണ്ടതായിരുന്നു. കാട്ടുചെമ്പകം രണ്ടാഴ്ച തീയറ്ററിൽ ഒാടിയ പടമാണ്.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് എന്റെ സിനിമയെ തള്ളിപ്പറ‍ഞ്ഞത്. ഇൗ അഭിമുഖത്തിന്റെ ചോദ്യകർത്താവ് ഒരു സിനിമയിൽ നായകനായി അഭിനയിച്ചിരുന്നു. അത് രണ്ടു ദിവസം പോലും ഒാടിയിട്ടില്ല. അയാളാണ് എന്നെ പരിഹസിക്കുന്നത്. അനൂപ് മേനോനാണെങ്കിലും പൊട്ടിപ്പോയ എത്രയെത്ര ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. എന്നെ തള്ളിപ്പറഞ്ഞതിലൊന്നും എനിക്ക് വിഷമമില്ല. എന്റെ നല്ല സമയത്താണ് ഞാൻ അയാൾക്ക് ചാൻസ് കൊടുത്തത്. എന്നെ എന്തും പറഞ്ഞോട്ടെ, പക്ഷേ അയാളെന്ന സിനിമാ നടനെ ജനിപ്പിച്ചത് കാട്ടുചെമ്പകം എന്ന സിനിമയാണ്.
അച്ഛന് സൗന്ദര്യം കുറവാണെന്നു കരുതി അടുത്ത വീട്ടിലെയാളെ അച്ഛാ എന്നു വിളിച്ചതു പോലെയാണ് അനൂപ് മേനോൻ എന്റെ സിനിമയെ തള്ളിപ്പറ‍ഞ്ഞത്. സൂപ്പർ സ്റ്റാറുകളോട് ഞാൻ ഏറ്റുമുട്ടാറുണ്ട്, പക്ഷേ ഇവനൊടൊക്കെ മറുപടി പറഞ്ഞാൽ എനിക്കു തന്നെ നാണമാകും. സീരിയലിൽ എത്രയോ നല്ല അഭിനേതാക്കളുണ്ട്. അവരൊക്കെ നല്ല നടന്മാരുമാണ്. പക്ഷേ ആരെങ്കിലും അവരെ സഹായിക്കാൻ തയ്യാറായാൽ മാത്രമേ അവർക്ക് സിനിമയിൽ എത്തിച്ചേരാൻ കഴിയൂ.

ബ്യൂട്ടിഫുൾ സിനിയിറങ്ങിയ സമയത്ത് ഒരു പ്രമുഖ ചാനലിൽ നിന്ന് എന്നെ സിനിമയുടെ പ്രമോഷനു വേണ്ടി വിളിച്ചിരുന്നു. ബ്യൂട്ടിഫുളിൽ അഭിനയിച്ച ജയസൂര്യയും അനൂപ് മേനോനും മേഘ്നാരാജുമൊക്കെ ഞാൻ കൊണ്ടുവന്ന നടീനടന്മാരായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ വികെപിക്കും എന്നോടൊപ്പം ചേർന്നൊരു പരിപാടിക്ക് താൽപര്യമുണ്ടായിരുന്നു. സിനിമയ്ക്ക് പ്രമോഷനായിക്കോട്ടെ എന്നു കരുതി ഞാനും ഒകെ പറ‍ഞ്ഞു. പക്ഷേ , പിന്നീട് ചാനലിൽ നിന്നു തന്നെ എന്നെ വിളിച്ച് ആ പരിപാടി റദ്ദാക്കിയതായി പറഞ്ഞു,. കാരണം അനൂപ് മേനോന് എന്നോടൊപ്പം സഹകരിക്കാൻ താൽപര്യമില്ലത്രേ.

അയാൾ പലർക്കും വാക്കു കൊടുത്തിട്ടുണ്ടു പോലും വിനയനോട് സഹകരിക്കില്ലെന്ന്. അവരെ വിഷമിപ്പിച്ചാൽ സിനിമാ ജീവിതത്തിന് തടസമാകുമോ എന്ന് അയാൾ ഭയപ്പെട്ടിരുന്നു. ഇന്നും അതുപോലെ തന്നെയായരിക്കുമെന്ന് ഞാൻ കരുതുന്നു, എന്നെ തള്ളിപ്പറഞ്ഞാൽ മറ്റു പലരുടേയും പ്രീതി നേടാം എന്ന് അയാൾ കരുതുന്നുണ്ടാകും. അന്നും ഇന്നും അയാളോട് എനിക്ക് ഒന്നേ പറയാനുള്ളൂ , ഒാൾ ദ ബെസ്റ്റ്.