രാജീവ് രവിയ്ക്ക് വേണ്ടി ദുൽക്കറിന്റെ മേക്ക്ഓവർ

ദുൽക്കറിന്റെ പുതിയ ഗെറ്റപ്പ് ആരാധകരും ആകാംക്ഷയിലാണ്. പെട്ടന്ന് ഇത് എന്തുപറ്റി. താരം ആകെ മെലിഞ്ഞ് അവശനായ പോലെ. ദുൽക്കറിന്റെ ഈ മാറ്റം തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ്.

ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ദുൽക്കറിന്റെ മാറ്റം. ചിത്രത്തിന് വേണ്ടി എട്ടുകിലോയോളം ഭാരമാണ് ദുൽക്കർ കുറച്ചത്. കമ്മാട്ടി പാടം എന്നു പേരിട്ടിരിക്കുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. മൂന്ന് ഗെറ്റപ്പുകളിലാകും ദുൽക്കർ എത്തുക.

ബാഗ്ലൂര്‍ സ്വദേശി ഷോണ്‍ റോമിയാണ് കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. എണ്‍പതുകളില്‍ കൊച്ചിയില്‍ നടന്ന സംഭവമാണ് സിനിമയുടെ പ്രമേയം. സിനിമ അവസാനഘട്ട ചിത്രീകരണത്തിലാണ്. സുരാജ് വെഞ്ഞാറമൂട്, വിനായകൻ എന്നിവരാണ് മറ്റുതാരങ്ങൾ.

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലിയാണ് ദുല്‍ഖറിന്റേതായി റിലീസിന് തയ്യാറാവുന്ന ചിത്രം. രാജീവ് രവിയുടെ ചിത്രം പൂര്‍ത്തിയായാല്‍ ദുല്‍ഖര്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക് കടക്കും.