ദുൽഖർ എത്തി, മമ്മൂട്ടിയും ദിലീപും എത്തുന്നു

ദുൽഖർ എത്തി, മമ്മൂട്ടിയും ദിലീപും എത്തുന്നു. സിനിമാ ചിത്രീകരണങ്ങൾ തൃശൂരിലേക്കു സജീവമായി തിരിച്ചെത്തുകയാണ്. ചെമ്മീൻ എന്ന മാന്ത്രിക സിനിമയിലൂടെ കച്ചവട സിനിമയുടെ ലോകത്തു ചുവടുറപ്പിച്ച തൃശൂരിലേക്ക് അടുത്ത കാലത്തായി സിനിമാ പ്രവർത്തകർ കൂട്ടത്തോടെ എത്തുകയാണ്.

ചിത്രീകരിച്ച സിനിമകൾ വിജയിക്കാൻ തുടങ്ങിയതോടെ ഭാഗ്യ ലൊക്കേഷനെന്ന പേരും തൃശൂരിനു വീണു.സത്യൻ അന്തിക്കാട് തന്റെ മൂന്നു പതിറ്റാണ്ടു പിന്നിട്ട സിനിമാ ജീവിതത്തിൽ ആദ്യമായൊരു ചിത്രം തൃശൂരിൽ ചിത്രീകരിക്കുന്നു. ദുൽഖർ സൽമാൻ നായകനും അനുപമ പരമേശ്വരൻ നായികമാരിൽ ഒരാളുമായ സിനിമയുടെ ചിത്രീകരണം ഒരു മാസത്തോളം നഗരത്തിൽ തുടരും. പ്രൊഡക്‌ഷൻ മാനേജരായിരുന്ന സേതു മണ്ണാർക്കാട് ഈ സിനിമയിലൂടെ നിർമാതാവുന്നു.

ഫുൾമൂൺ സിനിമയെന്നാണു പുതിയ നിർമാണ കമ്പനിയുടെ പേര്. ദുൽഖർ നായകനായ സൂപ്പർ ഹിറ്റായ ചാർലിയുടെ ക്ലൈമാക്സ് ചിത്രീകരിച്ചതു തേക്കിൻകാട് മൈതാനത്താണ്. പ്രാഞ്ചിയേട്ടൻ എന്ന സിനിമ മമ്മൂട്ടിക്കും തൃശൂരിനും നൽകിയതു പുതുജീവനാണ്. മമ്മൂട്ടി വീണ്ടുമെത്തുന്നതു പുതുമുഖ സംവിധായകന്റെ സിനിമയ്ക്കു വേണ്ടിയാണ്. ഷാജി നടേശനാണു നിർമാതാവ്. പൂർണമായും തൃശൂരിൽ ചിത്രീകരിക്കുന്ന സിനിമയാണിത്. ഇതിനു ശേഷം ദിലീപ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

എന്നാണു ചിത്രീകരണം ആരംഭിക്കുന്നതെന്ന് അടുത്ത ആഴ്ചയോടെ തീരുമാനമാകും. സുരാജ് വെഞ്ഞാറമൂട് നായകനായ സിനിമയുടെ ചിത്രീകരണവും ഇവിടെ പുരോഗമിക്കുന്നുണ്ട്. രാകേഷ് നിർമിക്കുന്ന നിവിൻ പോളിയുടെ പേരിടാത്ത സിദ്ധാർഥ് ശിവ സംവി‌ധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആദ്യഘട്ടം പൂർത്തിയായിക്കഴിഞ്ഞു.

രണ്ടാം ഘട്ടം ഉടൻ തുടങ്ങും. തൃശൂർക്കാരനായ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ജയസൂര്യയുടെ പുണ്യാളൻ അഗർബത്തീസ് എല്ലാംകൊണ്ടും തൃശൂർ ചിത്രമായിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായ ഒരേമുഖത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ഇവിടെ പൂർത്തിയായത്. ചാലക്കുടിയിൽ എല്ലാമാസവും മുടങ്ങാതെ നടക്കുന്ന ചിത്രീകരണം ഇതിനു പുറമെയാണ്.

എന്തു നേട്ടം?

ഹോട്ടലുകൾക്കാണു പ്രധാന നേട്ടം. വിവിധ വിഭാഗങ്ങളിലായി 50 മുറികളെങ്കിലും ഒരു സിനിമയുടെ ചിത്രീകരണത്തിനു വേണം. തുടർച്ചയായി 30– 50 ദിവസം വരെ. നഗരത്തിലെ മിക്ക ഹോട്ടലുകളിലും ഇപ്പോൾ സിനിമാ പ്രവർത്തകരുണ്ട്. സിനിമാ നിർമാതാക്കൾ എത്തുന്നതു ലാഭം നോക്കിയാണ്. ഈ സമയത്തു കത്തിവയ്ക്കാതെ മാർക്കറ്റ് പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഹോട്ടലുകൾ നേട്ടമുണ്ടാക്കും. നിർമാണം നടന്നതിനു ശേഷമുള്ള അഭിപ്രായം കേട്ടാണു പുതിയ നിർമാണ കമ്പനികൾ എത്തുന്നത്.

ചിത്രീകരണത്തിനു സ്ഥലം നൽകുമ്പോൾ ഇപ്പോൾ പലരും വാങ്ങുന്നതു കത്തി നിരക്കാണ്. ഇതു ഗുണം ചെയ്യില്ല. സിനിമാ ചിത്രീകരണത്തിനു കുറഞ്ഞ നിരക്കിൽ സ്ഥലം കിട്ടുന്നിടത്തേക്കു സ്വാഭാവികമായും അവർ പോകും. സിനിമാ സൗഹൃദ നഗരമാകാൻ തൃശൂർ തയാറായാൽ ഇവിടെ താരത്തിളക്കം കൂടും. അടുത്തു വിമാനത്താവളം ഉള്ളതും പഞ്ചനക്ഷത്ര ഹോട്ടലുകൾ വന്നതുമെല്ലാം സിനിമയെ ഇവിടെ എത്തിക്കുന്നതിൽ വലിയ ഘടകങ്ങളാണ്. പ്രാദേശിക മാർക്കറ്റ് അതു മുതലെടുക്കുമോ എന്നു കണ്ടറിയണം.