തെരുവ് നായകളെ കൊല്ലില്ല; രഞ്ജിനിയ്ക്ക് ജയം

എറണാകുളം ജില്ലയിലെ മുഴുവന്‍ നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവയ്പെടുക്കാന്‍ ജില്ലാ പഞ്ചായത്തിന്‍റെ നീക്കം. തെരുവുനായശല്യം നിയന്ത്രിക്കാന്‍ വഴിതേടി മൃഗസ്നേഹികളെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിനൊടുവിലാണ് തീരുമാനം. നായ്ക്കളെ ഏറ്റെടുത്ത് വളര്‍ത്താന്‍ തയ്യാറുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും മൃഗസ്നേഹികളെ അറിയിച്ചു.

തെരുവുനായശല്യത്തിന് പരിഹാരം തേടി ജില്ലാ പഞ്ചായത്ത് കഴിഞ്ഞയാഴ്ച വിളിച്ച ജനപ്രതിനിധികളുടെ യോഗം മൃഗസ്നേഹികളുടെ ഇടപെടലോടെ അലങ്കോലമായിരുന്നു. ടെലിവിഷന്‍ അവതാരക രജ്ഞിനി ഹരിദാസിന്‍റെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ അന്നുയര്‍ത്തിയ പ്രതിഷേധം സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചയായിരിക്കെയാണ്, ഇവരെ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രത്യേകയോഗം നടന്നത്. ഇത്തവണയും മൃഗസ്നേഹികളുടെ രോഷം അണപൊട്ടി. പലപ്പോഴും മാധ്യമങ്ങള്‍ക്കെതിരെ.‌‌‌

അക്രമം നടത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കാമെന്നും നിരപരാധികളായ നായ്ക്കളെ വെറുതെ വിടണമെന്നുമുള്ള വാദമാണ് ഇത്തവണയും ഉയര്‍ന്നുകേട്ടത്. യുക്തിസഹമായ നിലപാടുകളും ചിലര്‍ ഉന്നയിച്ചു.

എല്ലാത്തിനെയും കൊന്നൊടുക്കുക പ്രായോഗികമല്ല എന്ന നിലപാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആവര്‍ത്തിച്ചു. ആയിരക്കണക്കിന് നായ്ക്കളില്‍ നിന്ന് പേവിഷബാധ ഉള്ളവയെയോ ആക്രമകാരികളെയോ തിരിച്ചറിയാനും എളുപ്പമല്ല. അതുകൊണ്ട് വീട്ടില്‍ വളര്‍ത്തുന്നവ അടക്കം ജില്ലയിലെ എല്ലാ നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവയ്പെടുക്കാന്‍ തീരുമാനമായി. ഈമാസം ഏഴ് മുതല്‍ ഏഴ് ദിവസമായി പദ്ധതി പൂര്‍ത്തിയാക്കും. ഒപ്പം, തെരുവുനായ്ക്കളെ ഏറ്റെടുക്കാന്‍ തയ്യാറുള്ളവരോട് എവിടെ വളര്‍ത്തും, എത്രയെണ്ണത്തെ വളര്‍ത്തും, എന്ന് തുടങ്ങി എല്ലാ വിവരങ്ങളും അറിയിക്കാനും ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ച് സാന്പത്തിക സഹായം വാങ്ങിനല്‍കാമെന്നാണ് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പള്ളിയുടെ ഉറപ്പ്.