ഫഹദും തോല്‍ക്കും ഈ ഓട്ടത്തിന് മുന്നിൽ

ങേ...ഈ സീൻ ഏതോ സിനിമയിൽ കണ്ടിട്ടുണ്ടല്ലോ എന്ന് ജീവിതത്തിലെ ചില സന്ദർഭങ്ങളില്‍ തോന്നിയിട്ടില്ലേ. ഉണ്ടാകും. ഇന്നൊരു വാർത്ത കേട്ടപ്പോഴും അങ്ങനെ തോന്നിയിരിക്കാം. ആ വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനത്തിലെ ധീരനായ നേതാവ് പൊലീസിനെ കണ്ടപ്പോൾ ഓടിത്തകർത്തത് കണ്ടപ്പോഴല്ലേ അത്. വെറുതെയല്ല അത് സത്യമാണ്. നിങ്ങൾ ഇതേ സീൻ സിനിമയിൽ കണ്ടിട്ടുണ്ട്. ഒരു ഇന്ത്യൻ പ്രണയകഥയിൽ ഫഹദ് ഫാസിൽ ഓടിയ പോലെ. പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ സമരവും നേതാവിന്റെ ഓട്ടവും ദാ ഇപ്പോൾ ട്രോൾ ചരിത്രത്തിൽ തങ്കലിപികളിൽ തകർത്തെഴുതപ്പെടുകയാണ്.

പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന പ്രവർത്തനമാണ് യുവ രാഷ്ട്രീയ നേതാവ് നടത്തിയത്. ലക്ഷ്യം സാധിക്കുന്നതു വരെ സമരം തുടരുമെന്നു പ്രഖ്യാപിച്ച നേതാവ് പൊലീസ് വടിയും പൊക്കിയിറങ്ങിയതോടെ ഓടിയത് വെറും ഓട്ടമല്ല ഓടിയത് ഓടടാ ഓട്ടം സമാധാനപരമായി നടന്നുവന്ന സമരം അക്രമത്തിന്റെ പാതയിലേക്കെത്തിയപ്പോൾ പൊലീസും വയലന്റായി. വടിയും തൂക്കി പൊലീസ് ഇറങ്ങി ഷർട്ടിനു കുത്തിയെടുത്ത് സമരക്കാരെ ഓടിച്ചു വിടുന്നതിനിടയിലായിരുന്നു സംഭവം. തീപ്പൊരി പ്രസംഗം നടത്തിയ നേതാവിനെ നോക്കിയവർക്ക് കാണുവാനായത് മുണ്ടിന്റെ ഒരറ്റം പൊക്കിപ്പിടിച്ച് പാഞ്ഞോടുന്ന നേതാവിനെയായിരുന്നു. ഒരു ഇന്ത്യൻ പ്രണയകഥയിലെ ആ സീനിന്റെ തനിയാവർത്തനം തന്നെയായിരുന്നു അത്.

പറയുന്നത് അൽപം കൂടിപ്പോകുമെങ്കിലും, ചിലപ്പോൾ സാക്ഷാൽ ഉസൈൻ ബോൾ‌ട്ടു പോലും തോറ്റുപോയേക്കാം ഇവർക്കു മുൻപിൽ. എന്തായാലും ട്രോളൻമാർക്കു സദ്യ കിട്ടി നമുക്കും. ട്രോളൻമാർ വാണിടുന്ന കാലത്ത് ആരും അങ്ങനെ രക്ഷപ്പെടാമെന്ന് കരുതരുത് എന്നു പറയുന്നത് ഇതുകൊണ്ടാണ്. എന്തായാലും സംവിധായകൻ സത്യന്‍ അന്തിക്കാടിനേയും തിരക്കഥാകൃത്ത് ഡോ. ഇക്ബാൽ കുറ്റിപ്പുറത്തിനും തകർപ്പനൊരു കയ്യടി കൊടുക്കണം.