ചന്ദ്രേട്ടന്‍ എവിടെയാ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി

തിയറ്ററുകളില്‍ ഇപ്പോഴും ഓടുന്ന ദിലീപ് ചിത്രം ചന്ദ്രേട്ടന്‍ എവിടെയാ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മുന്‍സിഫ് കോടതി പരിഗണിക്കവേയാണ് നിര്‍മാതാക്കള്‍ നിലപാട് അറിയിച്ചത്.

സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ഒരു വീട്ടമ്മയാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. സിനിമയിലെ സാങ്കല്‍പിക ഫോണ്‍ നമ്പര്‍ വീട്ടമ്മയ്‍ക്ക് വിനയായതാണ് പരാതിക്ക് കാരണം. ചിത്രത്തില്‍ നായികാ കഥാപാത്രമായ നമിതാ പ്രമോദ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ ആണ് വിനയായത്.

തിരുവനന്തപുരത്ത് ഡ്രൈവിങ് സ്‌ക്കൂള്‍ നടത്തുന്ന 39കാരിയായ വീട്ടമ്മയ്ക്ക് സിനിമ പ്രദര്‍ശനത്തിനെത്തിയത് മുതല്‍ നിരന്തരം ഫോണുകള്‍ വന്നു. ചിലര്‍ അശ്ലീല സന്ദേശങ്ങളയച്ചുവെന്നും ഇവര്‍ പറയുന്നു. ചിത്രം കണ്ടവര്‍ നമ്പര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. സിനിമയുടെ പ്രദര്‍ശനം ഉടന്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലും പരാതി നല്‍കിയിരുന്നു. നിര്‍മാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍.