ഫ്രൈഡേ ഫിലിം ഹൗസിന് പുതിയ അഡ്രസ്

വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന് പുതിയ ഓഫീസ്. മുകേഷും ലാൽ ജോസും േചർന്ന് ഉദ്ഘാടനം നിർവഹിച്ചു. മിഥുന്‍ മാനുവൽ തോമസ്, റോജിൻ തോമസ്, ഷിബു സുശീലൻ എന്നിവർ സന്നിഹിതരായിരുന്നു. മലയാളത്തിന് ഒരുപാട് നല്ലസിനിമകള്‍ സമ്മാനിച്ച ഫ്രൈഡേ ഫിലിംസിന്റെ പുതിയ തുടക്കത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്.

കൊച്ചി വിദ്യാനഗറിലാണ് പുതിയ ഓഫീസ്. ഉടമസ്ഥത കൈമാറിയ ശേഷം തുടക്കം കുറിക്കുന്ന ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഫീസ് കൂടിയാണിത്. ഒരുപിടി നല്ല ചിത്രങ്ങൾ കൂടി ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നും ഉടൻ പിറവിയെടുക്കും.

ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് ആണ് ഇതിൽ ആദ്യത്തേത്. ചിത്രത്തിൽ 86 പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ചെമ്പൻ വിനോദിന്റേതാണ് തിരക്കഥ. ചിത്രം റിലീസിനൊരുങ്ങുകയാണ്

മിഥുൻ മാനുവൽ തോമസ്–ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയുടെ രണ്ടാം ഭാഗം ഉടൻ ഷൂട്ടിങ് തുടങ്ങും. ഫിലിപ്സ് ആൻഡ് മങ്കിപെൻ രണ്ടാം ഭാഗത്തിന്റെയും ചർച്ചകൾ നടന്നുവരികയാണ്.