തൊട്ടതെല്ലാം പൊന്നാക്കി ഫ്രൈഡേ ഫിലിം ഹൗസ്

വിജയ്‌ ബാബുവും സാന്ദ്ര തോമസും

അഭിനേതാവും അഭിനേത്രിയുമായ സുഹൃത്തുക്കൾ ചേർന്ന് ബിസിനസ് ജീവിതത്തിന്റെ ഇന്നിങ്ങ്സ് മുന്നോട്ടു കൊണ്ടു പോകാൻ ആരംഭിച്ചപ്പോൾ തങ്ങൾക്കു പ്രിയപ്പെട്ട സിനിമ എന്ന മാധ്യമത്തെ അവർ നെഞ്ചോടു ചേർത്ത് നിർത്തി. നല്ല സിനിമകളിൽ അഭിനയിക്കുക എന്നതു പോലെ ഏറെ നല്ല സിനിമകൾ നിർമ്മിക്കുക എന്നതാണ് അവർ ഇരുവരും സ്വപ്നം കണ്ടത്. ആ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് കടന്നപ്പോൾ മലയാളത്തിൽ ന്യൂ ജെൻ സിനിമാ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന് വിജയ്‌ ബാബുവും സാന്ദ്ര തോമസും രൂപം നൽകി.

ഇരുവരുടെയും ആഗ്രഹം സഫലമാക്കുന്ന രീതിയിൽ തന്നെയായിരുന്നു പിന്നീടുള്ള യാത്ര. കൈ നിറയെ നല്ല ചിത്രങ്ങളുമായി മലയാളത്തിലെ സിനിമാ നിർമ്മാണ കമ്പനികൾക്ക് ഇടയിൽ ഫ്രൈഡേ ഫിലിം ഹൗസ് വേറിട്ട ശബ്ദമായി. ഏറെ വ്യത്യസ്തമായ കാഴ്ചപാടോടെ സിനിമകൾ എടുത്ത ഫ്രൈഡേ ഫിലിം ഹൗസ് തൊട്ടതെല്ലാം പൊന്നാക്കി എന്ന് പറയുന്നതിലും തെറ്റില്ല. ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ യുവതാരനിരയുടെ അടി കപ്യാരെ കൂട്ടമണിയും ഹിറ്റ്.

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് , ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തിയ സിനിമാ നിർമ്മാണ കമ്പനി എന്ന പേരും ഫ്രൈഡേ ഫിലിം ഹൗസ് സ്വന്തമാക്കി കഴിഞ്ഞു. 2012 ൽ പുറത്തിറങ്ങിയ ഫ്രൈഡേ മുതൽ ഒടുവിൽ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് വരെ, ഓരോ സിനിമയിലും പിന്നണിയിലും മുന്നണിയിലും പുതുമുഖങ്ങളെ പരീക്ഷിക്കാൻ ഫ്രൈഡേ ഫിലിംസിന് കഴിഞ്ഞു. നിർമിച്ച സിനിമകളെല്ലാം സംവിധാനം ചെയ്തത് നവാഗത സംവിധായകർ.

ലിജിൻ ജോസ്, റോജിൻ തോമസ്, മിഥുൻ മാനുവൽ, ജോൺ വർഗീസ്

ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച സിനിമകളുടെ മറ്റൊരു പ്രത്യേകത സൂപ്പർ സ്റ്റാറുകളുടെ തിരയിളക്കം ഇല്ലാതെയാണ് വിജയിച്ചത് എന്നത് തന്നെ. പെരുച്ചാഴി എന്ന സിനിമയിൽ മോഹൻലാൽ വന്നത് ഒഴിച്ചാൽ ബാക്കിയെല്ലാ സിനിമകളും സൂപ്പർ സ്റ്റാറുകൾ ഇല്ലാതെ ഇറങ്ങിയവയാണ്. യുവ സംവിധായകരെയും നായികാ- നായകന്മാരെയും ഒന്നിച്ചു നിർത്തുന്നതിൽ പൂർണ്ണ വിജയമാണ് ഫ്രൈഡേ ഫിലിം ഹൗസ്.

ഒരേ രീതിയിലുള്ള സിനിമകൾ തന്നെ നിർമ്മിച്ച് പണം വാരാൻ നോക്കാതെ, കോമഡി, ആക്ഷൻ, കുടുംബചിത്രം എന്ന് തുടങ്ങി വ്യത്യസ്ത വിഭാഗത്തിൽ പെട്ട ചിത്രങ്ങളുമായാണ് ഫ്രൈഡേ ഫിലിം ഹൗസ് സിനിമാ ലോകം കീഴടക്കിയത്. ഇതിൽ ഫ്രൈഡേ , മങ്കി പെൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങൾ പ്രത്യേക പ്രശംസ അർഹിക്കുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം തിയറ്ററുകളിൽ പ്രതീക്ഷ വിജയം നേടിയിരുന്നില്ലെങ്കിലും പിന്നീട് ചിത്രത്തിന്റെ സിഡി ഇറങ്ങിയപ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യുവതാരനിരയാൽ സന്പന്നമായ അടി കപ്യാരേ കൂട്ടമണിയും തിയറ്ററുകളിൽ കൂട്ടച്ചിരിയുടെ മണിമുഴക്കി മുന്നേറുന്നു.

ലിജിൻ ജോസ്, റോജിൻ തോമസ്, ഷാനിൽ മുഹമ്മദ്, മിഥുൻ മാനുവൽ, ജോൺ വർഗീസ് എന്നീ നവാഗതപ്രതിഭകളെ മലയാളത്തിലെത്തിക്കാൻ ഫ്രൈഡേ ഫിലിംസിന് സാധിച്ചു. സിനിമയുടെ കലാമൂല്യം ചോരാതെ തന്നെ, സിനിമാ വ്യവസായത്തെ മുന്നോട്ടു കൊണ്ട് പോകാൻ ഈ ന്യൂ ജെൻ സിനിമാ നിർമാണ കമ്പനിക്ക് കഴിയുന്നു എന്നത് മറ്റൊരു പ്രത്യേകത. ഇനിയും മലയാളത്തിന് മികച്ച സിനിമകൾ ഫ്രൈഡേ ഫിലിം ഹൗസ് സമ്മാനിക്കട്ടെ.