ഫ്രൈഡേ ഫിലിംസും കാര്‍ണിവല്‍ ഗ്രൂപ്പും ഒരുമിക്കുന്നു

മലയാളത്തില്‍ സിനിമാകാഴ്ചയുടെ വെള്ളിത്തിളക്കം സമ്മാനിച്ച ഫ്രൈഡേ ഫിലിംസ് ഇന്ത്യയിലെ പ്രമുഖ ഗ്രൂപ്പ് ആയ കാര്‍ണിവല്‍ ഗ്രൂപ്പുമായി സിനിമാസിനിമാനിര്‍മാണത്തില്‍ പങ്കാളികളാകുന്നു. ഈ വര്‍ഷം രണ്ടു ചിത്രങ്ങള്‍ ഇവര്‍ പുറത്തിറക്കും.

ജോണ്‍ വര്‍ഗീസ് എന്ന പുതുമുഖ സംവിധായകനെ അവതരിപ്പിക്കുന്ന അടി കപ്യാരേ കൂട്ടമണി ആണ് ഈ വര്‍ഷത്തെ ഇവരുടെ ആദ്യ ചിത്രം. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, മുകേഷ്, നമിത പ്രമോദ്, നീരജ് മാധവ് തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര.

രണ്ടാമത്തെ സിനിമ മുത്തു ഗൗവ്. നവാഗതനായ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ ചിത്രത്തില്‍ നായകനാകുന്നു.

അടുത്ത വര്‍ഷം കൂടുതല്‍ ചിത്രങ്ങള്‍ ഇവരില്‍ നിന്നും പുറത്തിറങ്ങും. പുതുമുഖങ്ങള്‍ക്കും സിനിമ സ്വപ്നം കണ്ടു നടക്കുന്ന ചെറുപ്പക്കാര്‍ക്കും പ്രാധാന്യം നല്‍കിയായിരിക്കും ചിത്രങ്ങള്‍ ഒരുക്കുക. അഭിനേതാക്കളായ വിജയ് ബാബുവിന്‍റെയും സാന്ദ്ര തോമസിന്‍റെയും നിര്‍മാണപങ്കാളിത്തത്തിലുള്ള സംരംഭമാണ് ഫ്രൈഡേ ഫിലിംസ്.

കാര്‍ണിവല്‍ പോലുള്ള വലിയ ബിസിനസ് ഗ്രൂപ്പിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പുതുമുഖങ്ങള്‍ക്ക് പ്രചോദനകരമായ രീതിയിലായിരിക്കും ഞങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നും വിജയിയും സാന്ദ്രയും പറഞ്ഞു.