കാറ്റിൽ കെട്ടുപോയ ഊർജ്ജപ്രവാഹം; സുഹൃത്തുക്കളുടെ സ്വന്തം ജിഷ്ണു

മത്സരിച്ചു മത്സരിച്ചു മത്സരത്തിനൊടുവിൽ ധൈര്യത്തോടെ പൊരുതിയ ദീപം കാറ്റിൽ കെട്ട് പോകുന്നത് പോലെയായിരുന്നു ആ യാത്രാമൊഴി.

മലയാള സിനിമാ ലോകത്ത് ഇത് വേർപാടുകളുടെ കാലമാണെന്ന് തോന്നുന്നു. ഒന്നും രണ്ടുമല്ല നിരവധി പേർക്ക് പിന്നാലെ നടൻ ജിഷ്ണു രാഘവനും മറ്റൊരു യാത്രയാരംഭിച്ചിരിക്കുന്നു. നാളുകളേറെയായി ക്യാൻസർ രോഗത്തിന്റെ തീവ്രമായ വേദനകളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും അദ്ദേഹം വിമുക്തി നേടിയിരുന്നില്ല. ഓരോ തവണ ആശുപത്രിയിലെ ഐസിയുവിൽ കിടക്കുമ്പോഴും പക്ഷേ ജിഷ്ണു പ്രതീക്ഷിച്ചിരുന്നു താൻ തിരികെയെത്തും, തന്റെ സുഹൃത്തുക്കളുടെ അരികിലേയ്ക്ക്, അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കാൻ, അച്ഛന്റെയും അമ്മയുടെയും കൈകളിലേയ്ക്ക് അവർക്ക് സന്തോഷം നൽകാൻ. ഓരോ തവണ മരണത്തെ അടുത്തുകണ്ടു, ആ കറുത്ത കൈകള തട്ടി മാറ്റി തിരികെ വരുമ്പോഴും ആ വാക്കുകൾ ജിഷ്ണു പറയാതെ തന്നെ സുഹൃത്തുക്കളും അടുത്തുള്ളവരും വിശ്വസിക്കുകയും ചെയ്തു. തങ്ങളെ എപ്പോഴും ഊര്ജ്ജം കൊണ്ട് നിറയ്ക്കാൻ എല്ലായ്പ്പോഴും ജിഷ്ണു തിരികെയെത്തുമെന്ന്. എന്നാൽ സിനിമാ ലോകത്തെ ഗ്രസിച്ചിരിക്കുന്ന ശനിയുടെ അപഹാരം ജിഷ്ണുവിനെയും കൊണ്ടുപോയി. ചിരിച്ച മുഖമുള്ള ആ നക്ഷത്രം ഇനി ആകാശത്ത് മിന്നിതിളങ്ങും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ജിഷ്ണു യാത്ര പറഞ്ഞത്. പഴയകാല സിനിമാ നടനായ രാഘവന്റെ മകനായി ജനിച്ചതു കൊണ്ടു മാത്രമല്ല സിനിമയിലെത്താനുള്ള കഴിവും അഭിനയ ശേഷിയും ജിഷ്ണുവിന് ഉണ്ടായിരുന്നു. രാഘവൻ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിൽ ബാലതാരമായി ജിഷ്ണു അഭിനയിച്ചത് ഒരുപക്ഷേ പലർക്കും അറിയാൻ വഴിയില്ല. ജിഷ്ണുവിനെ മലയാളിയ്ക്ക് കണ്ടുപരിചയം നമ്മൾ എന്ന ചിത്രത്തിലൂടെയാണ്. കെപിഎസി ലളിതയുടെ മകൻ സിദ്ധാർത്ഥനും രാഘവന്റെ മകൻ ജിഷ്ണുവും ഒന്നിച്ച് അഭിനയിച്ച നമ്മളിൽ ഇരുവരും മത്സരിച്ചു തന്നെയാണ് അഭിനയിച്ചത്. സംവിധാനത്തിലുള്ള താൽപര്യം കൊണ്ട് സിദ്ധാർത്ഥൻ ആ രംഗത്തേയ്ക്ക് തിരിഞ്ഞപ്പോൾ ജിഷ്ണു അഭിനയത്തിൽ തന്നെ ഉറച്ചു നിന്നു. ആ വഴിയിലേയ്ക്കാണ് ക്യാൻസർ എന്ന ദുരന്തത്തിന്റെ കടന്നു വരവ്.

ക്യാൻസർ ബാധിതനായി വേദനകളിൽ കിടക്കുമ്പോഴും സിനിമകളിൽ വരാൻ അദ്ദേഹം ശ്രമിച്ചില്ല. പക്ഷേ ഒരിക്കലും നിശബ്ദനായിരുന്നില്ല ജിഷ്ണു. സോഷ്യൽ മീഡിയയിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം പലതിനെ കുറിച്ചും ഉറക്കെ സംസാരിച്ചു കൊണ്ടേയിരുന്നു. ഓരോ തവണ മരണത്തെ കണ്ടു മടങ്ങി വരുമ്പോഴും ചിരിച്ചു കൊണ്ട് തന്നെ താൻ അതിനെ മറികടന്ന പോസ്റ്റുകൾ അദ്ദേഹം സുഹൃത്തുക്കളുമായി പങ്കുവച്ചു. ജിഷ്ണു രോഗശയ്യയിൽ കിടക്കുന്ന ചിത്രങ്ങൾ സുഹൃത്തുക്കൾ എടുത്ത് ഫെയ്സ്ബുക്കിൽ പങ്കു വച്ചപ്പോൾ അതിലും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചില്ല. താൻ എന്താണോ അതിനെ ആ രീതിയിൽ തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞോട്ടെ എന്ന കാര്യത്തിൽ അദ്ദേഹം വാശി കാട്ടിയില്ല. സോഷ്യൽ മീഡിയയുടെ ഇര കൂടിയായിരുന്നു ജിഷ്ണു എന്ന് പറയാതെ വയ്യ. പലരെയും കൊല്ലുന്ന കൂട്ടത്തിൽ ഒരിക്കൽ സോഷ്യൽ മീഡിയ തന്നെയും കൊന്നപ്പോൾ അത് താനല്ല എന്ന് വന്നു പറഞ്ഞ ചരിത്രവും ജിഷ്ണുവിനുണ്ട്. ഒന്നിനോടും അദ്ദേഹത്തിന് പകയും ഇല്ലായിരുന്നു, ഇത്തരം ആരോപണങ്ങളെ ഒക്കെയും എടുക്കേണ്ട നിസ്സാരതയിൽ മാത്രമേ ജിഷ്ണു എടുത്തുള്ളൂ.

തന്റെ പോസ്റ്റുകൾക്ക്‌ താഴെ വരുന്ന കമന്റുകൾക്ക് മറുപടി നൽകാനും ഒരിക്കലും അദ്ദേഹം മടി കാട്ടിയില്ല. അധികം സിനിമകളിൽ ഉണ്ടായിരുന്നില്ലെങ്കിലും ജിഷ്ണുവിനെ മറക്കാൻ ആർക്ക് കഴിയും? പ്രത്യേകിച്ച് ഇന്നത്തെ സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്ക്.