‘ബാഹുബലി’യ്ക്ക് ഇന്നു പിറന്നാൾ

ബാഹുബലിയിലൂടെ കരിയര്‍ മാറിമറിഞ്ഞ നടനാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്. വര്‍ഷവും ഛത്രപതിയും ബില്ലയും മിര്‍ച്ചിയും കൊണ്ടുതരാത്ത താരമൂല്യമാണ് അഞ്ചു വര്‍ഷം നീക്കിവച്ച ബാഹുബലി ഇതിനോടകം തന്നെ പ്രഭാസിന് നേടിക്കൊടുത്തത്. ബാഹുബലിയിലൂടെ മലയാളത്തിൽ പോലും നടന് ആരാധകരേറി.

സൂര്യനാരായണ രാജുവിന്റെയും ശിവകുമാരിയുടേയും ഇളയ മകനായ പ്രഭാസ് 2002 ൽ ഈശ്വർ എന്ന സിനിമയിലൂടെയാണ് തെലുങ്ക് സിനിമാഭൂമിയിലേക്ക് തേരിലേറുന്നത്. രാഘവേന്ദ്ര, വർഷം തുടങ്ങി എണ്ണം പറ‍ഞ്ഞ സിനിമകൾ. ഛത്രപതിയെന്ന സിനിമ പ്രഭാസിനെ സൂപ്പര്‍ താരമാക്കി.

സൂപ്പര്‍സ്റ്റാർ പദവിയിലേക്ക് കുതിച്ചുയർന്നെങ്കിലും ‘തെലുങ്കു സിനിമയിലെ നമ്പർ വൺ’ എന്ന വിശേഷണത്തെക്കുറിച്ച് പ്രഭാസ് പറഞ്ഞത് ഇങ്ങനെയായിരുന്നു:‘‘നമ്പർ വൺ ’ എന്നൊന്നും അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. പത്തിരുപതു വർഷം തോൽവികളൊന്നുമില്ലാതെ ഈ രംഗത്തു നിന്നവരാണ് യഥാർത്ഥ ഒന്നാം സ്ഥാനക്കാർ. ഒന്നോ രണ്ടോ സിനിമ വിജയിച്ചാൽ ഒന്നാം നിര താരമായി എന്നു വിശ്വസിക്കുന്നില്ല.’’

ആരാധകർക്കു വേണ്ടിയായിരുന്നു പ്രഭാസിന്റെ ഓരോ സിനിമയും. അതുകൊണ്ടു തന്നെ ബാഹുബലി പ്രതീക്ഷയുടെ വലിയ ലോകമാണ് ആരാധകർക്ക് നൽകിയത്. സിനിമയ്ക്കു വേണ്ടി വിവാഹം പോലും മാറ്റിവച്ചെന്ന വാർത്ത അവരെ ആവേശം കൊളളിച്ചു. തടി കൂട്ടാനും മസിലുകൾ വർധിപ്പിക്കാ നു‌ം മണിക്കൂറുകള്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതും അതിനുവേണ്ടി ദിവ‌സേന നാൽപതു മുട്ടയുടെ വെളള കഴിക്കുന്നതും വർക്കൗട്ടിനായി ഒന്നര കോടിയുടെ ജിം ഉപകരണങ്ങൾ വിദേശത്തു നിന്ന് വരുത്തിയതും ആരാധകർ ആഘോഷിച്ചു. ‍