ഇത്രേം വലിയ കണ്ണുണ്ടല്ലോടാ... മത്തങ്ങ പോലെ

‘‘നിനക്കിത്രേം വലിയ കണ്ണുണ്ടല്ലോ. മത്തങ്ങ പോലെ. ദേഹത്ത് വന്നിടിച്ചിട്ടാണോടാ സോറി? ’’ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഇന്‍ ഹരിഹര്‍ നഗറിലെ സേതുമാധവന്‍റെ മുത്തച്ഛന്റെ ആരും മറക്കാത്ത ഡയലോഗാണ് ഇത്. പറവൂര്‍ ഭരതൻ എന്ന പ്രതിഭ അരങ്ങൊഴിയുമ്പോൾ അദ്ദേഹത്തിന്‍റെ ഓര്‍മകളുമായി മുകേഷും സിദ്ദിഖും ജഗദീഷും ഉൾപ്പെടുന്ന ഹരിഹർ നഗർ ടീം മനോരമ ഓൺലൈനൊപ്പം ചേരുന്നു.

നഷ്ടമായത് മലയാള സിനിമയുടെ ഓള്‍റൗണ്ടർ സ്ഥാനത്തിരുന്ന കാരണവർ; മുകേഷ്

മലയാളസിനിയുടെ ആൾറൗണ്ടർ സ്ഥാനത്തിരുന്ന കാരണവരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. നാടക നടൻ എന്നതു തന്നെയാണ് ഭരതൻ ചേട്ടന്റെ ഏറ്റവും വലിയ അഭിനയസമ്പത്ത്.

ചേട്ടനിൽ നിന്നും ഒരുപാടു കാര്യങ്ങൾ പഠിച്ചെടുക്കാനുണ്ടായിരുന്നു. പണ്ടൊക്കെ സെറ്റിലിരിക്കുമ്പോൾ സിനിമയിലെ അദ്ദേഹത്തിന്റെ അനുഭവ കഥകൾ കേട്ടിരിക്കുമായിരുന്നു. വലുപ്പ ചെറുപ്പമില്ലാതെ പെരുമാറുകയും വ്യക്തിപരമായ കാര്യങ്ങൾ വരെ തുറന്നു പറയുകയും ചെയ്യുന്ന വ്യക്തിയായിരുന്നു ഭരതൻ ചേട്ടൻ. സിനിമയെക്കുറിച്ച് നാം അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ സമയം കിട്ടുമ്പോള്‍ പറഞ്ഞു തരുമായിരുന്നു. എല്ലാത്തരം കഥാപാത്രങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വില്ലൻ ആയാലും കൊമേഡിയൻ ആയാലും സ്വഭാവനടൻ ആയാലും ഭരതൻ ചേട്ടനിൽ കഥാപാത്രങ്ങൾ ഭദ്രമായിരുന്നു. ഒരുപക്ഷേ നാടകത്തിന്റെ പശ്ചാത്തലത്തിൽ നിന്നു വന്നതു കൊണ്ടാകാം ഇൗ വഴക്കം.

അല്ലാതെ ഗോഷ്ടികളൊന്നും കാണിച്ചല്ല അദ്ദേഹം അഭിനയിച്ചിരുന്നത്. അതുതന്നെയാണ് ഒരു നടന്റെ പക്വതയും. കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കുന്ന വളരെ ചുരുക്കം പേരിൽ ഒരാളായിരുന്നു അദ്ദേഹം. യുവാക്കള്‍ ചിന്തിക്കുന്നതിനനുസരിച്ചു പെരുമാറിയിരുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ ആയിരുന്നു. അസാധ്യ ഹ്യൂമർ സെൻസും ഉണ്ടായിരുന്നു. ‌‌ ഇൻഹരിനഗര്‍ ടു എടുക്കുന്ന സമയം ഭരതൻ ചേട്ടൻ സുഖമില്ലാതെ കിടക്കുകയായിരുന്നു. ഞങ്ങൾ നാലുപേരും പിന്നീട് അദ്ദേഹത്തെ കാണാൻ ചെന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു നിങ്ങള്‍ ഇൻഹരിനഗറിന്റെ രണ്ടാംഭാഗം എടുത്തപ്പോൾ എന്നെ വിളിച്ചില്ലല്ലോ എന്ന്. ഞങ്ങൾ പറഞ്ഞു ചേട്ടാ ഇതിൽ ഗീതാ വിജയൻ ഇല്ല അങ്ങനെ പല താരങ്ങളും ഇല്ല എന്ന്.

ഞാൻ ചോദിച്ചു ഹരിഹർ നഗറിൽ ജഗദീഷിനെ കൂട്ടിമുട്ടുന്ന രംഗവുമായ ബന്ധപ്പെട്ട ഒരു കഥ പരക്കുന്നുണ്ടല്ലോ ശരിയാണോ എന്ന്. സംഭവം ഇതായിരുന്നു ജഗദീഷിനെ കൂട്ടിമുട്ടി താഴെ വീഴാൻ പറ്റില്ലെന്ന് ആദ്യം അദ്ദേഹം പറഞ്ഞുവെന്നും പിന്നീട് ഒരു പെണ്ണിന്റെ ദേഹത്തേക്കാണ് വീഴുന്നതെന്നു കേട്ടപ്പോൾ സമ്മതിച്ചെന്നും. അപ്പോൾ അദ്ദേഹം പറഞ്ഞു കാര്യം ശരിയാണെന്ന്. സത്യത്തിൽ ഞങ്ങളോ‌ടൊപ്പം തമാശയുടെ ഒാളം സൃഷ്ടിക്കാൻ അദ്ദേഹം വെറുതെ പറഞ്ഞതാണ് അതു ശരിയാണെന്ന്. ഇങ്ങനെ മറ്റുള്ളവരുടെ താൽപര്യങ്ങൾ കൂടികണക്കിലെടുത്ത് പെരുമാറുന്ന വ്യക്തിയായിരുന്നു ഭരതൻ ചേട്ടൻ.

അടുപ്പമുള്ള വ്യക്തിയെ നഷ്ടപ്പട്ട വേദന:സിദ്ദിഖ്

എന്‍റെ വീടിനോട് വളരെ അടുത്താണ് പറവൂര്‍ എന്നു പറയുന്ന സ്ഥലം. ചെറുപ്പം മുതലേ ഭരതേട്ടനെ അറിയാം. ഒരിക്കല്‍ പോലും വലിയൊരു നടനാണെന്നോ താരമാണെന്നോ ഭാവിക്കാത്ത ഒരു പച്ചമനുഷ്യനായിരുന്നു ഭരതേട്ടന്‍. വളരെ അടുപ്പമുള്ള വ്യക്തിയെ നഷ്ടപ്പട്ട വേദനയാണ് ഞാന്‍ അനുഭവിക്കുന്നത്.

പകരംവയ്ക്കാന്‍ കഴിയാത്ത നടനവൈഭവം:ജഗദീഷ്

മലയാളസിനിമയില്‍ പകരംവയ്ക്കാന്‍ കഴിയാത്ത നടനവൈഭവമാണ് ഭരതേട്ടന്‍. ഇന്‍ ഹരിഹര്‍ നഗറിലും ഗോഡ്ഫാദറിലും ഒക്കെ അദ്ദേഹം തകർത്തഭിനയിച്ചു. ഭരതേട്ടന്‍ ആ സെറ്റില്‍ ഉള്ളപ്പോൾ ആ പ്രസന്‍സ് ഞങ്ങള്‍ക്കെല്ലാം പ്രചോദനമായിരുന്നു. മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്‍റെ പെരുമാറ്റം തന്നെ കണ്ടു പഠിക്കേണ്ടതാണ്. ചില പ്രത്യേക ഭാവങ്ങള്‍ ഒരു മിമിക്രികലാകാരനും അനുകരിക്കാന്‍ സാധിക്കില്ല. കണ്ണുവെട്ടിച്ചുള്ള ചില അഭിനയങ്ങള്‍ കഴുത്ത് വെട്ടിച്ചുള്ള ചില ഭാവങ്ങള്‍ അതൊക്കെ തിയറ്ററില്‍ ഉയര്‍ത്തിയ ചിരി ഒരു കാലത്തും മലയാളിക്ക് മറക്കാന്‍ കഴിയില്ല. ജഗദീഷ് പറഞ്ഞു.