ജഗതി പങ്കെടുത്ത ചടങ്ങില്‍ നാടകീയരംഗങ്ങള്‍

ജഗതി ശ്രീകുമാറിനെ പങ്കെടുപ്പിച്ച് പി.സി ജോര്‍ജ് നടത്തിയ പരിപാടിയിലേക്ക് മകള്‍ ശ്രീലക്ഷ്മി അപ്രതീക്ഷിതമായി ഓടിക്കയറി. ജഗതിയുടെ കവളില്‍ ചുംബനം നല്‍കി. തുടര്‍ന്ന് സംഘാടകര്‍ ശ്രീലക്ഷ്മിക്ക് ജഗതിക്കരികില്‍ തന്നെ ഇരിപ്പടം നല്‍കി. പിന്നീട് ശ്രീലക്ഷ്മി വേദിയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

അച്ഛന് തന്നെ മനസ്സിലായെന്നും കുറച്ച് കാര്യങ്ങള്‍ സംസാരിച്ചെന്നും പറയുന്നതെല്ലാം മനസ്സിലാകുന്നുണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു. തിരിച്ച് ഇറങ്ങുന്നതിന് മുന്‍പ് തനിക്ക് ചുംബനം നല്‍കിയെന്നും ശ്രീലക്ഷ്മി പറഞ്ഞു.

ശ്രീലക്ഷ്മിയെ അച്ഛനെ കാണാ‍ന്‍ അനുവദിച്ചിരുന്നില്ലെന്നും ഒരുനോക്ക് കാണാനാണ് പരിപാടി നടക്കുന്നിടത്ത് അവള്‍ പോയതെന്നും ശ്രീലക്ഷ്മിയുടെ അമ്മ മനോരമയോട് പറഞ്ഞു.

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന താരം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി പൊതുവേദിയില്‍ എത്തിയ ചടങ്ങിലായിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.

എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഉന്നതവിജയം നേടിയ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനാണ് പി.സി. ജോര്‍ജിന്റെ ക്ഷണമനുസരിച്ച് ജഗതി പൊതുവേദിയില്‍ എത്തിയത്. ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നുന്നത്. ഭദ്രദീപം തെളിച്ച് ജഗതി പരിപാടി ഉദ്ഘാടനം ചെയ്തു.

2012 മാര്‍ച്ച് 10ന് കോഴിക്കോട് വച്ചാണ് ജഗതിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രി, വെല്ലൂര്‍ എന്നിവിടങ്ങളിലെ ചികിത്സയ്ക്കു ശേഷം ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ്.