ചാർലി കണ്ട ജപ്പാൻകാർക്ക് പറയാനുള്ളത്

ചാർലിയേയും അയാളുടെ ജീവിതവും കണ്ട് ആകെ അമ്പരന്നിരിക്കയാണ് ജപ്പാൻകാർ. ദുല്‍ക്കർ സൽമാന്റെ ഹിറ്റ് ചിത്രം ചാർലി ജപ്പാൻകാരുടെ ഇഷ്ടം നേടിയെടുത്തു. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ചിത്രം ജപ്പാൻ തീയറ്ററുകളിൽ ചിത്രംത്തിന്റെ ആദ്യ പ്രദർശനം നടന്നത്. അന്നു മുതൽക്കേ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

അതിമനോഹരം. ചിത്രം കണ്ടുകഴിഞ്ഞപ്പോൾ മനസു നിറഞ്ഞു. ശുഭാപ്തി വിശ്വാസം പകരാനാകുന്നുണ്ട് സിനിമയ്ക്ക് എന്നായിരുന്നു ഒരാളുടെ പ്രതികരണം. ജപ്പാൻ കമ്പനി ഡോസോയ്ക്കൊപ്പം ചേർന്ന് സെല്ലുലോയ്ഡ് ജപ്പാൻ എന്ന ഇന്ത്യൻ ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ചിത്രത്തിന്റെ വിതരണമേറ്റെടുത്ത് നടത്തിയത്. ഇവർ ഫേസ്ബുക്കിൽ ജപ്പാൻകാരുടെ പ്രതികരണമറിയിക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു മുൻപ് ഇവർ ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെ പത്ത് ഇന്ത്യൻ സിനിമകൾ ജപ്പാനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പക്ഷേ ജപ്പാനീസ് ഭാഷയിലെ സബ്ടൈറ്റിലോടെ ആദ്യമായിട്ടാണ് ഒരു ചിത്രം പ്രദർശിപ്പിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത സിനിമ കേരളത്തിലെ തീയറ്ററുകളിലും നിറഞ്ഞോടിയിരുന്നു.