ചെണ്ടയുമായി ജയറാം ജയിലിലേക്ക്

സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കൊപ്പം ചെണ്ടയില്‍ താളം പെരുക്കാന്‍ ചലച്ചിത്രനടന്‍ ജയറാം വരുന്നു. തടവുകാര്‍ക്കു ജയറാം തന്നെ സമ്മാനിച്ച ചെണ്ടകളിലാകും മേളപ്പെരുക്കം. ഓഗസ്റ്റ് പതിനാറിനു ജയില്‍ ഗ്രൌണ്ടില്‍ മേളം അരങ്ങേറും. ജയിലിലെ ചെണ്ട പരിശീലനത്തെക്കുറിച്ച് അറിഞ്ഞ ജയറാം കഴിഞ്ഞ ഏപ്രിലിലാണു തടവുകാര്‍ക്കായി പത്തു ചെണ്ടകള്‍ സമ്മാനിച്ചത്.

ജയിലില്‍ നടത്തിയ ചെണ്ട പരിശീലനത്തില്‍ പങ്കെടുത്ത 11 തടവുകാര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സ്വന്തമായി ചെണ്ടയില്ലാത്തതിനാല്‍ വാടകയ്ക്കെടുത്താണു പരിശീലനത്തിനും അരങ്ങേറ്റത്തിനും ഉപയോഗിച്ചത്. ഇതറിഞ്ഞാണു ചെണ്ട നല്‍കാന്‍ ജയറാം എത്തിയത്.

ജയറാമിന്റെ മേളപ്രിയത്തെക്കുറിച്ചു വായിച്ചറിഞ്ഞ തടവുകാരന്‍ ജയിലിലേക്കു ചെണ്ട നല്‍കാമോ എന്നാരാഞ്ഞു ജയറാമിനു കത്തെഴുതി. കത്ത് കിട്ടിയ ഉടന്‍ ജയറാം അനുകൂല മറുപടി അറിയിക്കുകയായിരുന്നു. ഫാന്‍സ് അസോസിയേഷന്റെയും ജയറാം ചെണ്ട അക്കാദമിയുടെയും നേതൃത്വത്തിലാണു ചെണ്ടകള്‍ എത്തിച്ചത്. തടവുകാരുടെ ചെണ്ടമേളം കാണാന്‍ വൈകാതെ ജയില്‍ സന്ദര്‍ശിക്കുമെന്നും അന്ന് അറിയിച്ചിരുന്നു. ഇഷ്ട നടനോടൊപ്പം ചെണ്ട കൊട്ടാനുള്ള തടവുകാരുടെ കാത്തിരിപ്പിനൊടുവിലാണ് ജയറാം ജയിലിലെത്തുന്നത്.