ഗതികേടുകൊണ്ടാണ് ഇങ്ങനെ പറയുന്നത്; ജയസൂര്യ

സാമൂഹികവിഷയങ്ങളിൽ ഇതാദ്യമായൊന്നുമല്ല നടൻ ജയസൂര്യ ഇടപെടുന്നത്. റോഡുകളിലെ പ്രശ്നങ്ങളെക്കുറിച്ചാണ് അദ്ദേഹം ഏറ്റവുമധികം സംസാരിച്ചിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും. ഇപ്പോഴും അങ്ങനെ തന്നെ. ഇന്നു രാവിലെ അദ്ദേഹം നേരിട്ടു കണ്ട ഒരപകടത്തെക്കുറിച്ചും അത് സംഭവിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും വികാരനിർഭരനായ ജയസൂര്യ സംസാരിക്കുന്നു. മുമ്പത്തെ പോലല്ല മുഖ്യമന്ത്രിയോട് നേരിട്ടാണ് ജയസൂര്യ ഈ വിഡിയോ സന്ദേശം.

ജയസൂര്യയുടെ സന്ദേശം വായിക്കാം–

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്, സാറിനെ അന്ന് നേരിട്ട് കണ്ടപ്പോൾ പറയാൻ പറ്റാതിരുന്ന ഒരു കാര്യമാണ്. ഗതികേട് കൊണ്ടാണ് ഇങ്ങനെയൊരു വിഡിയോ ഇപ്പോൾ പോസ്റ്റ് ചെയ്യേണ്ടി വന്നത്. ഇന്ന് രാവിലെ പുറത്തിറങ്ങിയപ്പോൾ ഒരു ചെറുപ്പക്കാരൻ റോഡിലേക്ക് വീണ് അവന്റെ കൈ ഒടിയുന്ന കാഴ്ച എനിക്ക് കാണുവാൻ സാധിച്ചു. അവന്റെ തലയിൽ ഹെൽമെറ്റും ഉണ്ടായിരുന്നു.

സാർ, ഞങ്ങൾക്ക് വേണ്ട അടിസ്ഥാനപരമായ കാര്യം റോഡുകളുടെ ശോചനീയാവസ്ഥ മാറ്റി തരണമെന്നത് മാത്രമാണ്. ആളുകൾ വീട്ടിലെത്തുന്നതു തന്നെ മണിക്കൂറുകൾക്ക് ശേഷമാണ്. എത്രപേരാണ് റോ‍ഡിലെ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നത്. സാറിന് ഞങ്ങളോട് സ്നേഹമുണ്ടെങ്കിൽ തീർച്ചയായും ഇതിന് ഉടൻ തന്നെ പരിഹാരം കാണണമെന്ന് അറിയിച്ച് കൊള്ളുന്നു. നന്ദി.