ജയസൂര്യയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഒരു സിനിമാനടൻ എന്നതിലുപരി ജയസൂര്യ എന്ന നടനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ പ്രവർത്തികൾ തന്നെയാണ്. സിനിമയ്ക്കപ്പുറത്ത് നിന്നാണ് അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്നത്. നേരിട്ടും സാമൂഹ്യമാധ്യമങ്ങളിലൂടെയും സഹായഹസ്തവുമായി ജയസൂര്യ നമുക്കരികിലെത്തും. ചിലപ്പോൾ അത് വാക്കുകളിലൂടെയാകാം. അങ്ങനെയൊരു ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ആളുകൾക്കിടയിൽ ചർച്ചയാകുന്നത്.

നന്നായി എന്ന് പറയാൻ മടിയ്ക്കുന്ന നമ്മൾ "

നമ്മൾ എത്ര നന്നായി ഒരു കാര്യം ചെയ്താലും അത് നന്നായി എന്നു പറയുന്നത് ചുരുക്കം ആളുകളാണ്... നമുക്ക് എല്ലാം, ആ... കൊഴപ്പമില്ല.. ഹാ...കൊള്ളാം.. ഹാ... ഓക്കെ..ഇതൊക്കെയാണ് മാക്സിമം നമ്മുടെ വായീന്ന് വരുന്നത്...

ഒരു ദിവസം എന്റെ ഫ്രണ്ടിനോട് , ഹേയ് ...നീ എന്താടാ അവനാട് നന്നായീന്ന് പറയാതിരുന്നേ എന്ന് ഞാൻ ചോദിച്ചപ്പോ അവൻ പറഞ്ഞത് " നീ ഒന്ന് മിണ്ടാതിരുന്നേടാ... എന്നിട്ട് വേണം ഇനി അവന്റെ ജാഡേം കൂടി കാണാൻ" ഇതൊക്കെയാണ് നമ്മുടെ ചിന്ത. ഇനി നന്നായീന്നോ,, ഗംഭീരമായീന്നോ, അസ്സലായീ ന്നൊക്കെ, പറഞ്ഞാൽ, അപ്പോ നമ്മൾ പറയും ,ഉം... നല്ല സുഖിപ്പിക്കലാണെന്ന്.. കഴിഞ്ഞ ദിവസം മുടി വെട്ടാൻ പോയപ്പോ അവിടെത്തെ പയ്യനോട് എന്റെ ഹെയർ കട്ട് കഴിഞ്ഞപ്പൊ ഞാൻ പറഞ്ഞു , നന്നായിട്ട്ണ്ട്രാ മോനേന്ന്... അവൻ ഉടനെ പറഞ്ഞത്, വെറുതെ കളിയാക്കല്ലേ ചേട്ടാന്നാ ..., ഞാൻ പിന്നേം പറഞ്ഞു ...അല്ലെടാ സത്യായിട്ടും പറഞ്ഞതാ..

അപ്പോ അവൻ പറയാ.. "അല്ല ചേട്ടാ നമ്മളൊക്കെ രാവിലെ തൊട്ട് വൈകുന്നേരം വരെ ചത്ത് പണിയെടുത്താലും, 'നന്നായീന്നൊന്നും 'ആരും പറയാറില്ല.. പിന്നേ..ശമ്പളമെങ്ങാനും ഞാൻ കൂട്ടി ചോദിച്ചാലോ എന്ന് വിചാരിച്ചിട്ടാന്ന് തോന്നണു, മൊതലാളി ഒരു നല്ല വാക്ക് പോലും പറയാറൂല്ല, എന്നാ തെറിയക്ക് ഒട്ടും ഒരു കൊറവൂല്ല, ഞാൻ ചെലപ്പോ ഒടനെ തന്നെ ഇവിടന്ന് ചാടും .. പൈസ മാത്രം അല്ലല്ലോ ചേട്ടാ എല്ലാം..എന്നും പറഞ്ഞ് അവൻ അകത്തേക്ക് പോയി.

ശരിയാല്ലേ.. പൈസയേക്കാളുമൊക്കെ എത്രയോ നമ്മൾ ആഗ്രഹിയ്ക്കുന്ന ഒന്നാണ് നമ്മൾ ചെയ്തതിനെ ഒന്ന് അംഗീകരിക്കുക, ഒരു നല്ല വാക്ക് കേൾക്കുക എന്നത്, തെറ്റുകൾ ഉണ്ടാകും പക്ഷേ അതിനെ മാത്രം ഫോക്കസ് ചെയ്യാതെ,ശരികളെ കൂടി അംഗീകരിച്ചാൽ, പ്രോത്സാഹിപ്പിച്ചാൽ, അത് അവരോട് തന്നെ പറഞ്ഞാൽ (വീട്ടിൽ ഉള്ളവരോട് ഉൾപ്പെടെ ) ആരും തന്റെ ജോലിയിൽ ഇപ്പോ ഉള്ളതിനേക്കാൾ വളരും.

നമ്മളൊക്കെ വില കൂടിയ കാറുകൾ പോലെയാണ് ,അതിലേക്ക് ഒഴിയ്ക്കേണ്ട പെട്രോളാണ് ഈ അനുമോദനങ്ങൾ , അല്ലെങ്കിൽ നല്ല വാക്കുകൾ എന്നു പറയുന്നത്..ആ പെട്രോൾ ഇല്ലാതെ വരുമ്പോഴാണ് ആ വണ്ടിയെ നമ്മൾ പുറകിൽ നിന്ന് താങ്ങേണ്ടി വരുന്നതും, ആ വണ്ടിയെ തന്നെ മാറ്റാൻ തോന്നുന്നതും.. "തെറ്റ്" അത് അവനെ മാത്രം മാറ്റി നിർത്തി പറയാനുള്ളതാണ്. 'അംഗീകാരം ' അത് എല്ലാവരുടെയും മുന്നിൽ വെച്ച് നൽകാനുള്ളതും" അപ്പൊ കാര്യങ്ങൾ ഗംഭീരമായി നടക്കട്ടെ..."