ശിൽപമോൾ തിര‌ിച്ചറിഞ്ഞു, പ്രിയനടന്റെ ശബ്ദം

അമ്പലത്തറ മൂന്നാംമൈലിലെ ശിൽപമോളുടെ വീട്ടിലെത്തിയ ജയസൂര്യ

എന്റെ ശബ്ദം കേട്ടിട്ടുണ്ടോ? നടൻ ജയസൂര്യ ചോദ്യത്തിന് മറുപടി പറയാൻ ശിൽപ മോൾക്ക് താമസം വേണ്ടി വന്നില്ല. ജയസൂര്യയല്ലേ എന്ന അവളുടെ മറുപടിയിൽ താരത്തിന്റെ മനസുലഞ്ഞു. പിന്നീട് അവൾക്കൊപ്പം കളിയും ചിരിയുമായി ഏറെനേരം കഴിഞ്ഞാണ് താരം മടങ്ങിയത്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലൊരുങ്ങിയ സായി പ്രസാദം ഭവനപദ്ധതിയുടെ ഉദ്ഘാടനത്തിൽ സംബന്ധിക്കാനെത്തിയതായിരുന്നു ജയസൂര്യ. പരിപാടി കഴിഞ്ഞപ്പോൾ ദുരിതബാധിതരുടെ വീടുകൾ സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു.

അങ്ങനെയാണ് അമ്പലത്തറ മൂന്നാംമൈലിലെ ശിൽപ മോളുടെയും അമ്പലത്തറ ബിദിയാലിലെ മിഥുൻ മോഹനന്റെയും വീട്ടിലേക്ക് ജയസൂര്യ എത്തുന്നത്. അസ്ഥി പൊടിയുന്ന രോഗം ബാധിച്ച് കഴിയുന്ന മൂന്നാംമൈലിലെ ഗംഗന്റെയും വാസന്തിയുടെയും മകൾ ശിൽപയുടെ വീട്ടിലേക്കാണ് ജയസൂര്യ ആദ്യമെത്തിയത്. ശിൽപയെ കണ്ടപ്പോൾ തന്നെ താരം തന്നെ അറിയുമോയെന്ന് ചോദിച്ചു. ടിവിയിൽ കേൾക്കുന്ന ശബ്ദം തിരിച്ചറിഞ്ഞ ശിൽപ, തന്നെ കാണാൻ വന്നത് ജയസൂര്യയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഒടുവിൽ ജയസൂര്യയ്ക്ക് വേണ്ടി നല്ലൊരു പാട്ടും ശിൽപ പാടി.

മൂന്നാമത്തെ വയസ്സിലാണ് ശിൽപയ്ക്ക് അസ്ഥിരോഗം പിടിപെടുന്നത്. കൂടെ ശ്വാസം മുട്ടലും കൂട്ടായുണ്ട്. കാഴ്ച ശക്തിയുമില്ല. സ്വന്തമായി വീടില്ലാത്ത ഈ കുടുംബമിപ്പോൾ സഹോദരിയുടെ വീട്ടിലാണ് താമസം. പിന്നീട് ജയസൂര്യയെത്തിയത് ബിദിയാലിലെ മോഹനന്റെയും സുമതിയുടെ മകൻ മിഥുൻ മോഹനന്റെ അരികിലായിരുന്നു. വീട്ടിലെത്തിയ ഉടനെ താരം മിഥുനെ വാരിയെടുത്തു. ഒരുപാട് സംസാരിച്ചെങ്കിലും കണ്ണുകളിലേക്ക് നോക്കിയിരിക്കാനേ മിഥുന് കഴിഞ്ഞുള്ളൂ. ജൻമനാ അസുഖബാധിതനായ മിഥുന് ഏഴ് വയസായെങ്കിലും ഇതുവരെ നടക്കാൻ കഴിഞ്ഞിട്ടില്ല. ശോഷിച്ച ആ ശരീരത്തിൽ എന്നും വേദനകൾ മാത്രമാണ് കൂട്ട്. ഇവർക്കും സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വീട്ടുകാരുടെ സങ്കടത്തിൽ പങ്കു ചേർന്ന് ഇനിയും കാണാമെന്ന മറുപടിയുമായി താരം മടങ്ങി.