സിനിമയിലൂടെ നല്ല സന്ദേശം നൽകിയ സംവിധായകൻ: ജോണി ആന്റണി

ജോണി ആന്റണി, ശശി ശങ്കർ

സിനിമയിൽ ഒരു നല്ല സന്ദേശമുണ്ടാകണമെന്നും നന്മയുണ്ടായിരിക്കണമെന്നും നിർബന്ധമുളള സംവിധായകനായിരുന്നു ശശി ശങ്കറെന്നനു ജോണി ആന്റണി. ശശിശങ്കറിന്റെ ദിലീപ് നായകനായ ചിത്രം കുഞ്ഞിക്കൂനന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ജോണി ആന്റണി.

ലളിതമായ സബ്ജക്ടുകളെ ലളിതമായി പൂർത്തീകരിക്കുവാനായിരുന്നു എപ്പോഴുമിഷ്ടം. വ്യത്യസ്തമായ കഥകളായിരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. കുഞ്ഞിക്കൂനന്‍ പോലുള്ള ചിത്രങ്ങൾ എടുത്ത ഒരാളെന്ന നിലയിൽ അറിയാമല്ലോ അദ്ദേഹത്തിന്റെ സിനിമാ സമീപനത്തെ കുറിച്ച്. ബെന്നി പി.നായരമ്പലം കുഞ്ഞിക്കൂനന്റെ കഥ പറ‍ഞ്ഞപ്പോഴെ അദ്ദേഹം ഇതു ചെയ്യണം എന്നു സമ്മതിക്കുകയായിരുന്നു. മലയാളത്തിൽ എടുത്തതു പോലെ മനോഹരമായി തമിഴിലും ആ ചിത്രം ചെയ്തു.

അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുവാനായത് നല്ലൊരു അനുഭവം എന്നു മാത്രമല്ല, അതൊരു ഭാഗ്യം കൂടിയായിരുന്നു. സിനിമ കാണുമ്പോൾ പ്രേക്ഷകരിലേക്കു നല്ല സന്ദേശമെത്തണം എന്ന ചിന്ത പോലെ തന്നെയായിരുന്നു കൂടെ പ്രവർത്തിക്കുന്നവരോടും അദ്ദേഹത്തിന്റെ സമീപനം. നമുക്കും അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നു പഠിക്കുവാൻ സാധിക്കണം എന്നു ചിന്തിച്ചിരുന്നു.

പ്രമേയങ്ങൾ സ്വീകരിക്കുന്നതിൽ എടുത്ത നിലപാടുകളാകാം ഒരുപാടധികം ചിത്രങ്ങളെടുക്കാത്തതിനു കാരണം. പക്ഷേ പ്രഗത്ഭനായ സംവിധായകനായിരുന്നു അദ്ദേഹം. കൂടെ പ്രവർത്തിച്ച എല്ലാവർക്കും അനുഭവിക്കുവാനാകും അദ്ദേഹത്തിന്റെ പ്രതിഭയെ. ജോണി ആന്റണി പറഞ്ഞു.