ഞാന്‍ മടുത്തു; ഭയമാകുന്നു: ജോമോന്‍ ടി. ജോണ്‍

കേരളത്തിലെ തിയേറ്ററുകളിലെ മോശം നിലവാരത്തെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനത്തില്‍ വിശദീകരണവുമായി ജോമോന്‍ ടി. ജോണ്‍. എറണാകുളത്തെ ഒരു തിയറ്ററില്‍ നിന്നും എന്നു നിന്‍റെ മൊയ്തീന്‍ കണ്ട താന്‍ തകര്‍ന്നുപോയെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തിയറ്ററുകാര്‍ പ്രേക്ഷകരെ കബളിപ്പിക്കുകയാണെന്ന ജോമോന്‍റെ പ്രസ്താവന വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു. മാത്രമല്ല ജോമോനെതിരെ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതിന് പിന്നാലെ ഈ വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി ജോമോന്‍ രംഗത്തെത്തിയത്.

ഇതെന്‍റെ വ്യക്തിപരമായ അഭിപ്രായം ആണെന്ന് പറഞ്ഞാണ് കുറിപ്പുതുടങ്ങുന്നത്. ഏതെങ്കിലും പ്രത്യേക വിഭാഗത്തെ ലക്ഷ്യമാക്കിയായിരുന്നില്ല എന്റെ പ്രസ്താവന. മറിച്ച് ഒരു സിനിമാ സ്‌നേഹി എന്ന നിലയ്ക്കുള്ള ഭയമാണ് ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ കാരണമായത്.

‘തിയറ്ററുകള്‍ പ്രേക്ഷകരെ കബളിപ്പിക്കുന്നു’

എനിക്കും സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുസുഹൃത്തുക്കള്‍ക്കും ഇതൊരു പുതിയ പ്രശ്നമല്ല. എന്നാല്‍ ഞാന്‍ മടുത്തു, ഈ പ്രശ്നം പുറത്തുപറയാന്‍ എന്നു നിന്‍റെ മൊയ്തീന്‍ ഒരുകാരണമായത് അങ്ങനെയാണ്. ഒരു നല്ല സിനിമാആസ്വാദനത്തിന് വേണ്ടി യാതൊരു പരിശ്രമവും തിയറ്റര്‍ ഉടമകള്‍ നടത്തുന്നില്ല. മാസങ്ങളും ദിവസങ്ങളും നീണ്ട കഷ്ടപ്പാടുകള്‍ക്കൊടുവിലാണ് ഒരു സിനിമ ഇറങ്ങുന്നത്. അതിലെ ഓരോ ചെറിയ നിമിഷങ്ങളും ഏറ്റവും മികച്ച സാങ്കേതികനിലവാരത്തോടെയാണ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്. എന്നാല്‍ ഇത് തിയറ്ററുകളിലൂടെ പ്രേക്ഷകരില്‍ എത്തുന്പോള്‍ ഈ തുകയെല്ലാം പാഴാകുകയാണ്.

പ്രേക്ഷകരോടും സിനിമാസാങ്കേതികപ്രവര്‍ത്തകകോടും നീതിപുര്‍ത്തുന്ന ചില നല്ല തിയറ്ററുകളുണ്ട്. എന്നാല്‍ എണ്ണം വളരെ കുറവ്. നല്ല പ്രൊജക്ടറും ഉപകരണങ്ങളുമുണ്ടെങ്കില്‍ സിനിമ നന്നായി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാകും എന്ന കാര്യം തിയറ്ററുകാര്‍ മനസ്സിലാക്കണം.

മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ആളുകള്‍ കൂടുതല്‍ വരുമെന്ന് തിരുവനന്തപുരം ഏരീസ് തീയേറ്ററില്‍ ബാഹുബലിക്കു ലഭിച്ച 2 കോടി കലക്ഷനിലൂടെ വ്യക്തമാണ്. നമുക്ക് പിന്തുണനല്‍കുന്ന നിര്‍മാതാക്കളും മികച്ച സംവിധായകരും അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും ഉണ്ടായിട്ടും എന്തുകൊണ്ട് ഒരു സിനിമ പ്രേക്ഷകരില്‍ എത്തുന്പോള്‍ പരാജയപ്പെടുന്നു. ഇതു പരിഹരിക്കാന്‍ ആരുമില്ല.

ഗണേഷ് കുമാർ മന്ത്രിയായിരുന്നപ്പോൾ തിയറ്ററുകൾക്കു ഗ്രേഡിങ് സമ്പ്രദായം കൊണ്ടുവന്നിരുന്നു. സാങ്കേതിക സൗകര്യങ്ങളും മറ്റു സൗകര്യങ്ങളും വിലയിരുത്തിയായിരുന്നു ഗ്രേഡിങ്. ഇതു ഫലപ്രദമായി നടപ്പാക്കിയിരുന്നെങ്കിൽ പ്രേക്ഷകനു നല്ല തിയറ്ററുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. എല്ലാവരും അങ്ങനെ ചിന്തിക്കണം.

ഒരു സിനിമാസ്നേഹി എന്ന നിലയില്‍ മികച്ച ആസ്വാദനനിലവാരം നല്‍കുന്ന തിയറ്ററുകള്‍ നമ്മുടെ അവകാശമാണെന്ന ബോധ്യം ഉണ്ടാകണം. ജോമോന്‍ പറയുന്നു.