ആൻമരിയ സൂപ്പറാണെന്ന് ജൂഡും മേജർ രവിയും

മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തെ പ്രശംസിച്ച് സിനിമാപ്രവർത്തകരും. സംവിധായകരായ മേജർ രവി, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയത്.

ജൂഡ് ആന്റണിയുടെ വാക്കുകളിലേക്ക്–

ആന്‍മരിയ കലിപ്പിലാണ്, ഒത്തിരി നന്മകളുള്ള ഒരു സുന്ദരന്‍ സിനിമ. സണ്ണിവയ്ന്‍ ,സൈജു കുറുപ്പ്, അജു ,സാറ, ദുൽഖർ,സിദ്ധിക്ക് എല്ലാവരും മികച്ചു നിന്നു. സിജുവിന്‍റെ പി.ടി മാഷും, ശരതായി അഭിനയിച്ച മിടുക്കനും അവിനാഷ് ആയി വന്ന മിടുക്കനും വിസ്മയിപ്പിച്ചു. പക്ഷെ ഒത്തിരി അഭിമാനവും സന്തോഷവും തോന്നിയത് ‘എ മിഥുൻ മാനുവൽ ഫിലിം’ എന്ന് എഴുതി കാണിച്ചപ്പോഴാണ്. ഓശാനയില്‍ കൂടെ തുഴഞ്ഞ കൂട്ടുകാരാ നിന്നെ ഓർത്ത് അഭിമാനംകൊള്ളുന്നു.

ഈ സിനിമയുടെ അണിയറപ്രവർത്തകരെ പേരെടുത്ത് പ്രശംസിച്ചാണ് മേജർ രവി എത്തിയത്. ദുൽഖറിന്റെ അതിഥിവേഷം ഗംഭീരമായെന്നും അദ്ദേഹം പറയുന്നു. കൊച്ചുകുട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ സിനിമ നിർമിക്കാൻ ധൈര്യം കാണിച്ച നിർമാതാവിനെയും അദ്ദേഹം പ്രശംസിച്ചു. ഇത് മലയാളസിനിമാലോകത്തിന് പ്രചോദനമാണെന്നും മേജർ രവി പറഞ്ഞു.