സെൻസർ‌ കട്ടുകളില്ലാതെ ഡോ. ബിജു–റിമ ചിത്രം

റിമ കല്ലിങ്കൽ–ഇന്ദ്രജിത് എന്നിവരെ പ്രധാനതാരങ്ങളാക്കി ഡോ.ബിജു സംവിധാനം ചെയ്യുന്ന ചിത്രം കാട് പൂക്കുന്ന നേരത്തിന് യു സർട്ടിഫിക്കറ്റ്. സെൻസിറ്റീവായ ഒരു രാഷ്ട്രീയ വിശ്വാസം ചർച്ച ചെയ്യുന്ന ചിത്രമായതിനാൽ സെൻസറിങ് സംബന്ധിച്ച് ഏറെ ആശങ്കൾ ഉണ്ടായിരുന്നെന്നും എന്നാൽ ഒരു രംഗം പോലും കട്ട് ചെയ്യാത്ത സെൻസർ ബോർഡിന്റെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഡോ. ബിജു പറഞ്ഞു.

ബിജുവിന്റെ കുറിപ്പ് വായിക്കാം–

കാട് പൂക്കുന്ന നേരം" ഇന്ന് സെൻസർ ചെയ്തു. വളരെ സെൻസിറ്റീവ് ആയ ഒരു രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായതിനാൽ സെൻസറിങിനെ കുറിച്ചു ഏറെ ആശങ്കകളും ഉണ്ടായിരുന്നു .
ഏതെങ്കിലും തരത്തിലുള്ള സെൻസർ കട്ട് നിർദ്ദേശിച്ചാൽ കോടതിയിൽ പോകുമെന്ന് ആലോചിച്ചുറപ്പിച്ചു തന്നെയാണ് ഇന്ന് ചിത്രത്തിന്റെ സെൻസറിങിനെത്തിയത്.

സ്‌ക്രീനിങിനു ശേഷം ചർച്ചയ്ക്കായി സെൻസർ ബോർഡ് അംഗങ്ങളുടെ അടുത്തേക്ക്... സെൻസർ ബോർഡ് ഓഫീസർ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുഖവുര ഒന്നുമില്ലാതെ പറഞ്ഞു,,
"ഈ ചിത്രത്തിന് ഞങ്ങൾ ക്ളീൻ സർട്ടിഫിക്കറ്റ് നൽകുന്നു. കൃത്യമായ ഒരു രാഷ്ട്രീയ സിനിമ ആണിത്. നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയം കൃത്യമായി സിനിമയിൽ പ്രകടിപ്പിച്ചിട്ടുമുണ്ട്. അത് ജനങ്ങളുടെ രാഷ്ട്രീയമാണ്. വളരെ മനോഹരമായി, ശക്തമായി നിങ്ങൾ അത് പറഞ്ഞിരിക്കുന്നു. ഈ സിനിമ കണ്ടപ്പോൾ എനിക്ക് ഇതിൽ നിന്നും ഒന്നും കട്ട് ചെയ്യണമെന്ന് തോന്നുന്നില്ല. അത് കൊണ്ട് മനോഹരമായ സിനിമ...ശക്തമായ രാഷ്ട്രീയം..."ക്ളീൻ യു('U' Certificate) സർട്ടിഫിക്കറ്റ് !

കോടതി എന്നൊക്കെ ആലോചിച്ചു വന്ന എനിക്ക് നിശബ്ദത...ഇതാണ് പറയുന്നത് സെൻസർ ബോർഡിനെ എപ്പോഴും വിശ്വസിക്കരുത് എന്ന്.... അപ്പോൾ പ്രിയ സുഹൃത്തുക്കളെ,, " കാട് പൂക്കുന്ന നേരം "ആദ്യ കടമ്പ കടന്ന് സെൻസർഷിപ് നേടിയിരിക്കുന്നു....ഡോ. ബിജു പറഞ്ഞു.