Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ മരണം: കേസ് അന്വേഷണം വഴി തെറ്റിക്കാൻ ശ്രമം നടന്നതായി സൂചന

kalabhavan-mani

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴി തെറ്റിക്കാൻ ശ്രമം നടന്നതായി പൊലീസിന്റെ വിലയിരുത്തൽ. മരണത്തെ തുടർന്ന് വ്യത്യസ്ത ദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ച തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാർത്തകൾ അന്വേഷണത്തിന്റെ ദിശ മാറ്റാനായിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് എന്നിവ വഴി വൈറലായ സന്ദേശങ്ങളുടെ ഉറവിടം പൊലീസ് അന്വേഷിക്കുന്നുണ്ട്.

ചാനൽ അവതാരകൻ തരികിട സാബുവാണ് പ്രതിയെന്ന നിലയിലാണ് ആദ്യം പ്രചാരണമുണ്ടായത്. ഇത്തരത്തിൽ തെറ്റായ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സാബു കായംകുളം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. മരണത്തിന് മുൻപുള്ള ദിവസം മണിയെ തേടിയെത്തിയ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മണിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായി മണിയുടെ ആന്തരികാവയവങ്ങളും രക്ത സാംപിളും ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കാത്തിരിക്കുകയാണ് അന്വേഷണസംഘം. നേരത്തെ കൊച്ചി കാക്കനാട്ടെ സംസ്ഥാന ഫൊറൻസിക് ലാബിൽ അയച്ച ആന്തരികാവയവങ്ങളും രക്ത സാംപിളുമാണ് തിരിച്ചു വാങ്ങി ഹൈദരാബാദിലേക്ക് അയച്ചത്.

മണിയെ പരിചരിച്ച കൊച്ചി അമൃത ആശുപത്രിയിലെ പരിശോധനാ ഫലവും കാക്കനാട്ടെ പരിശോധനാ ഫലവും തമ്മിലുള്ള വൈരുധ്യം മൂലം കേസ് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് സൂക്ഷ്മമായ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടർ ‍ഡോ. ആർ. രമേശിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെ ആശുപത്രിയിലെത്തി പരിശോധനാ ഫലവും ചികിൽസാ രേഖകളും പരിശോധിച്ചിരുന്നു.

related stories
Your Rating: