ദിലീപ് പറഞ്ഞു, കാഞ്ചനമാല കേസ് പിൻവലിച്ചു

എന്ന് നിന്റെ മൊയ്തീൻ സിനിമാപ്രവർത്തകർക്കെതിരെ കാഞ്ചനമാല നൽകിയ കേസ് പിൻവലിച്ചു. ദിലീപിന്റെ അഭ്യർഥനപ്രകാരമാണ് കാഞ്ചനമാല കേസ് പിൻവലിച്ചത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ദിലീപ് നടത്തിയ നിരന്തരപരിശ്രമം തന്നെയാണ് കാ​ഞ്ചനമാലയുടെ മനസ് മാറ്റാൻ കാരണമായത്.

കഴിഞ്ഞ ദിവസമാണ് ബിപി മൊയ്തീൻ സേവാമന്ദിരത്തിന്റെ ശിലാസ്ഥാപനം ദിലീപ് ഏറ്റെടുത്ത് നിർവഹിച്ചത്. ബി.പി. മൊയ്തീൻ സേവാമന്ദിർ പൂർത്തിയാകുമ്പോൾ അതിനു പിന്നിൽ എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ പ്രവർത്തകരും ഉണ്ടാകണമെന്നും ഇക്കാര്യത്തിൽ കാഞ്ചനമാല പിണക്കം മാറ്റണമെന്നും ദിലീപ് പറഞ്ഞിരുന്നു. മൊയ്തീൻ സിനിമയുടെ പ്രവർത്തകരോട് തനിക്കു ദേഷ്യമില്ലെന്നും എന്നാൽ അവരുടെ പ്രവൃത്തികൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കും വിധം തന്നെ അസ്വസ്ഥയാക്കിയെന്നും കാഞ്ചനമാല അ‌ന്ന് പറയുകയും ചെയ്തു.

ബി.പി. മൊയ്തീൻ സേവാമന്ദിറിന്റെ ശിലാസ്ഥാപന ചടങ്ങായിരുന്നു ദിലീപിന്റെ അഭ്യർഥനയ്ക്കും കാഞ്ചനമാലയുടെ മറുപടിക്കും വേദിയായത്. സേവാമന്ദിറിനായുള്ള കെട്ടിട നിർമാണത്തിന് സഹായവുമായി ആരും മുന്നാട്ടു വരുന്നില്ലെന്നു കണ്ടപ്പോഴാണ് ദിലീപ് അത് ഏറ്റെടുക്കുന്നത്. എന്നാൽ അതിനു ശേഷമാണ് മറ്റു പ്രശ്നങ്ങൾ കൂടി ഇതിനിടയിൽ ഉണ്ടെന്നു മനസിലായത്. നിയമകുരുക്കുവരെയെത്തി കാര്യങ്ങൾ എന്നും അറിഞ്ഞു. എന്ന് നിന്റെ മൊയ്തീൻ‍ സിനിമയുടെ സംവിധായകൻ ആർ. എസ്. വിമലിനോടും ചിത്രത്തിലെ നായകൻ പൃഥ്വിരാജിനോടും ദിലീപ് ഇക്കാര്യം സംസാരിച്ചിരുന്നു.